മാറേണ്ടത് നമ്മളല്ല, ചുറ്റുമുള്ളവരുടെ കാഴ്ചപ്പാടാണ്, ആത്മവിശ്വാസത്തിന്റെ പ്രതീകമായി ഇവൾ
അതിനവളെ പ്രാപ്തയാക്കിയത് അവളുടെ അമ്മ തന്നെയാണ്. അമ്മ ഒരിക്കലും പ്രതീക്ഷ കൈവിടാന്‍ തന്നെ അനുവദിച്ചിരുന്നില്ല എന്ന് അവള്‍ പറയുന്നു.
'മാറേണ്ടത് നമ്മളല്ല, മറ്റുള്ളവരുടെ കാഴ്ചപ്പാടാണ്' ഇതാണ് ദാമിനി സെന്നിന് ഈ ലോകത്തോട് പറയാനുള്ളത്. 'മറ്റേതൊരാളെപ്പോലെയും തന്നെയാണ് നിങ്ങളുമെന്ന് ചിന്തിക്കൂ, നിങ്ങള്‍ക്ക് വിജയിക്കാനാവും' എന്നും ദാമിനി പറയുന്നു. ദാമിനി റായ്പൂരിലാണ് താമസിക്കുന്നത്. ജനിക്കുമ്പോള്‍ തന്നെ അവള്‍ക്ക് കൈകളില്ലായിരുന്നു. എന്നാല്‍, ആത്മവിശ്വാസം അവള്‍ക്ക് കൂട്ടായി. അത് അവളുടെ ജീവിതത്തിലെ പ്രകാശമാകുന്നു ഇന്ന്.
വരയ്ക്കുന്നതും എഴുതുന്നതുമടക്കം എല്ലാം അവള്‍ കാലുകള്‍ കൊണ്ട് ചെയ്യുന്നു. ദാമിനിയുടെ നിരവധി വിജയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നേട്ടവുമുണ്ട്. ഒരു മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ഡ്രോയിംഗുകൾ (38) കാൽവിരലുകൾ ഉപയോഗിച്ച് വരച്ചതിന് ലോക റെക്കോർഡ്. ഈ നേട്ടം 2015 ലെ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്. ''പെയിന്റിംഗ് എന്റെ ഹോബിയാണ്. മറ്റേതൊരു വ്യക്തിയും അവന്റെ / അവളുടെ കൈകൾ ഉപയോഗിച്ച് വരയ്ക്കുന്നതുപോലെ ഞാനെന്റെ കാൽവിരലുകൾ ഉപയോഗിച്ചാണ് വരയ്ക്കുന്നത്. ഞാൻ അത് ആസ്വദിക്കുന്നു, സമയം കിട്ടുമ്പോഴെല്ലാം അത് പരിശീലിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”അവൾ പറയുന്നു.
കൂടാതെ, പത്താം ക്ലാസിൽ 80 ശതമാനം മികച്ച നേട്ടം കൈവരിച്ച ദാമിനി, പരീക്ഷകളെല്ലാം കാൽവിരലുകൊണ്ടാണ് എഴുതിയത്. തന്റെ ദൈനംദിന ജോലികൾ സ്വയം ചെയ്യുന്നതിൽ ദാമിനി സമർത്ഥയാണ്. ഭക്ഷണം തയ്യാറാക്കുക, വസ്ത്രം ധരിക്കുക എല്ലാം അതില്‍ പെടുന്നു.
അതിനവളെ പ്രാപ്തയാക്കിയത് അവളുടെ അമ്മ തന്നെയാണ്. അമ്മ ഒരിക്കലും പ്രതീക്ഷ കൈവിടാന്‍ തന്നെ അനുവദിച്ചിരുന്നില്ല എന്ന് അവള്‍ പറയുന്നു. മറ്റാരും തന്നെ മാറ്റിനിര്‍ത്താതിരിക്കാനും സ്വയം പര്യാപ്തയാവാനും അമ്മ തന്നെ സഹായിച്ചുവെന്നും അവള്‍ പറയുന്നു. ദാമിനിയെ എന്തൊക്കെ പഠിപ്പിക്കേണമോ അതെല്ലാം അമ്മ മാധുരി ആദ്യം ചെയ്തു.
ഇന്ന് അവളുടെ ഏറ്റവും പ്രിയപ്പെട്ട കാര്യം വരയാണ്. അത് മനസിലാക്കി അമ്മയും അച്ഛനും സഹോദരങ്ങളും അടങ്ങുന്ന കുടുംബം അവള്‍ക്കൊപ്പമുണ്ട്. ആത്മവിശ്വാസത്തിന്‍റെ പ്രതിരൂപമാണ് ദാമിനി എന്ന് പറയാതെ വയ്യ.