ഡാന്‍സറാകണം, ഓട്ടോഡ്രൈവറുടെ മകനെ ലണ്ടനില്‍ അയച്ച് പഠിപ്പിക്കാന്‍ നാട്ടുകാര്‍!

വളരെ അര്‍പ്പണമനോഭാവമുള്ള വിദ്യാര്‍ത്ഥിയായിരുന്നു കമലെങ്കിലും അവന്‍റെ മാതാപിതാക്കള്‍ക്ക് അവനെ വേണ്ടപോലെ പഠിപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നില്ല. 

inspiring story of ballet dancer kamal singh

'എനിബഡി കാന്‍ ഡാന്‍സ്' എന്ന സിനിമ കണ്ടപ്പോഴാണ് കമല്‍ സിംഗിന് ആദ്യമായി നൃത്തത്തോട് പ്രണയം തോന്നുന്നത്. യാഥാസ്ഥിതിക സിഖ് കുടുംബത്തിലെ അംഗമായിരുന്ന കമലിന് ബിഗ് സ്ക്രീനില്‍ കണ്ടിട്ട് തന്നെയാണ് ബാലെയോട് (Ballet) ഇഷ്ടം തോന്നുന്നതും. അന്ന് തോന്നിയ ഇഷ്ടത്തോട് അറിയാതെ പോലും പിന്നീടൊരിക്കലും അവന്‍ ഗുഡ്ബൈ പറഞ്ഞിട്ടില്ല. ഇന്ന് ഈ ഇരുപതുകാരന്‍ ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ച തുകയുപയോഗിച്ച് ലണ്ടനിലെ ഇംഗ്ലീഷ് നാഷണല്‍ സ്കൂള്‍ ഓഫ് ബല്ലറ്റില്‍ ചേര്‍ന്നിരിക്കുകയാണ്. അത് അവന്‍റെ ബാലെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കും.

കമലിന്‍റെ സമുദായത്തെ സംബന്ധിച്ച് അംഗീകരിക്കാവുന്ന ഒന്നായിരുന്നില്ല ബാലെ. ദില്ലിയിലെ ഒരു ഇ-റിക്ഷ ഡ്രൈവറുടെ മകനെന്ന നിലയില്‍ സമൂഹത്തിന്‍റെ എതിര്‍പ്പുകളെ മാത്രമല്ല, സാമ്പത്തികമായ പരാധീനതകളെയും അവന് നേരിടേണ്ടി വന്നിരുന്നു. ബാലെ പരിശീലിക്കുക, അതിനായി നല്ല ഏതെങ്കിലും സ്ഥാപനത്തില്‍ തന്നെ ചേര്‍ന്ന് പരിശീലിക്കുക എന്നതെല്ലാം വളരെയധികം ചെലവ് വരുന്ന കാര്യമാണ്. ഒടുവില്‍ മറ്റ് വഴിയൊന്നുമില്ലാതായപ്പോഴാണ് ക്രൗഡ് ഫണ്ടിംഗിലേക്ക് തിരിയുന്നത്. അങ്ങനെ 45 ദിവസത്തെ ഡെഡ്‍ലൈനില്‍ത്തന്നെ ആവശ്യത്തിന് തുക സമാഹരിക്കാനാവുകയും 19 -ന് ബാലെ അഭ്യസിക്കാനായി കമല്‍ യു കെ-യിലേക്ക് പോവുകയും ചെയ്തിരിക്കുകയാണ്.

ബാലെയുടെ ലോകത്തിലേക്കുള്ള കമലിന്‍റെ യാത്ര തുടങ്ങുന്നത് ദില്ലിയില്‍ ബല്ലറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്ന ഫെര്‍ണാഡോ അഗ്വിലേറയെ കണ്ടുമുട്ടിയപ്പോഴാണ്. അങ്ങനെ കമല്‍ ഫെര്‍ണാഡോയുടെ ക്ലാസില്‍ ചേരുന്നു. ക്ലാസില്‍ ചേര്‍ന്ന് കഴിഞ്ഞപ്പോള്‍ തന്നെ താനും ബാലെയും തമ്മിലെന്തോ ഒരു ബന്ധമുണ്ട് എന്ന് കമലിന് തോന്നിത്തുടങ്ങി. ക്ലാസിക്കല്‍ മ്യൂസിക് കേള്‍ക്കാന്‍ വലിയ താല്‍പര്യമൊന്നും ഇല്ലാതിരുന്ന കമലിന് ആ സംഗീതത്തിനൊത്ത് തന്‍റെ ശരീരം ചലിക്കുന്നതിലെ മാന്ത്രികത നേരിലറിയാനായി. പതിനേഴാമത്തെ വയസ്സായിരുന്നു എന്നതിനാല്‍ത്തന്നെ ബാലെയില്‍ വളരെ വൈകി മാത്രം ചേര്‍ന്ന ഒരാളായിരുന്നു കമല്‍. എന്നാല്‍, കായിക ഇനങ്ങളിലും ഭാംഗ്രയിലുമുള്ള കഴിവ് അവനെ തുണച്ചു. ബാലെ പാഠങ്ങള്‍ അവന്‍ എളുപ്പത്തില്‍ പഠിച്ചെടുത്തു. 'ഈ ആണ്‍കുട്ടിയില്‍ എന്തോ ഒരു പ്രത്യേകത ഉണ്ട് എന്ന് ആദ്യദിവസത്തെ ക്ലാസില്‍ തന്നെ എനിക്ക് തോന്നിയിരുന്നു' എന്ന് ഫെര്‍ണാഡോ പറയുന്നു. തുടക്കക്കാര്‍ക്കൊപ്പം പരിശീലനം നല്‍കിയെങ്കിലും വളരെ പെട്ടെന്ന് തന്നെ അവന്‍ പ്രഫഷണലുകളുടെ നിരയിലേക്ക് ഉയര്‍ന്നു.

വളരെ അര്‍പ്പണമനോഭാവമുള്ള വിദ്യാര്‍ത്ഥിയായിരുന്നു കമലെങ്കിലും അവന്‍റെ മാതാപിതാക്കള്‍ക്ക് അവനെ വേണ്ടപോലെ പഠിപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നില്ല. ഫെര്‍ണാഡോയാണ് അവന് ഒരു സ്കോളര്‍ഷിപ്പിനുള്ള അവസരമുണ്ടാക്കി നല്‍കുന്നത്. കുറച്ച് വര്‍ഷത്തെ പരിശീലനങ്ങള്‍ക്ക് ശേഷം 2019 -ല്‍ കമലിന് സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ വാഗനോവ അക്കാദമി ഓഫ് റഷ്യന്‍ ബല്ലറ്റില്‍ സമ്മര്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. തന്‍റെ സ്ഥാപനത്തിന്‍റെയും മറ്റും സഹായത്തോടെയാണ് അവനവിടെ ചെല്ലുന്നത്. തനിച്ച് ഒരു പ്രകടനം കാഴ്ച വയ്ക്കാനും അവനന്ന് സാധിച്ചു. 2020 -ലാകട്ടെ ലോക്ക്ഡൗണ്‍ വന്നതോടെ 25 കിലോമീറ്റര്‍ ദൂരെയുള്ള തന്‍റെ ഡാന്‍സ് സ്റ്റുഡിയോയിലേക്ക് പോകാനോ പരിശീലനം നടത്താനോ ഒന്നും പറ്റാത്തതിന്‍റെ വേദനയിലായിരുന്നു കമല്‍. അവിടെയും സഹായത്തിനെത്തിയത് അധ്യാപകനായ ഫെര്‍ണാഡോ തന്നെയാണ്. എങ്ങനെ ബാലെ കളിക്കാം എന്നതിലുപരി ഒരു ബാലെ ഡാന്‍സര്‍ എങ്ങനെ ഇരിക്കണം, എങ്ങനെ നില്‍ക്കണം, എങ്ങനെ സംസാരിക്കണം എന്നതിലെല്ലാം അദ്ദേഹം കമലിനെ പരിശീലിപ്പിച്ചു.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് കമല്‍ പ്രോഫഷണല്‍ കോഴ്സിനുവേണ്ടി അപേക്ഷിക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍, പലയിടത്തും അവന് പ്രവേശനം ലഭിച്ചില്ല. എന്നാല്‍, അപ്രതീക്ഷിതമായി ഇംഗ്ലീഷ് നാഷണല്‍ ബല്ലറ്റ് സ്കൂളില്‍ നിന്നും ഒരു കത്ത് അവനെ തേടിയെത്തി. അവരാകെ അമ്പരന്നുപോയി. ഒരു പ്രൊഫഷണല്‍ ഡാന്‍സറാവുന്നതിന് തൊട്ടുമുമ്പുള്ള നാഴികക്കല്ലാവും ഈ അവസരമെന്നാണ് കമല്‍ കരുതുന്നത്. എന്നാല്‍, ഏകദേശം എട്ട് ലക്ഷത്തിനടുത്ത് രൂപ പരിശീലനം പൂര്‍ത്തിയാക്കാന്‍ ആവശ്യമായിരുന്നു. അങ്ങനെയാണ് ക്രൗഡ് ഫണ്ടിംഗ് തുടങ്ങുന്നതും. രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ തുക കിട്ടി. ഋത്വിക് റോഷന്‍റെ പ്രൊഡക്ഷന്‍ ഹൗസ് മൂന്ന് ലക്ഷം രൂപയാണ് നല്‍കിയത്. 'താന്‍ പരിശീലനം നേടാന്‍ പോകുന്നത് തനിക്ക് വേണ്ടി മാത്രമല്ലെന്നും തന്നെപ്പോലെ അനേകം പേര്‍ക്ക് അതൊരു പ്രചോദനമാവുമെന്നാണ് കരുതുന്നത്' എന്നും കമല്‍ പറയുന്നു.

ഇന്ത്യയിലെ സാധാരണക്കാരായ എല്ലാ മാതാപിതാക്കളെയും പോലെ എന്‍റെ മാതാപിതാക്കളും എന്നെ ഒരു എഞ്ചിനീയറോ ഡോക്ടറോ ഒക്കെ ആക്കണം എന്നും ജീവിതം സെറ്റില്‍ ചെയ്യണം എന്നുമാണ് കരുതിയിരുന്നത്. എന്നാല്‍, ഇന്ന് തനിക്ക് കിട്ടിയിരിക്കുന്ന അവസരം അവരെ ഏറെ അഭിമാനമുള്ളവരാക്കിത്തീര്‍ത്തിരിക്കുന്നുവെന്നും കമല്‍ പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios