'അന്ന് സ്‍കിറ്റ് ചെയ്‍താല്‍ കിട്ടുന്നത് നാരങ്ങവെള്ളവും ഒരു വടയും'; ശരത്ത് ഉണ്ണിത്താന്‍റെ വിശേഷങ്ങള്‍

രണ്ട് മാസം കഴിഞ്ഞപ്പോഴതാ, ഒരു സുപ്രഭാതത്തില്‍ എണീറ്റപ്പോള്‍ നോട്ടിഫിക്കേഷനോട് നോട്ടിഫിക്കേഷന്‍... വീഡിയോ കേറിയങ്ങ് വൈറലായി... നിറയെ മെന്‍ഷന്‍ അത്, ഇത് ഒന്നും പറയണ്ട... ഞാന്‍ തന്നെ സത്യത്തില്‍ ഞെട്ടിപ്പോയി.

meet the popular Gunda Binu, star of tiktok sharath unnithan

ഗുണ്ട ബിനു ഒരല്‍പം വ്യത്യസ്‍തനാണ്. ഈ 'ഗുണ്ട ബിനു, കണ്ണങ്കര കോളനി' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിക്ക് പകരം ചിരി വരുന്നതും അതുകൊണ്ടാവും. സാധാരണ, കൊമ്പന്‍മീശയും തലേക്കെട്ടുമൊക്കെയായി അയാളിങ്ങനെ നില്‍ക്കുമ്പോള്‍ 'ദേ ദിപ്പൊ ഇവിടെ എന്തെങ്കിലുമൊക്കെ നടക്കും' എന്നൊരു തോന്നലൊക്കെയുണ്ടാവണം. എങ്ങും കനത്ത നിശബ്‍ദത, മൊട്ടുസൂചി വീണാല്‍ പോലും കേള്‍ക്കാം. ഒന്നുകില്‍ ഒരലര്‍ച്ച, അല്ലെങ്കിലൊരു വെട്ടിക്കീറ് എന്നൊക്കെ ചിന്തിച്ചിരിക്കുന്ന നേരത്ത് ഈ ഗഡാഗഡിയന്‍ 'ഗോപാംഗനേ... ആത്മാവിലേ...' എന്ന പാട്ടിന് ഡാന്‍സ് ചെയ്യുന്ന ഭാവമിട്ടാലോ? അതാണ് ശരത്ത് ഉണ്ണിത്താന്‍ ചെയ്‍തത്.

ഗുണ്ട ബിനുവായിട്ടാണ് സോഷ്യല്‍ മീഡിയയിലുള്ളവര്‍ക്ക് ശരത്തിനെ പരിചയം... എന്നാല്‍, കൊച്ചിന്‍ ഗിന്നസിലടക്കം പ്രവര്‍ത്തിച്ച് പരിചയമുള്ള കലാകാരനാണ് ശരത്ത്. ഏതായാലും ഗുണ്ട ബിനു വൈറലായി. തന്‍റെ ബിനുവിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുകയാണ് അങ്ങ് അമേരിക്കയിലിരുന്ന് ശരത്ത്.

ടിക്ടോക്കിലേക്ക് വരുന്നത് പെങ്ങള് പറഞ്ഞിട്ട്

സോഷ്യല്‍ മീഡിയ ഒരു സംഭവമാണ്. സംഗതി നെഗറ്റീവൊക്കെ പറയാനുണ്ടെങ്കിലും ഒരുപാട് കലാകാരന്മാരെയും കഴിവുള്ളവരെയും നമുക്ക് ചിരപരിചിതരാക്കിയതില്‍ അതിനൊരു വലിയ പങ്കുണ്ട്. സ്റ്റേജിലും ചാനലിലും ഒക്കെ പരിചയമുണ്ടായിട്ടും ശരത്തിന്‍റെ ഗുണ്ട ബിനുവങ്ങ് വൈറലായത് സോഷ്യല്‍ മീഡിയയിലാണെന്നേ... ടിക്ടോക്കിന്‍റെ അതിവിശാല ലോകത്തേക്ക് ശരത്തിനെ കൈപിടിച്ചാനയിച്ചതാകട്ടെ അനിയത്തിയും.

''ഞാന്‍ ടിക്ടോക്കിലൊന്നുമുണ്ടായിരുന്നില്ല. പെങ്ങള് വാട്ട്സാപ്പില്‍ ടിക്ടോക് വീഡിയോ ഓക്കെ അയച്ചുതരും. അതുകണ്ടപ്പോ ഞാനവളോട് ചോദിച്ചു. ഇതെന്തുവാ സംഭവം? ഇതെങ്ങനാ എന്നൊക്കെ... അപ്പോ അവളാണ് പറയുന്നത്, ഒരുകാര്യം ചെയ്യ് ഇങ്ങനെയൊരു ആപ്പുണ്ട്, അത് ഡൗണ്‍ലോഡ് ചെയ്യ്. ആ അക്കൗണ്ടില്‍ കേറിയാല്‍ ഞാനിടുന്ന എല്ലാ വീഡിയോസും കാണാമെന്ന്. അങ്ങനെയാണീ ടിക്ടോക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത്. പെങ്ങള് തന്നെയാണ് പറയുന്നത് 'എടോ താനൊരു സോങ് ചെയ്യ്, അമ്മയെ ഡ്യുവറ്റ് ചെയ്യിക്കാം' എന്ന്. അങ്ങനെ ഞാനത് ചെയ്‍തു. ആകെ കിട്ടിയത് രണ്ടോ മൂന്നോ ലൈക്ക്. പക്ഷേ, അവിടെ നിര്‍ത്തിയില്ല. ഓരോരുത്തര്‍ക്ക് ഡ്യുവറ്റ് ചെയ്യാന്‍ തുടങ്ങി. പിന്നെ, ടിക്ടോക്കില്‍ സീരിയസായിട്ടുള്ള കഥാപാത്രങ്ങളൊക്കെയാണ് ഞാനും ആദ്യം ചെയ്‍തത്. നല്ല മേക്കപ്പൊക്കെ ഇട്ട് മേക്കോവര്‍ ഒക്കെ നടത്തുകയും ചെയ്‍തു. എന്നാല്‍, അതൊന്നും ആള്‍ക്കാരത്ര സ്വീകരിച്ചില്ല.''

ലൈക്കിന്‍റെ കാര്യത്തിലൊന്നും ഒരു പുരോഗതിയുമില്ലെന്ന് കണ്ടപ്പോ ശരത്തും പയ്യെ കളംമാറ്റിച്ചവിട്ടി.. അല്ലെങ്കിലും ഈ ആളുകള്‍ക്ക് ചിരിക്കാനാണല്ലോ ഇഷ്‍ടം. ഓഫീസ്, വീട്, കുടുംബം എന്നൊക്കെ പറഞ്ഞ് മടുത്ത് പണ്ടാരമടങ്ങിയിരിക്കുമ്പോള്‍ ആരാണ് ഒന്ന് ചിരിക്കാനാഗ്രഹിക്കാത്തത്.

''അങ്ങനെയാണ് എന്നാല്‍പിന്നെ ഈ സീരിയസ് ഒക്കെവിട്ട് കോമഡി ചെയ്യാമെന്ന് വിചാരിച്ചത്. ആര്‍ട്ടിസ്റ്റുകളായ കുറേ സുഹൃത്തുക്കളുണ്ടെനിക്ക്. അവരാണ് ഈ ഗുണ്ട ബിനു എന്ന കാരക്ടറിനെ ആള്‍ക്കാര്‍ക്കൊക്കെ ഇഷ്‍ടമാണല്ലോ, അത് മെയിന്‍റയിന്‍ ചെയ്‍ത് കൊണ്ടുപോയിക്കൂടേ എന്ന് ചോദിച്ചത്. മാത്രവുമല്ല എന്നെ പലരും മെസ്സേജില് വന്നിട്ടൊക്കെ 'ഗുണ്ട ബിനു...' എന്ന് വിളിക്കാറുണ്ട്. അങ്ങനെ ഈ ഗുണ്ട ബിനു ഒരു ഭാഗ്യമാണെന്ന് തോന്നി. ഇപ്പോ എന്‍റെ അമ്മ പോലും എന്നെ വിളിക്കുന്നത് ഗുണ്ട ബിനു എന്നാണ്.''

@sarath_unnithan

ഗുണ്ട ബിനുവിന്റെ ഇന്റർവ്യൂ😁#🎬🎥vellithira🎞 #comedystar #1millonaudition #malayalam #malaylamcomedy #mallumuser #malluguys #usmallu #mallu #malludue

♬ original sound - sarath_unnithan

കോമഡി സ്റ്റാര്‍സും അതിലെ ഗുണ്ടയും

വാനപ്രസ്ഥത്തിലെ കഥകളിയുടെ പുട്ടിയിട്ട് വരെ ടിക്ടോക്ക് ചെയ്‍തിട്ടുണ്ട് ശരത്ത്. പക്ഷേ, ആരും ശ്രദ്ധിച്ചില്ല. അപ്പോഴാണ് ഒരു കാര്യം ഓര്‍മ്മ വന്നതത്രെ.

''വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സില്‍ കോമഡി കസിന്‍സ് ടീം എന്നെ വിളിച്ചിരുന്നു. 'മഴ പെയ്‍താല്‍ കുളിരാണെന്ന്...' എന്ന പാട്ട് ഒരു ഗുണ്ട പാടുന്നതായിട്ടാണ് ചെയ്യേണ്ടത്. ഏതായാലും ആ ഗുണ്ടക്ക് അത്യാവശ്യം ചിരിയൊക്കെ കിട്ടി. അതിന്‍റെ ഓര്‍മ്മയുമുണ്ട് ഗുണ്ട ബിനു ചെയ്യുമ്പോള്‍. ആദ്യത്തെ വീഡിയോ ചെയ്‍തു, ഇട്ടു. പക്ഷേ, അന്നാരുമത് ശ്രദ്ധിച്ചൊന്നുമില്ല. വളരെ കുറച്ച് ലൈക്കൊക്കെയാണ് കിട്ടിയത്. രണ്ട് മാസം കഴിഞ്ഞപ്പോഴതാ, ഒരു സുപ്രഭാതത്തില്‍ എണീറ്റപ്പോള്‍ നോട്ടിഫിക്കേഷനോട് നോട്ടിഫിക്കേഷന്‍... വീഡിയോ കേറിയങ്ങ് വൈറലായി... നിറയെ മെന്‍ഷന്‍ അത്, ഇത് ഒന്നും പറയണ്ട... ഞാന്‍ തന്നെ സത്യത്തില്‍ ഞെട്ടിപ്പോയി.''

ഇതിനാണ് പറയുന്നത് ഓരോന്നിനും അതിന്‍റേതായ സമയമുണ്ട് ദാസാ.... ന്ന് അല്ലേ? ഏതായാലും സംഭവിച്ചതിതാണ്.

''ഞങ്ങള്‍ക്കൊരു ഗ്രൂപ്പുണ്ട്, വാട്ട്സാപ്പ് ഗ്രൂപ്പാണ് പേര് വെള്ളിത്തിര. അതൊരു ആക്ടിങ് വര്‍ക്ക് ഷോപ്പ് ഗ്രൂപ്പാണ്. അത് ടിക്ടോക്കിലെ ലൈക്കിനും കമന്‍റിനും വേണ്ടി മാത്രം തുടങ്ങിയ ഗ്രൂപ്പല്ല. പകരം അഭിനയകലയെ എങ്ങനെ പരിപോഷിപ്പിക്കാം എന്നൊക്കെ നോക്കുന്ന ഗ്രൂപ്പാണ്. അതില്‍ ഓരോ ടാസ്കൊക്കെ കൊടുത്ത് ചെയ്യാനൊക്കെ പറയും. അങ്ങനെ ഒരു ദിവസം ഞാന്‍ ചെയ്‍ത ഗുണ്ട ബിനു ഒരു കുട്ടി ഡ്യുവറ്റ് ചെയ്‍തു. എന്നെ നോക്കി ചിരിക്കുന്നതായാണ് ചെയ്‍തത്. ആ കുട്ടി രണ്ടുമാസത്തിനുശേഷം ഷെയര്‍ ചെയ്‍തപ്പോഴാണത് കേറി വൈറലായത്. ഏതായാലും വൈറലായതോടെ ആളുകള്‍ കൂടുതല്‍ കാണാന്‍ തുടങ്ങി. അപ്പോ എനിക്കും രസം തോന്നി. കൂടുതല്‍ ആ കഥാപാത്രത്തെ ഡെവലപ് ചെയ്യാനും വീഡിയോ ചെയ്യാനും തുടങ്ങി.''

അങ്ങനെ തിരുവനന്തപുരം സരിഗയില് പണ്ടൊരു പരസ്യത്തില്‍ വന്നുപോയ ഗുണ്ട ബിനു, കണ്ണങ്കര കോളനിയെ ശരത്തങ്ങേറ്റെടുത്തു.

@sarath_unnithan

അല്പം പാട്ടും നൃത്തവും പഠിക്കാൻ പോയതാണ്.. ഗുണ്ട ബിനു😁🤣#🎬🎥vellithira🎞 #comedystar #usmallu #mallumuser #malayalam #malluduet #mallu #malluguys

♬ original sound - sarathunnithan

 

അന്നത്തെ കൂലി ഒരു നാരങ്ങാവെള്ളവും ഒരു വടയും

സ്‍കൂളില്‍ നാടകം കളിച്ചും ഉത്സവപ്പറമ്പുകളില്‍ സ്‍കിറ്റ് കളിച്ചും നടന്നൊരു ഫ്ലാഷ് ബാക്ക് പറയാനുണ്ടാവും മിക്ക മിമിക്രി കലാകാരന്മാര്‍ക്കും. അവരെ പലരെയും വാര്‍ത്തെടുത്തതും ആ അനുഭവം തന്നെയാവും. ശരത്തിനുമുണ്ട് അത്തരം അനുഭവങ്ങള്‍.
 
''പത്തുകൊല്ലം ഞാന്‍ പ്രൊഫഷണലായി മിമിക്രി രംഗത്തുണ്ടായിരുന്നു... സ്‍കൂള്‍ സമയത്ത് നാടകം എഴുതുകയും സംവിധാനം ചെയ്യുകയും ഒക്കെ ചെയ്യും. അങ്ങനെ പയ്യെ നാട്ടിലുള്ള ചേട്ടന്‍റെ കൂടെക്കൂടി ഉത്സവത്തിനൊക്കെ കോമഡി ചെയ്യാന്‍ പോയി. അന്ന് ശമ്പളമൊന്നുമില്ല. സ്‍കിറ്റ് കളിക്കും, ഒരു നാരങ്ങാവെള്ളവും ഒരു വടയും കിട്ടും. ആദ്യത്തെ എന്‍റെ ശമ്പളം 100 രൂപയാണ്. അത് കിട്ടിയപ്പോ ഭയങ്കര സന്തോഷമായി. അതങ്ങനെത്തന്നെ അമ്മയ്ക്ക് കൊടുത്തു. അമ്മ കരഞ്ഞു... അതിനിടെയാണ് ദിനേഷ് കായംകുളം എന്ന സീനിയര്‍ ആര്‍ട്ടിസ്റ്റ് ഒരനുജനെപ്പോലെ എന്നെ കൊണ്ടുനടന്ന് മിമിക്രിയെക്കുറിച്ചെല്ലാം പഠിപ്പിക്കുന്നത്. കോമഡി സ്റ്റാറിലെത്തുന്നതും അങ്ങനെത്തന്നെ. വീട്ടില്‍ പറയാതെയാണ് അന്ന് പോയത്. സ്‍കിറ്റിലൊന്നും കേറാന്‍ പറ്റില്ല. കാരണം, വീട്ടില്‍ കണ്ടാല്‍ പ്രശ്‍നമാണ്. അങ്ങനെ ഒരുദിവസം റിഹേഴ്‍സല് നടന്നോണ്ടിരിക്കുമ്പോ കൊല്ലം സുധി എന്ന മിമിക്രി ആര്‍ട്ടിസ്റ്റ് എന്നോട് ചോദിച്ചു, എടാ, ഞങ്ങടെ സ്‍കിറ്റിലൊരു വേഷം ചെയ്യാമോ എന്ന്. വീട്ടിലറിഞ്ഞാ പ്രശ്‍നമാവുമല്ലോ എന്ന പേടിയുണ്ടായിരുന്നു പിന്നെ ചെയ്‍തു. പഠിത്തം കഴിഞ്ഞശേഷം തിരുവനന്തപുരം കലാഭവനിലൊക്കെ വന്നു. ചാനലുകളില്‍ പ്രോഗ്രാം ചെയ്‍തു. പിന്നെ കൊച്ചിന്‍ ഗിന്നസിലേക്ക് പ്രസാദേട്ടന്‍ വിളിക്കുന്നു. അവിടെ ഒരു വര്‍ഷം...''

