Naziha Salim : ഇറാഖി കലാകാരിയെ ആദരിച്ച് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ, ആരാണ് നാസിഹ സലിം?
'ഇറാഖ്: കണ്ടംപററി ആർട്ട്' എന്ന പുസ്തകവും നാസിഹ സലിം രചിച്ചു. അത് ഇറാഖിലെ ആധുനിക കലാ പ്രസ്ഥാനത്തിന്റെ ആദ്യകാല വികാസത്തെ കാണിക്കുന്നതാണ്.
ഗൂഗിൾ ഡൂഡിലിലൂടെ(Google doodle) ഇന്ന് ആഘോഷിക്കുന്നത് ഒരു കലാകാരിയെയാണ്. ഇറാഖിലെ സമകാലീന കലാകാരിയായിരുന്ന നാസിഹ സലി(Naziha Salim)മിനെ. 2020 -ലെ ഇതേ ദിവസമാണ്, 'ബാർജീൽ ആർട്ട് ഫൗണ്ടേഷൻ' അവരുടെ വനിതാ ആർട്ടിസ്റ്റുകളുടെ ശേഖരത്തിൽ നാസിഹയെ ഉൾപ്പെടുത്തുന്നത് എന്ന് ഗൂഗിൾ വിശദമാക്കുന്നു. നാസിഹയുടെ കൃതികൾ പലപ്പോഴും ഗ്രാമീണ ഇറാഖി സ്ത്രീകളെയും കർഷക ജീവിതത്തെയും ചിത്രീകരിക്കുന്നതായിരുന്നു.
ഇന്ന് ഡൂഡിലിലൂടെ ആദരിക്കുന്നത് വഴി, നാസിഹയുടെ ചിത്രരചനാശൈലി ഓർമ്മിക്കപ്പെടുകയും കലാലോകത്തിന് അവർ നൽകിയ ദീർഘകാല സംഭാവനകൾ ആഘോഷിക്കുകയുമാണ് എന്നും ഗൂഗിൾ വ്യക്തമാക്കുന്നു. 1927 -ൽ തുർക്കിയിലെ ഇസ്താംബൂളിൽ ഇറാഖി കലാകാരന്മാരുടെ കുടുംബത്തിലാണ് നാസിഹ ജനിച്ചത്. അവളുടെ അച്ഛൻ ഒരു ചിത്രകാരനും അമ്മ എംബ്രോയ്ഡറി ആർട്ടിസ്റ്റുമായിരുന്നു. അവൾക്ക് മൂന്ന് സഹോദരന്മാരുണ്ടായിരുന്നു. അവരെല്ലാം കലാരംഗത്ത് പ്രവർത്തിച്ചു. സഹോദരന്മാരിൽ ഒരാളായ ജവാദ് സലിം ഇറാഖിലെ ഏറ്റവും സ്വാധീനമുള്ള ശിൽപികളിൽ ഒരാളായി കണക്കാക്കപ്പെടുന്നു.
ബാഗ്ദാദ് ഫൈൻ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടിയ ശേഷം സ്‌കോളർഷിപ്പിൽ പാരീസിലെ എക്കോൾ നാഷനൽ സുപ്പീരിയർ ഡെസ് ബ്യൂക്‌സ് ആർട്‌സിൽ നാസിഹ പഠിച്ചു. പാരീസിലായിരിക്കുമ്പോൾ ഫ്രെസ്കോയിലും മ്യൂറൽ പെയിന്റിംഗിലും അവർ പ്രാവീണ്യം നേടി. വർഷങ്ങളോളം വിദേശത്ത് ചെലവഴിച്ച ശേഷം അവർ ബാഗ്ദാദിലേക്ക് മടങ്ങി. വിരമിക്കുന്നത് വരെ ഫൈൻ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിച്ചു. കലാകാരന്മാരുടെ കൂട്ടായ്മയായ അൽ-റുവ്വാദിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു നാസിഹ.
'ഇറാഖ്: കണ്ടംപററി ആർട്ട്' (Iraq: Contemporary Art) എന്ന പുസ്തകവും നാസിഹ സലിം രചിച്ചു. അത് ഇറാഖിലെ ആധുനിക കലാ പ്രസ്ഥാനത്തിന്റെ ആദ്യകാല വികാസത്തെ കാണിക്കുന്നതാണ്. ഷാർജ ആർട്ട് മ്യൂസിയത്തിലും മോഡേൺ ആർട്ട് ഇറാഖി ആർക്കൈവിലും നാസിഹയുടെ കലാസൃഷ്ടികളുണ്ട്.