പ്രശസ്ത ചിത്രകാരന്മാരുടെ ഒറിജിനൽ പെയിന്റിംഗുകൾ ചവറ്റുകൊട്ടയിൽ, അന്വേഷണമാരംഭിച്ച് പൊലീസ്
ഛായാചിത്രങ്ങൾ വരയ്ക്കുന്നതിന് ബെലോട്ടി ഏറെ പ്രശസ്തനാണ്. സ്വിറ്റ്സർലൻഡിലെ ഗാലേരിയ കനേസോയുടെ അഭിപ്രായത്തിൽ, വെനീസിലും അതിനുമപ്പുറത്തും വളരെ പ്രധാനപ്പെട്ട കുടുംബങ്ങൾക്കായി അദ്ദേഹം ഛായചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
രണ്ട് ലോകപ്രശസ്ത ചിത്രകാരന്മാരുടെ ഒറിജിനലെന്ന് വിശ്വസിക്കപ്പെടുന്ന പെയിന്‍റിംഗുകള്‍ ചവറ്റുകൊട്ടയില്‍ കിടന്നു കിട്ടിയാലെന്താവും അവസ്ഥ? അത്തരമൊരു അവസ്ഥയിലാണ് തെക്കു-കിഴക്കന്‍ ജര്‍മ്മനിയിലെ പൊലീസുകാരും. ഈ പ്രശസ്തമായ, ഫ്രെയിം ചെയ്ത ഓയിൽ പെയിന്റിംഗുകൾ കഴിഞ്ഞമാസം ബവേറിയ മേഖലയിലെ ഒരു ഹൈവേ സർവീസ് സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത് ഒരു 64 -കാരനാണ്. ഇയാൾ പിന്നീട് പെയിന്റിംഗുകൾ പടിഞ്ഞാറൻ നഗരമായ കൊളോണിലെ പൊലീസിന് കൈമാറിയതായി പോലീസ് വകുപ്പ് അറിയിച്ചു.
ഉടനെ തന്നെ ഇത് ആരുടെ ഉടമസ്ഥയിലുള്ളതാണ് എന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒപ്പം തന്നെ ഇത് ചിത്രകാരന്മാർ വരച്ച ഒറിജിനൽ പ്രതി തന്നെയാണോ എന്നറിയാൻ ഒരു വിദഗദ്ധന്‍റെ സഹായവും തേടി. അദ്ദേഹം പറയുന്നത് ഇത് നല്ല ഒറിജിനല്‍ പെയിന്‍റിംഗ് തന്നെയാവണം എന്നാണ്. ഇറ്റാലിയൻ ആർട്ടിസ്റ്റ് പിയട്രോ ബെലോട്ടിയുടെ പുഞ്ചിരിക്കുന്ന സെല്‍ഫ് പോര്‍ട്രെയിറ്റാണ് കളഞ്ഞുകിട്ടിയ ചിത്രങ്ങളിലൊന്ന്. ഇത് 1665 -ലേതാണ് എന്ന് കരുതുന്നു.
ഛായാചിത്രങ്ങൾ വരയ്ക്കുന്നതിന് ബെലോട്ടി ഏറെ പ്രശസ്തനാണ്. സ്വിറ്റ്സർലൻഡിലെ ഗാലേരിയ കനേസോയുടെ അഭിപ്രായത്തിൽ, വെനീസിലും അതിനുമപ്പുറത്തും വളരെ പ്രധാനപ്പെട്ട കുടുംബങ്ങൾക്കായി അദ്ദേഹം ഛായചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. കർദിനാൾ ഓട്ടോബോണി, മിലാൻ ഗവർണർ എന്നിവരുൾപ്പെടെയുള്ളവരുടെ ഛായാചിത്രങ്ങള്‍ അതില്‍ പെടുന്നു.
ഡച്ച് ആർട്ടിസ്റ്റ് സാമുവൽ വാൻ ഹൂഗ്സ്ട്രാറ്റന്‍റെയാണ് ചവറ്റുകൊട്ടയില്‍ നിന്നും കിട്ടിയ മറ്റൊരു പെയിന്റിംഗ്. ആംസ്റ്റർഡാമിലെ റെംബ്രാൻഡിന് കീഴിൽ പരിശീലനം നേടിയ ഒരു ചിത്രകാരനും എഴുത്തുകാരനുമായിരുന്നു അദ്ദേഹം. 'ഇന്ട്രോഡക്ഷന്‍ ടു ദ ഹൈ സ്കൂൾ ഓഫ് ആർട്ട് ഓഫ് പെയിന്റിംഗ്' എന്ന പുസ്തകവും എഴുതി. അദ്ദേഹം മരിച്ച വർഷം 1678 -ലാണ് അത് പ്രസിദ്ധീകരിച്ചത്.
ഏതായാലും ഈ രണ്ട് പ്രശസ്തവും പ്രധാനവുമായ പെയിന്‍റിംഗുകള്‍ എങ്ങനെ റോഡരികിലെ ചവറ്റുകൊട്ടയിലെത്തി എന്ന അന്വേഷണം പുരോഗമിക്കുകയാണ് ജര്‍മ്മനിയില്‍.