കുട്ടിക്കാലത്തെ അവഗണന, പരിഹാസം, ഉയിർത്തെഴുന്നേൽപ്പ്; ഇന്ത്യയിലെ പ്രശസ്‍തയായ ആർക്കിടെക്ടിന്റെ ജീവിതം

ഒറ്റയ്ക്ക് ഒരു കമ്പനി ആരംഭിച്ചപ്പോള്‍ ജോലി അത്ര എളുപ്പമായിരുന്നില്ല എന്നും ആതിക പറയുന്നുണ്ട്. പുരുഷാധിപത്യമുള്ള ഒരു മേഖലയില്‍ ഒരു സ്ത്രീക്ക് കാലുറപ്പിക്കുക എന്നത് കുറച്ച് പ്രയാസം തന്നെയായിരുന്നു.

inspiring story of Aatika Manzar

ദില്ലി ആസ്ഥാനമായുള്ള ആർക്കിടെക്റ്റും ഇന്റീരിയർ ഡിസൈനറുമായ ആതിക മൻസാർ ഇതുവരെ 150 -ലധികം പ്രോജക്ടുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അവളുടെ ഏറ്റവും പുതിയ പ്രോജക്റ്റിൽ രാജ്യത്തെ ആദ്യത്തെ, എല്ലാവർക്കും ഒരുപോലെ കടന്നു ചെല്ലാവുന്ന ബുക്ക് കഫെ മെറാക് രൂപകൽപ്പന ചെയ്‍തതും ഉൾപ്പെടുന്നു. 

ഓരോ സ്ഥലത്തിനും ഓരോ കഥ പറയാനുണ്ടാവും. നമ്മുടെ വീടുകളെപ്പോലെ മറ്റ് സ്ഥാപനങ്ങളും അതിന്റെ രൂപത്തിലൂടെ അതിന്റെ ലക്ഷ്യത്തെ  കുറിച്ച് കാണുന്നവരില്‍ ഒരു ബോധമുണ്ടാക്കണം അല്ലേ. ദില്ലി ആസ്ഥാനമായുള്ള ആർക്കിടെക്റ്റും ഇന്റീരിയർ ഡിസൈനറുമായ ആതിക മൻസാർ അത് ചെയ്യാൻ തന്‍റെ ക്ലയന്റുകളെ സഹായിക്കുന്ന ഒരാളാണ്. തന്‍റെ കഴിവിലൂടെ ഒഴിഞ്ഞിരുന്ന സ്ഥലങ്ങള്‍ അതിമനോഹരമായ ഇടങ്ങളാക്കി മാറ്റുകയാണ് ആതിക. 150 -ലധികം പ്രൊജക്ടുകള്‍ ആതിക ഇങ്ങനെ ചെയ്‍തു കഴിഞ്ഞു. പക്ഷേ, അതിലേക്കുള്ള അവളുടെ യാത്ര അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. 

“എന്റെ കണ്ണ്, ചരിഞ്ഞ മൂക്ക്, ചുണ്ടുകൾ എന്നിവ കാരണം എനിക്ക് ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. ഞാൻ മറ്റ് കുട്ടികളെപ്പോലെ ആയിരുന്നില്ല കാണാന്‍. എന്റെ മാതാപിതാക്കൾക്ക് അതുകൊണ്ട് കാര്യങ്ങൾ കഠിനമായിരുന്നു. സ്കൂളിലെ കുട്ടികളും പാർക്കുകളിലും മാളുകളിലും കാണുന്ന കുട്ടികള്‍ എന്നെ കാണുന്നത് ഭയത്തോടും അസ്വസ്ഥതയോടും ആയിരുന്നു നോക്കിയിരുന്നത്.” വൈ എസ് വീക്കെൻഡറുമായുള്ള സംഭാഷണത്തിനിടെ ആതിക പറയുന്നു. 

ആതികയ്ക്ക് അവളുടെ ഒരു കണ്ണിന് പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനാല്‍ തന്നെ അവളുടെ കണ്ണുകള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത എന്തെങ്കിലും ലളിതമായ കോഴ്‍സ് തെരഞ്ഞെടുത്താല്‍ മതി എന്നാണ് ചുറ്റുമുള്ളവരെല്ലാം അവളെ ഉപദേശിച്ചത്. എന്നാല്‍, സ്വന്തം സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ ആതിക തയ്യാറായിരുന്നില്ല. 29 ശസ്ത്രക്രിയകൾക്ക് അവള്‍ക്ക് വിധേയയാകേണ്ടി വന്നു. ശേഷം അവള്‍ ജാമിയ മില്ലിയ ഇസ്ലാമിയയിൽ നിന്ന് വാസ്തുവിദ്യയിലും യുകെയിലെ ബർമിംഗ്ഹാം സിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റീരിയർ ഡിസൈനിംഗില്‍ ബിരുദാനന്തര ബിരുദവും നേടി.

2017 -ല്‍ ആതിക സ്വന്തമായി ആതിക മന്‍സാര്‍ ഡിസൈന്‍സ് ആരംഭിച്ചു. പ്ലേബോയ്സ് ക്ലബ്ബ്, ബോംബെ ബേക്കറി, സ്റ്റേഷന്‍ ബാര്‍, മോഡേണ്‍ ബസാര്‍ എന്നിവയെല്ലാം അവളുടെ പോര്‍ട്ട്‍ഫോളിയോയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. ഹോസ്‍പിറ്റാലിറ്റി, റീട്ടെയില്‍, ഡിസൈന്‍, റെസിഡന്‍ഷ്യല്‍, ഹോട്ടല്‍സ്, മാള്‍ എന്നിവയിലെല്ലാം അവര്‍ ജോലി ചെയ്‍തു. ഇന്‍റീരിയര്‍ ആയാലും എക്സ്റ്റീരിയര്‍ ആയാലും വാസ്‍തുവിദ്യയിലും ഡിസൈനിലുമെല്ലാം മികച്ചു നില്‍ക്കുന്നു എന്നതാണ് ആതികയുടെ പ്രത്യേകത. ആതിക മന്‍സാര്‍ ഡിസൈന്‍സ് ആണ് രാജ്യത്ത് 40 ഡിപ്പാര്‍ട്‍മെന്‍റല്‍ സ്റ്റോറുകളുള്ള ഡിസൈന്‍ കമ്പനി എന്ന് യുവര്‍ സ്റ്റോറി എഴുതുന്നു. അടുത്തിടെ ആതിക ചെയ്‍ത പ്രൊജക്ട് മെറാക് എന്ന കഫെ ആണ്. ദില്ലി ആസ്ഥാനമായുള്ള ഈ ഇൻക്ലൂസീവ് ബുക്ക് കഫെ, ഭിന്നശേഷിക്കാർക്ക് പൂർണമായും വരാനും സഞ്ചരിക്കാനും പാകത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വീൽചെയറിലും സഞ്ചരിക്കാം. കാഴ്ചയില്ലാത്തവർക്ക് ടാക് ടൈലുകളുള്ള പാതകളും ഉണ്ട്. 

inspiring story of Aatika Manzar

ദില്ലിയിൽ ജനിച്ച് വളർന്ന ആതികയ്ക്ക് ഉണ്ടായിരുന്നത് ഒരു സാധാരണ ബാല്യമാണ് എന്ന് പറയാനാവില്ല. “എന്റെ കണ്ണ്, മൂക്ക്, ചുണ്ടുകൾ എന്നിവ സാധാരണ പോലെ അല്ലായിരുന്നു. അതെന്‍റെ സ്‍കൂള്‍ കാലം കഠിനമാക്കി. ആൺകുട്ടികൾ എന്നെ ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തു, അതിനാൽ എന്റെ സ്കൂള്‍ പോലും മാറ്റേണ്ടി വന്നു. എന്നാൽ അതിനുശേഷം, ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിച്ചു.” ആതിക പറയുന്നു. അവളുടെ കുടുംബത്തിന്റെയും അധ്യാപകരുടെയും നിരന്തരമായ പിന്തുണയാണ് അവളുടെ കരുത്തിന്റെ ഉറവിടമെന്നും അവളുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചതെന്നും ഈ ആർക്കിടെക്റ്റ് പറയുന്നു.

രേഖാചിത്രത്തിലും ഗണിതശാസ്ത്രത്തിലുമുള്ള ആതികയുടെ താൽപര്യം അവളെ വാസ്തുവിദ്യയുടെ വഴി പിന്തുടരാൻ പ്രേരിപ്പിച്ചു. ആർക്കിടെക്റ്റ് കൂടിയായ മൂത്ത സഹോദരിയോടൊപ്പം വളർന്നതിനാല്‍ ആതികയുടെ മനസില്‍ വാസ്തുവിദ്യയിൽ താല്‍പര്യം വര്‍ധിച്ചു. അതായില്ല എങ്കില്‍ എഞ്ചിനീയറോ, ഫാഷന്‍ ഡിസൈനറോ ആയേനെ എന്നും ആതിക പറയുന്നു. എന്നാല്‍, തന്‍റെ എല്ലാ ഇഷ്‍ടങ്ങളും താല്‍പര്യങ്ങളും ഒത്തുചേര്‍ന്നത് ആര്‍ക്കിടെക്ചര്‍ മേഖലയിലാണ് എന്നും അവള്‍ സമ്മതിക്കുന്നുണ്ട്. 

ഒറ്റയ്ക്ക് ഒരു കമ്പനി ആരംഭിച്ചപ്പോള്‍ ജോലി അത്ര എളുപ്പമായിരുന്നില്ല എന്നും ആതിക പറയുന്നുണ്ട്. പുരുഷാധിപത്യമുള്ള ഒരു മേഖലയില്‍ ഒരു സ്ത്രീക്ക് കാലുറപ്പിക്കുക എന്നത് കുറച്ച് പ്രയാസം തന്നെയായിരുന്നു. പക്ഷേ, പയ്യെ പയ്യെ ഒരുപാട് വലിയ പ്രൊജക്ടുകള്‍ അവരെത്തേടിയെത്തി. ആതികയുടെ പ്രൊജക്ടുകളില്‍ പ്രശസ്‍തമാണ് ഗൗരവ് ഗുപ്‍ത സ്റ്റോര്‍, എംപോറിയോ, ഫാര്‍സി കഫേ (ദുബായ്, ദില്ലി) എന്നിവ. 

എന്നാല്‍, ആതികയുടെ ഹൃദയത്തോട് വളരെ ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ് മെറാക് കഫെ. അത് എല്ലാ തരം മനുഷ്യര്‍ക്കും വേണ്ടി ഉണ്ടാക്കിയ ഒന്നാണ്. വാഷ്‍റൂമിലെ ടവ്വലും സോപ്പുമെല്ലാം ഭിന്നശേഷിക്കാര്‍ക്കും വീല്‍ചെയറില്‍ എത്തുന്നവര്‍ക്കും എല്ലാം എടുക്കാന്‍ കഴിയുന്ന പാകത്തിലാണ് വച്ചിരിക്കുന്നത്. അതുപോലെ, സൈന്‍ ലാംഗ്വേജ് പരിചയമുള്ള പരിചാരകര്‍, വിവിധയിടങ്ങളില്‍ നിന്നും ശേഖരിച്ച ബ്രെയ്‍ലി പുസ്‍തകങ്ങള്‍ എന്നിവയും ഈ ബുക്ക് കഫെയുടെ പ്രത്യേകത ആണ്. എല്ലാവരെയും പോലെ അല്ലാത്തതിനാല്‍ കുട്ടിക്കാലത്ത് ഒരുപാട് വേദനയും അവഗണനയും സഹിച്ച ആളാണ് ഞാന്‍. അതിനാല്‍ തന്നെ ഇങ്ങനെ ഒരു വര്‍ക്ക് ചെയ്യാനായതില്‍ സന്തോഷമുണ്ട് എന്നും ആതിക പറയുന്നു. 

സ്ത്രീസംരംഭകരോട് ആതികയ്ക്ക് പറയാനുള്ളത് ഇതാണ്. എന്ത് തന്നെ വന്നാലും നിങ്ങള്‍ നിങ്ങളുടെ സ്വപ്‍നങ്ങള്‍ ഉപേക്ഷിക്കരുത്. സ്ത്രീകളായതിനാല്‍, വിവേചനം നേരിട്ടേക്കാം, മുന്‍വിധികളോടെ ആളുകള്‍ സമീപിച്ചേക്കാം. പക്ഷേ, അത് നിങ്ങളെ എല്ലാം അവസാനിപ്പിക്കുന്നതിലേക്ക് എത്തിക്കരുത്. എന്താണോ നിങ്ങളുടെ സ്വപ്‍നം അതിനെ അഭിനിവേശത്തോടെ കാണുക. നിങ്ങള്‍ക്ക് അത് സ്വന്തമാക്കാന്‍ തന്നെ കഴിയും. സ്ഥിരോത്സാഹവും കഠിനപ്രയത്‍നവുമാണ് അതിലേക്കുള്ള താക്കോല്‍. 

Latest Videos
Follow Us:
Download App:
  • android
  • ios