തുടങ്ങിയത് നിർഭയക്ക് വേണ്ടി, പേടിയില്ലാത്തവരുടെ കൂട്ടവുമായി ഒരു ചിത്രകാരി!

മഹാമാരിക്കാലത്ത് ശുചീകരണത്തൊഴിലാളികളെ ആദരിക്കുന്നതിനായി ബംഗളൂരു എംജി റോഡിലെ ഒരു ബില്‍ഡിംഗില്‍ മ്യൂറല്‍ തയ്യാറാക്കുകയുണ്ടായി ഷിലോയും സംഘവും. 

fearless collective of Shilo Shiv Suleman

ദിവസം കഴിയുന്തോറും ലോകം സുരക്ഷിതമല്ലാത്ത സ്ഥലമായി മാറുകയാണ്. എന്നാല്‍, എല്ലാവർക്കും സുരക്ഷിതമായ ഇടങ്ങൾ സൃഷ്ടിക്കാൻ നിരവധി കലാകാരന്മാർ പരിശ്രമിക്കുന്നുണ്ട്. പൊതുവിടങ്ങൾ‌ കൂടുതൽ‌ മനോഹരമാക്കുന്നതിനും സന്തോഷകരമാക്കുന്നതിനും ശ്രമിക്കുകയാണ് ഷിലോ ശിവ്‌ സുലൈമാൻ എന്ന ചിത്രകാരി.‌ പൊതുവിടങ്ങളാണ് അവരുടെ കാന്‍വാസ്. 

ഇന്ത്യയിലെ കലാകാരന്മാരുടെ ഇടയില്‍ ഒരു വിപ്ലവകാരിയായ ഷിലോ തന്റെ കലാസൃഷ്ടികൾക്കായി സാങ്കേതികവിദ്യയും ഓഗ്മെന്റഡ് റിയാലിറ്റിയും (AR) ഉപയോഗിക്കുന്നു. മാത്രമല്ല ലോകമെമ്പാടും വലിയ തോതിലുള്ള ഇൻസ്റ്റാളേഷനുകൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് ഷിലോ. പ്രശസ്ത ചിത്രകാരിയായ അമ്മ നിലോഫർ സുലെമാനിൽ നിന്നാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഈ കലാകാരിക്ക് പ്രചോദനം ലഭിക്കുന്നത്. രണ്ട് മക്കളെയും സ്വന്തമായി വളര്‍ത്തേണ്ടി വന്നിരുന്നു നിലോഫറിന്. അപ്പോഴാണ് മകളും കലയിലേക്ക് വരുന്നത്. കുടുംബത്തിന്‍റെ ചെലവ് അമ്മ തനിച്ച് താങ്ങേണ്ട അവസ്ഥ വന്നപ്പോള്‍ മാനസികമായും സാമ്പത്തികമായും ഉള്ള ആഘാതത്തെ ചെറുക്കാനുള്ള വഴി ആയിത്തീര്‍ന്നു ഇരുവര്‍ക്കും വര. അന്നുമുതലിന്നുവരെ വരയ്ക്ക് അവളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുണ്ട്. പതിനാറാമത്തെ വയസില്‍ അവള്‍ ആദ്യത്തെ ഇല്ലസ്ട്രേറ്റഡ് ചില്‍ഡ്രന്‍സ് ബുക്ക് പ്രസിദ്ധീകരിച്ചു. പതിനെട്ട് വയസാകുമ്പോഴേക്കും 10 പുസ്തകങ്ങള്‍ പൂര്‍ത്തിയാക്കി. 

fearless collective of Shilo Shiv Suleman

പതിനാലാമത്തെ വയസില്‍ അച്ഛന്‍ പോയപ്പോള്‍ കല തങ്ങള്‍ക്ക് വേദന മറക്കാനുള്ള ആയുധമായി എന്ന് അവള്‍ പറയുന്നു. യുഎസ്സിലെ ദ ബേണിംഗ് മാന്‍ ഫെസ്റ്റിവലിലടക്കം ഒട്ടേറെ വേദികളില്‍ ഷിലോ എത്തിക്കഴിഞ്ഞു. നിര്‍ഭയ കൊല്ലപ്പെട്ട സമയത്ത് മറ്റെല്ലാവരെയും എന്നപോലെ ആ സംഭവം ഷിലോയെയും വല്ലാതെ നടുക്കി. അന്ന് മുതലാണ് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് ഷിലോയ്ക്ക് തോന്നിത്തുടങ്ങിയത്. അങ്ങനെയാണ് ഫിയര്‍ലെസ് കളക്ടീവ് രൂപം കൊള്ളുന്നത്. ഒരു ചെറിയ ഓണ്‍ലൈന്‍ കാമ്പയിനിംഗ് ആയി തുടങ്ങിയതാണെങ്കിലും ഒരുപാട് സ്ത്രീകള്‍ തങ്ങള്‍ക്ക് ഭയമില്ലെന്നും പറഞ്ഞ് അനുഭവങ്ങളുമായി മുന്നോട്ട് വന്നു. 

fearless collective of Shilo Shiv Suleman

ബെയ്‌റൂട്ടിലെ സിറിയൻ അഭയാർഥികൾ, ദക്ഷിണാഫ്രിക്കയിലെ ക്വീര്‍ ആക്ടിവിസ്റ്റുകൾ, പാകിസ്ഥാനിലെ ട്രാൻസ്‌ജെൻഡർ പ്രവർത്തകർ, ഷഹീൻ ബാഗിന്റെ മുൻനിരയിലുള്ള സ്ത്രീകൾ, രാജസ്ഥാനിലെ ക്വീര്‍ പുരുഷന്മാര്‍ എന്നിവയുൾപ്പെടെ വിവിധ  കമ്മ്യൂണിറ്റികളുമായി കൂട്ടായ്‌മ ഇടപഴകുന്നു. അവര്‍ക്കായി പരിശീലനങ്ങളും സംഘടിപ്പിക്കുന്നു. തെരുവില്‍ സെല്‍ഫ് പോര്‍ട്രെയിറ്റുകള്‍ നിര്‍മ്മിക്കുന്നു. അത് ആരും അടയാളപ്പെടുത്താനില്ലാത്ത മനുഷ്യരുടെ സ്വയമുള്ള അടയാളപ്പെടുത്തലും സ്മാരകങ്ങളുമായി മാറുന്നു. 

മഹാമാരിക്കാലത്ത് ശുചീകരണത്തൊഴിലാളികളെ ആദരിക്കുന്നതിനായി ബംഗളൂരു എംജി റോഡിലെ ഒരു ബില്‍ഡിംഗില്‍ മ്യൂറല്‍ തയ്യാറാക്കുകയുണ്ടായി ഷിലോയും സംഘവും. അതിനായുള്ള അനുമതിക്ക് വേണ്ടി ഒരുപാട് നടന്നു എങ്കിലും ഒടുവില്‍ അനുമതിയോടെ അത് വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ മഹാമാരിക്കാലം ഭയത്തിന്റേതാണ് എങ്കിലും അതും കടന്നു പോകുമെന്നും ആർട്ടിലൂടെ അതിനെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലുമാണ് ഈ ചിത്രകാരി. 

Latest Videos
Follow Us:
Download App:
  • android
  • ios