ഗുണ്ട ബിനുവിന് കിട്ടുന്ന കമന്‍റുകളൊക്കെ ശരത്തിന് ഭയങ്കര സന്തോഷമാണ്. അന്ന് മിമിക്രി ചെയ്യുമ്പോള്‍ കിട്ടുന്ന ലൈവ് പ്രോത്സാഹനം പോലെ... തനിക്കീ സ്നേഹവും പ്രോത്സാഹനവും മതിയെന്ന് ശരത്ത് പറയുന്നു.

meet the popular Gunda Binu, star of tiktok sharath unnithan

 

''ഗുണ്ട ബിനുവിന് ഒരുപാട് കമന്‍റ് വരുന്നുണ്ട്. പൊസിറ്റീവാണ് കൂടുതല്‍. നെഗറ്റീവ് കുറവാണ്. പിന്നെ, ഒരു കഥാപാത്രം തന്നെ ചെയ്യുന്നതുകൊണ്ട് ആവര്‍ത്തന വിരസതയുണ്ടാവുന്നു എന്ന് പറയാറുണ്ട്. ഒരിക്കല്‍ ഒരാള്‍ 'എന്ത് ചെളിയാടോ, മാറ്റിപ്പിടിയെടോ' എന്ന് വൈറലായ വീഡിയോക്ക് ഒരു കമന്‍റിട്ടിരുന്നു. അതിനുമാത്രം മറുപടി നല്‍കി. 'സഹോദരാ അടുത്ത വീഡിയോയില്‍ നന്നാക്കാം' എന്ന്. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ ആ വീഡിയോ നടന്മാരായ ജയസൂര്യയും ഉണ്ണി മുകുന്ദുമൊക്കെ ഒഫീഷ്യല്‍ പേജില്‍ ഷെയര്‍ ചെയ്‍തു.''

''ഞങ്ങളിങ്ങനെ നമ്മുടെ സീനിയേഴ്‍സിനെയൊക്കെ കണ്ട് ഓരോന്ന് പഠിച്ചും ചെയ്‍തും വരുന്നതല്ലേയുള്ളൂ. എല്ലാവരുടെയും പ്രോത്സാഹനമാണ് ശക്തി. കൊറേപ്പേര് സ്നേഹം അറിയിക്കാറുണ്ട്. പിന്നെ, എനിക്കേറ്റവും സന്തോഷം തരുന്ന കമന്‍റ് ഏതാണെന്ന് ചോദിച്ചാല്‍, അതെന്‍റെ പെങ്ങളുടെ കമന്‍റ് തന്നെയാണ്. 'ചേട്ടച്ചാ ഉമ്മ...' എന്നൊക്കെ കമന്‍റ് കാണുമ്പോ ഭയങ്കര സന്തോഷം വരും... അവളെ കണ്ടിട്ട് നാല് കൊല്ലമായി.''

അമേരിക്കയില്‍ നിന്നൊരു തിരിച്ചുവരവുണ്ടാവ്വോ...

നാട്ടിലേക്ക് വരുമ്പോള്‍ ഒരു സിനിമയും കൊണ്ടുവരണമെന്നാണ് ശരത്തിന്‍റെ ആഗ്രഹം. ഏതായാലും ഗുണ്ട ബിനുവിനെ കണ്ടിട്ടാവണം സിനിമാക്കാരൊക്കെ കോണ്ടാക്ട് ചെയ്യുന്നുണ്ട് ശരത്തിനെ.

meet the popular Gunda Binu, star of tiktok sharath unnithan

 

''ഒരുപാട് സിനിമാക്കാരൊക്കെ കോണ്ടാക്ട് ചെയ്യാറുണ്ട്. പക്ഷേ, അമേരിക്കയില്‍നിന്ന് വരാനാവാറില്ല. നാല് കൊല്ലമായി അമേരിക്കയില്‍ ജോലി കിട്ടിയിട്ട്. നാട്ടിലേക്ക് വരണം. സിനിമ എഴുതുകയാണ് സ്വപ്‍നം. എഴുതിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന ആശ അനില്‍ എന്നൊരു ചേച്ചിയും കൂടിയാണ് എഴുതുന്നത്. ചേച്ചിയുടെ ത്രെഡ്ഡാണ്. നാട് മാവേലിക്കരയാണ്. അച്ഛന്‍ സുരേഷ്, അമ്മ അംബിക. പെങ്ങള്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാണ് ശരണ്യ. കല്ല്യാണമൊന്നും കഴിഞ്ഞിട്ടില്ല. എനിക്ക് കല്ല്യാണപ്രായമാണ്. പെണ്ണൊക്കെ നോക്കുന്നുണ്ട്...''

(കല്ല്യാണക്കാര്യം പറഞ്ഞപ്പോള്‍ ശരത്തിന്‍റെ ശബ്‍ദത്തില്‍ ചെറിയൊരു നാണമില്ലേയെന്നൊരു സംശയം തോന്നാതിരുന്നില്ല...)

Latest Videos
Follow Us:
Download App:
  • android
  • ios