ലക്സംബര്‍ഗ് ഹോട്ടലിലെ ആ കൊലപാതകങ്ങളും കൂടത്തായി കൊലപാതകപരമ്പരയും...

ഒരു നവംബര്‍ രണ്ടിനാണ്... ഏഴുപേര്‍ ചേര്‍ന്ന് ലക്സംബര്‍ഗിലെ ഒരു റെസ്റ്റോറന്‍റിലിരുന്ന് ഭക്ഷണം കഴിക്കുകയാണ്. അതില്‍ റോസ്മേരി ബാര്‍ട്ടണ്‍ എന്നൊരു സ്ത്രീ അവിടെവച്ച് ഭക്ഷണം കഴിച്ചതിനുപിന്നാലെ മരിക്കുന്നു. 

Koodathai murder and  Agatha Christies sparkling cyanide

1945 ഫെബ്രുവരിയിലാണ് പ്രശസ്‍ത ബ്രിട്ടീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ അഗതാ ക്രിസ്റ്റിയുടെ സ്‍പാര്‍ക്ലിങ് സയനൈഡ് (sparkling cyanide) എന്ന പുസ്‍തകമിറങ്ങുന്നത്. സയനൈഡ് നല്‍കിയുള്ള കൊലപാതകങ്ങളും അതിനെത്തുടര്‍ന്നുള്ള അന്വേഷണവും ഇപ്പോള്‍ ചര്‍ച്ചയാവാന്‍ കാരണം കൂടത്തായി കേസ് തന്നെ. ഒപ്പം സോഷ്യല്‍മീഡിയയിലടക്കം സയനൈഡ് സ്‍പാര്‍ക്ലിങ്ങിനെ കുറിച്ചും അഗതാ ക്രിസ്റ്റിയേ കുറിച്ചും പരാമര്‍ശിക്കപ്പെടുന്നു. ഏറ്റവും പ്രശസ്തമായ കുറ്റാന്വേഷണ കൃതികളെഴുതിയ അഗതാ ക്രിസ്റ്റിയെ പോലും ഞെട്ടിക്കുന്നതാണ് കൊലപാതകമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഭക്ഷണത്തില്‍ സയനൈഡ് നല്‍കിയാണ് കൂടത്തായിയില്‍ ആറുപേരെ കൊലപ്പെടുത്തിയത്. 

ഏകദേശം സമാനമായ കൊലപാതക രീതി തന്നെയാണ് സയനൈഡ് സ്‍പാര്‍ക്ലിങ്ങിലേയും. റിമമ്പേര്‍ഡ് ഡെത്ത് (Remembered Death) എന്ന പേരിലും പുസ്‍തകം പുറത്തിറങ്ങിയിട്ടുണ്ട്. സാധാരണയായി അഗതാ ക്രിസ്റ്റിയുടെ നോവലില്‍ കണ്ടുവരുന്ന ഡിറ്റക്ടീവുകള്‍ക്ക് പകരം കേണല്‍ റേസ് എന്നൊരാളുടെ ഇടപെടലുകളാണ് സ്‍പാര്‍ക്ലിങ് സയനൈഡിലെ കൊലപാതകം തെളിയിക്കുന്നതിലേക്കെത്തിക്കുന്നത്. യെല്ലോ ഐറിസ് (Yellow Iris) എന്ന ചെറുകഥയില്‍ നിന്നാണ് നോവല്‍ വികസിപ്പിച്ചിരിക്കുന്നത്. 

സ്‍പാര്‍ക്ലിങ് സയനൈഡ്

ഒരു നവംബര്‍ രണ്ടിനാണ്... ഏഴുപേര്‍ ചേര്‍ന്ന് ലക്സംബര്‍ഗിലെ ഒരു റെസ്റ്റോറന്‍റിലിരുന്ന് ഭക്ഷണം കഴിക്കുകയാണ്. അതില്‍ റോസ്മേരി ബാര്‍ട്ടണ്‍ എന്നൊരു സ്ത്രീ അവിടെവച്ച് ഭക്ഷണം കഴിച്ചതിനുപിന്നാലെ മരിക്കുന്നു. എല്ലാവരും കരുതുന്നത് അത് ആത്മഹത്യയാണ് എന്നാണ്. ആറ് മാസങ്ങള്‍ക്ക് ശേഷം റോസ്‍മേരിയുടെ ഭര്‍ത്താവ് ജോര്‍ജ്ജിന് ഒരു കത്ത് ലഭിക്കുന്നു അതില്‍ പറയുന്നത് റോസ്മേരി മരിച്ചതല്ല പകരം അത് ഒരു കൊലപാതകമായിരുന്നു എന്നുമാണ്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിക്കുകയാണ് ജോര്‍ജ്ജ്. അതിനായി അതേ റെസ്റ്റോറന്‍റില്‍വെച്ച് അതേ ആളുകളുടെ കൂടെ അതുപോലൊരു ഡിന്നര്‍ വിരുന്ന് സംഘടിപ്പിക്കുവാന്‍ ജോര്‍ജ്ജ് തീരുമാനിക്കുന്നു. റോസ്മേരിക്ക് പകരം ഏകദേശം അതുപോലെയുള്ള ഒരു നടിയേയും ഏര്‍പ്പാടാക്കുന്നു. എന്നാല്‍, ആ നടിയെത്തുന്നില്ല, മാത്രമല്ല ആ റെസ്റ്റോറന്‍റില്‍വെച്ച് ഭാര്യ മരിച്ച അതുപോലെ തന്നെ ജോര്‍ജ്ജും മരിക്കുന്നു. പക്ഷേ, നേരത്തെ തന്നെ തന്‍റെ സുഹൃത്ത് കേണല്‍ റേസിനോട് ജോര്‍ജ്ജ് തന്‍റെ പ്ലാനിനെ കുറിച്ച് വിശദമാക്കിയിരുന്നു.

Koodathai murder and  Agatha Christies sparkling cyanide

അഗതാ ക്രിസ്റ്റി 

റോസ്മേരിയുടെ അമ്മാവന്‍റെ സ്വത്തിന് അവകാശിയാണവര്‍. റോസ്മേരി മരിക്കുകയാണെങ്കില്‍ മക്കളില്ലാത്തതിനാല്‍ ആ സ്വത്ത് അവളുടെ ഇളയ സഹോദരി ഐറിസില്‍ എത്തിച്ചേരും. ഐറിസ് അവിവാഹിതയായി തന്നെ മരിക്കുകയാണെങ്കില്‍ എല്ലാ പണവും അവരുടെ ഒരേയൊരു ബന്ധുവായ ലൂസില്ല എന്ന ആന്‍റിയിലെത്തിച്ചേരും. എന്നാല്‍, ലൂസില്ല ഒരു മാന്യയായ വ്യക്തിയാണ്. പക്ഷേ, അവര്‍ക്ക് തെമ്മാടിയായ ഒരു മകനുണ്ട്. പേര് വിക്ടര്‍. അന്വേഷണത്തില്‍ മനസിലായ ഒരു കാര്യം ശരിക്കും കൊലപാതകി ലക്ഷ്യം വെച്ചിരുന്നത് ഐറിസിനെയാണ്. ജോര്‍ജ്ജിന്‍റെ വിശ്വസ്തയായ സെക്രട്ടറിയാണ് റൂത്ത് ലെസ്സിങ്. ഒരു വര്‍ഷമായി അവര്‍ വിക്ടറുമായി പ്രണയത്തിലാണ്. റൂത്താണ് ജോര്‍ജ്ജിന് റോസ്മേരി കൊല്ലപ്പെട്ടതാണ് എന്നുപറഞ്ഞ് കത്തെഴുതിയത്. ഡിന്നര്‍ വീണ്ടും ആ കൊലപാതകരംഗം ആവര്‍ത്തിക്കാന്‍ ജോര്‍ജ്ജിനെ ഉപദേശിക്കുന്നതും. അവിടെവച്ച് റോസ്മേരിയെ കൊലപ്പെടുത്തിയതുപോലെ ഐറിസിനെയും കൊല്ലാമെന്നാണ് റൂത്തും വിക്ടറും കരുതിയത്. ഡിന്നറിന് ശേഷം ഐറിസിനെ കൊല്ലാനുള്ള റൂത്തിന്‍റെ ശ്രമങ്ങളും മറ്റുമായി പോകുന്നു സ്‍പാര്‍ക്ലിങ് സയനൈഡ്.

ഏതായാലും കൂടത്തായി കൊലപാതകത്തിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അഗതാ ക്രിസ്റ്റി സ്‍പാര്‍ക്ലിങ് സയനൈഡ് എഴുതുന്നത്. അതും ഏതോ ഒരു ദേശത്തിരുന്ന്. ഇന്ന്, മലയാളികളെയാകെ ഞെട്ടിച്ചുകൊണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന ഒരു കൊലപാതകത്തിന്‍റെയടക്കം വിവരങ്ങള്‍ പുറത്ത് വരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios