ലിപ്സ്റ്റിക്ക് ഉപയോഗിച്ച് യുവതിയുടെ ചിത്രം; അതിഗംഭീരമെന്ന് നെറ്റിസണ്‍സ്
ഗംഭീര ചിത്രമെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. സംഗതി എന്തായാലും ഇന്‍സ്റ്റാഗ്രാമടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട ഒരു ചിത്രം ഇതിനകം ഏറെ പേരുടെ ശ്രദ്ധയാകര്‍ഷിച്ചു. ഒരു സ്ത്രീയുടെ ചിത്രം വരയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. ലിപ്സ്റ്റിക്ക് ഉപയോഗിച്ചാണ് ചിത്രരചന. നിരവധി പേര്‍ പങ്കുവച്ച വീഡിയോ കണ്ട് മിക്കവരും ആശ്ചര്യം കൂറി. ഗംഭീര ചിത്രമെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. സംഗതി എന്തായാലും ഇന്‍സ്റ്റാഗ്രാമടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്. സമൂഹ്യമാധ്യമങ്ങളില്‍ തങ്ങളുടെ രചനകള്‍ പങ്കുവയ്ക്കുന്ന കലാകാരന്മാര്‍ കുറവല്ല. പെട്ടെന്ന് തന്നെ ഇത് ആളുകള്‍ക്കിടയില്‍ പ്രചരിക്കുകയും അഭിപ്രായം അറിയാനും സാധിക്കുമെന്നത് കൊണ്ട് കലാകാരന്മാരില്‍ മിക്ക ആളുകളും തങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നു.
ആദ്യമായി ഒരു യുവതിയുടെ മുഖത്തിന് നിറം നല്‍കാന്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നുവെന്ന് എഴുതി കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. മേശമേലിരിക്കുന്ന പേപ്പറില്‍ പെന്‍സിലുപയോഗിച്ച് വരച്ച ഒരു യുവതിയുടെ മുഖത്തിന്‍റെ ഛായ ചിത്രത്തിനാണ് @ricollinart_official എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുള്ള കലാകാരന്‍ ലിപ്സ്റ്റിക്ക് ഉപയോഗിച്ച് നിറം നല്‍കുന്നത്. 11,500-ലധികം ആരാധകരുള്ള ഈ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്‍റെ ഉടമ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള കലാകാരനാണ്. റിക്കോളിന്‍ തന്‍റെ ചിത്രം പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതുന്നു " "ലിപ്സ്റ്റിക് ഉപയോഗിച്ച് ചെയ്ത എന്‍റെ പ്രിയപ്പെട്ട പെയിന്‍റിംഗ്. ഒരു ചിത്രശലഭത്തിന്‍റെ ഇമോജിയും ചില മിന്നലുകളും ഉപയോഗിച്ച് ഇത് പൂർത്തിയാക്കി."
സെപ്റ്റംബര്‍ 24 ന് പങ്കുവച്ച ചിത്രം ഇതുവരെ 7,34,905 പേരാണ് ഇഷ്ടപ്പെട്ടത്. നിരവധി പേര്‍ കുറിപ്പെഴുതി. “എന്‍റെ കാലഹരണപ്പെട്ട ലിപ്സ്റ്റിക്കുകൾ നിങ്ങൾക്ക് അയച്ച് തന്നാൽ മാത്രമേ അവ ഉപയോഗപ്രദമാകൂ.” ഒരാളെഴുതി. "ഇത് വളരെ നല്ലതാണ്. പുനഃസൃഷ്ടിക്കാൻ നിങ്ങൾ എന്നെ പ്രചോദിപ്പിക്കുന്നു," എന്നാണ് മറ്റൊരാളെഴുതിയത്.