ആരുമറിയാതെ സ്വന്തം പെയിൻ്റിംഗ് ആർട്ട് ഗാലറിയിൽ തൂക്കി, മ്യൂസിയം ജീവനക്കാരനെ പുറത്താക്കി
സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് 51 -കാരനായ ജീവനക്കാരൻ തന്റെ പെയിന്റിങ്ങ് മ്യൂസിയത്തിനുള്ളിലേക്ക് കയറ്റിയത്. തുടർന്ന് ഇയാൾ ആരുമറിയാതെ പെയിന്റിങ് ഗാലറിയിൽ പ്രദർശനത്തിനായി സജ്ജീകരിച്ച മറ്റ് ചിത്രങ്ങൾക്കിടയിൽ തൂക്കുകയായിരുന്നു.
സ്വന്തം പെയിൻ്റിംഗ് ആർട്ട് ഗാലറിയിൽ തൂക്കിയ ജീവനക്കാരനെ പിരിച്ചുവിട്ട് ജർമ്മൻ മ്യൂസിയം. ജർമ്മനിയിലെ മ്യൂണിക്കിലെ പിനാകോതെക് ഡെർ മോഡേൺ മ്യൂസിയത്തിലാണ് സംഭവം. ഗാലറിയുടെ ഒരു ഭാഗത്ത്, പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടികൾക്കൊപ്പം ഒരു ദിവസം മുഴുവനും സ്വന്തം പെയിൻ്റിംഗുകളിലൊന്ന് രഹസ്യമായി തൂക്കിയിട്ട ജീവനക്കാരനെയാണ് മ്യൂസിയം അധികൃതർ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.
സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് 51 -കാരനായ ജീവനക്കാരൻ തന്റെ പെയിന്റിങ്ങ് മ്യൂസിയത്തിനുള്ളിലേക്ക് കയറ്റിയത്. തുടർന്ന് ഇയാൾ ആരുമറിയാതെ പെയിന്റിങ് ഗാലറിയിൽ പ്രദർശനത്തിനായി സജ്ജീകരിച്ച മറ്റ് ചിത്രങ്ങൾക്കിടയിൽ തൂക്കുകയായിരുന്നു. ജോലിയിൽനിന്ന് പിരിച്ച് വിട്ടതോടൊപ്പം ഇയാൾക്ക് ഇനിമേൽ ആർട്ട് ഗാലറിയിൽ പ്രവേശിക്കുന്നതിനും സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇയാൾക്കെതിരെ അനധികൃതമായി കലാസൃഷ്‌ടി പ്രദർശനത്തിന് വച്ചതിന് നാശനഷ്ടത്തിന് പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. തന്റെ ചിത്രങ്ങൾ തൂക്കിയിടാൻ ഇയാൾ ചുമരിൽ രണ്ട് ദ്വാരങ്ങൾ തുരന്നതിനാണ് നാശനഷ്ടത്തിന് കേസ് എടുത്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് തുടർനടപടികൾ തീരുമാനിക്കുമെന്നും മ്യൂണിക്ക് പോലീസ് ചീഫ് സൂപ്രണ്ട് ക്രിസ്റ്റ്യൻ ഡ്രെക്‌സ്‌ലർ വിശദീകരിച്ചു. രണ്ട് സ്ക്രൂകൾ ഉപയോഗിച്ച് പെയിൻ്റിംഗ് പ്രദർശന ഭിത്തിയിൽ ഘടിപ്പിച്ചതാണ് കേടുപാടുകൾ സംഭവിക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. മ്യൂണിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഇപ്പോൾ തുരന്ന ദ്വാരങ്ങൾ മൂലമുണ്ടായ ഈ സ്വത്ത് നാശത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. മൊത്തം നാശനഷ്ടം ഏകദേശം 100 യൂറോ (ഏകദേശം 8000 രൂപ) ആണ്. പെയിൻ്റിംഗ് പൊലീസ് പിടിച്ചെടുത്തു.
മാക്‌സ് ബെക്ക്മാൻ, പാബ്ലോ പിക്കാസോ, സാൽവഡോർ ഡാലി, ഹെൻറി മാറ്റിസ് തുടങ്ങിയ പ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന ജർമ്മനിയിലെ ഏറ്റവും വലിയ കലാ ശേഖരങ്ങളിലൊന്നാണ് പിനാകോതെക് ഡെർ മോഡേൺ.
(ചിത്രം പ്രതീകാത്മകം)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം