Bunny Wailer Reggae legend and co founder of Wailers no more
Gallery Icon

ബോബ് മാർലിക്കൊപ്പം റെഗ്ഗെ സം​ഗീതത്തെ ലോകത്തിന് നൽകിയ ​​​ഗായകൻ, ഭൂമിയിലെ സം​ഗീതമവസാനിപ്പിച്ച് മടങ്ങുമ്പോൾ

റെഗ്ഗെ സംഗീതത്തെ ലോകത്തിന് സുപരിചിതമാക്കിയത് ബോബ് മാര്‍ലിയാണ്. മാര്‍ലിയുടെ സുഹൃത്തും, അർദ്ധസഹോദരനെ പോലെ കണക്കാക്കിയിരുന്നതുമായ ആളാണ് ബണ്ണി വെയ്‍ലർ. റെഗ്ഗെയുടെ പ്രധാന ശബ്ദങ്ങളിലൊരാൾ കൂടിയായിരുന്ന ബണ്ണി വെയ്ലര്‍ അന്തരിച്ചിരിക്കുന്നു. 73 -ാമത്തെ വയസിലാണ് അദ്ദേഹത്തിന്‍റെ മരണം. ജമൈക്കയിലെ കിങ്സ്റ്റണില്‍ നിന്നുള്ള ബണ്ണി വെയ്ലര്‍ ബോബ് മാര്‍ലിയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്തും 'വെയിലേഴ്സി'ന്‍റെ സ്ഥാപകാംഗങ്ങളിലൊരാളുമാണ്. റെഗ്ഗെയിലൂടെ അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജ്ജിച്ച ബണ്ണി വെയ്ലറിന് മൂന്ന് തവണ ഗ്രാമി പുരസ്കാരവും  2017 -ൽ ജമൈക്കയുടെ ഓർഡർ ഓഫ് മെറിറ്റും ലഭിച്ചു. മാനേജര്‍ മാക്സിന്‍ സ്റ്റോവ്, ജമൈക്കയുടെ സാംസ്കാരിക മന്ത്രി ഒലീവിയ ഗ്രാംഗേ എന്നിവര്‍ അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമല്ലെങ്കിലും 2020 -ജൂലൈയില്‍ ഒരു സ്ട്രോക്ക് ഉണ്ടായതിന് ശേഷം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരാധകരും സാംസ്കാരിക ലോകവും അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിച്ചു. ബോബ് മാർലി, പീറ്റർ ടോഷ്, ബണ്ണി വെയ്‍ലർ എന്നിവർ ചേർന്നാണ് 'വെയ്‍ലേഴ്സ്' രൂപീകരിക്കുന്നത്. അതിൽ ജീവനോടെയവശേഷിച്ചിരുന്നത് ബണ്ണി വെയ്‍ലർ മാത്രമായിരുന്നു. ഒടുവിലദ്ദേഹവും വിടവാങ്ങിയിരിക്കുന്നു.