വീടില്ല, പാലത്തിനടിയിൽ താമസം, ഭാ​ഗ്യം തേടിയെത്തിയത് ഫോട്ടോ​ഗ്രാഫറുടെ വേഷത്തിൽ, ഇന്ന് മോഡൽ

എനിക്ക് ഇന്ന് ഇകെജയിൽ ഒരു ഷൂട്ടിംഗ് ഉണ്ടായിരുന്നു, മോഡൽ വരാനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ മോഡലാകാൻ പാലത്തിനടിയിൽ ഉറങ്ങുകയായിരുന്ന ഒരാളെ (അലി) ഞങ്ങൾ കണ്ടെത്തി. അലി ജനിച്ചത് തന്നെ ഇതിന് വേണ്ടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. 

homeless man become model

ലാഗോസിലെ ഒരു പാലത്തിനടിയിലാണ് ഒസുൻ സ്വദേശിയായ ഒലകുൻമി അലി കഴിഞ്ഞിരുന്നത്. എല്ലാ ദിവസവും രാത്രി അലി പാലത്തിനടയിൽ കിടന്ന് തന്റെ കഷ്ടപ്പാടിനെയും ദുരിതത്തെയും, ഇരുളടഞ്ഞ ഭാവിയെയും കുറിച്ച് ചിന്തിക്കുമായിരുന്നു. എത്രകാലം ഇങ്ങനെ മുന്നോട്ട് പോകുമെന്ന് അദ്ദേഹത്തിന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. എന്നാൽ, അലിയുടെ തലവര മാറാൻ അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. ഭാഗ്യം ലാഗോസ് ആസ്ഥാനമായുള്ള ഫാഷൻ ഡിസൈനറായ അഫോളബിയുടെ രൂപത്തിൽ എത്തി. അഫോളബി ഒറിയോമിയും ഫോട്ടോഗ്രാഫറായ ഒബിയാങ്കെ ഇമ്മാനുവലും ഉൾപ്പെടെയുള്ള ടീമിനെ കണ്ടുമുട്ടിയതോടെ അദ്ദേഹത്തിന്റെ ജീവിതം ഒരു വലിയ വഴിത്തിരിവിൽ എത്തിച്ചേർന്നു.  

ആ ദിവസം സംഭവിച്ചത് ഇതായിരുന്നു. അലി പാലത്തിന്റെ ചുവട്ടിൽ ഉറങ്ങുകയായിരുന്നു. അപ്പോൾ ഫോട്ടോഷൂട്ടിനായി അഫോളബി പാലത്തിന് മുകളിൽ ഒരു മോഡലിനെ കാത്ത് നിൽക്കുകയായിരുന്നു. എന്നാൽ, ഒരുപാട് നേരമായിട്ടും മോഡൽ എത്തിയില്ല. അപ്പോഴാണ് പാലത്തിനടയിൽ കിടക്കുന്ന അലിയെ അദ്ദേഹം ശ്രദ്ധിച്ചത്. എന്നാൽ പിന്നെ അലിയെ വച്ച് ഒരു ഫോട്ടോഷൂട്ട് നടത്തിയാലോ എന്നായി അഫോളബി. പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച് ഫോട്ടോക്കായി പോസ് ചെയ്യാൻ അലിയോട് ആവശ്യപ്പെട്ടു. ഒരു മോഡലിൽ താൻ തിരയുന്ന എല്ലാ സവിശേഷതകളും അലിയിലുണ്ടെന്ന് അദ്ദേഹത്തിന് തോന്നി. അങ്ങനെയാണ് ഭവനരഹിതനായ അലി ഒരു സുപ്രഭാതത്തിൽ ഫാഷൻ മോഡലായത്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വൈറലാണ്.

“എനിക്ക് ഇന്ന് ഇകെജയിൽ ഒരു ഷൂട്ടിംഗ് ഉണ്ടായിരുന്നു, മോഡൽ വരാനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ മോഡലാകാൻ പാലത്തിനടിയിൽ ഉറങ്ങുകയായിരുന്ന ഒരാളെ (അലി) ഞങ്ങൾ കണ്ടെത്തി. അലി ജനിച്ചത് തന്നെ ഇതിന് വേണ്ടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ പോസും ശരീരഘടനയും സ്കിൻ ടോണും മികച്ചതായിരുന്നു” ഏപ്രിൽ രണ്ടിന് അഫോളാബി ട്വീറ്റ് ചെയ്തു. താമസിയാതെ ട്വീറ്റും സ്റ്റൈലിഷ് വസ്ത്രം ധരിച്ച അലി ഒലകുൻമിയുടെ ഫോട്ടോകളും വൈറലായി. എന്നിരുന്നാലും അതിനെ തുടർന്ന് വന്ന മറ്റൊരു പോസ്റ്റിൽ, അഫോളാബി, അലിയുടെ മോശം അവസ്ഥയിൽ ദുഃഖം പ്രകടിപ്പിച്ചിരുന്നു. ലൊക്കേഷൻ വീണ്ടും സന്ദർശിച്ചപ്പോൾ അതേ പാലത്തിനടിയിൽ അലി ഉറങ്ങുന്നതായി അദ്ദേഹം കണ്ടെത്തി. “എനിക്ക് കരച്ചിൽ വന്നു. ഞാൻ ഇന്ന് വീണ്ടും അതേ സ്ഥലത്താണ്, അലി പാലത്തിനടിയിൽ ഉറങ്ങുന്നത് ഞാൻ കണ്ടു” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഫോട്ടോഷൂട്ടിനുശേഷം, യുവാവ് വീണ്ടും പാലത്തിനടിയിൽ കഴിയുന്നതല്ല ഈ കഥയുടെ അവസാനം. മറിച്ച് അഫോളബിയുടെ ട്വീറ്റ് വൈറലായതിനുശേഷം എല്ലാവരും അലിയെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി. ലാഗോസിലെ ഒരു മൾട്ടിനാഷണൽ മോഡലിംഗ് കമ്പനി അഫോളാബിയോട് ഈ യുവപ്രതിഭയെക്കുറിച്ച് തിരക്കി.  

ഈ കമ്പനി അലിയുമായി കരാറിൽ ഏർപ്പെട്ടോ എന്നത് വ്യക്തമല്ല, പക്ഷേ ഇപ്പോൾ ഭവനരഹിതനായ ആ യുവാവിന് സ്വന്തമായി ഒരു സോഷ്യൽ മീഡിയ അക്കൗണ്ടുണ്ട്. അത് നിലവിൽ കൈകാര്യം ചെയ്യാൻ ഒരു മാനേജറുമുണ്ട്. കൂടാതെ ഇതിനകം തന്നെ ഒന്നിലധികം ഫോട്ടോഗ്രാഫർമാർക്കായി നിരവധി ഫോട്ടോ ഷൂട്ടുകൾ അദ്ദേഹം ചെയ്തും കഴിഞ്ഞു. അലിയുടെ ട്വിറ്റർ അക്കൗണ്ടിൽ നിലവിൽ 3,200 -ൽ അധികം ഫോളോവേഴ്സുണ്ട്. “I am Ali and I am born to be great” ഒറ്റരാത്രികൊണ്ട് സെൻസേഷനായ അലിയുടെ ആദ്യ ട്വീറ്റ്. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാമെന്ന പ്രതീക്ഷയിലാണ് അലി. നിങ്ങളുടെ സമയം വരുമ്പോൾ, നിങ്ങൾ എവിടെയാണെങ്കിലും നിങ്ങളുടെ അവസ്ഥകൾ എന്തുതന്നെയായാലും, നിങ്ങളെ തേടി ഭാഗ്യം എത്തിയിരിക്കും.  

Latest Videos
Follow Us:
Download App:
  • android
  • ios