'കരയുന്ന ആൺകുട്ടി', അനേകം തീപ്പിടിത്തങ്ങൾക്ക് കാരണമെന്ന് പഴികേട്ട 'ശാപം പിടിച്ച ചിത്രം'
ഈ പെയിന്റിംഗ് സൂക്ഷിച്ച വീടുകളിൽ തീപിടുത്തം ഉണ്ടാകുന്ന വാർത്തകൾ ആദ്യം യുകെയിൽ നിന്നുമാണ് വന്നു തുടങ്ങിയത്. താമസിയാതെ യൂറോപ്പിലും ഇത്തരത്തിലുള്ള വാർത്തകൾ പടർന്നു. 1985 സെപ്തംബർ 4 -ന് ബ്രിട്ടീഷ് ടാബ്ലോയിഡ് ദിനപത്രമായ 'ദി സൺ' ആണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത്.
കരയുന്ന ഒരു ആൺകുട്ടിയുടെ പെയിന്റിംഗ് യുണൈറ്റഡ് കിംഗ്ഡത്തിൽ പ്രശസ്തമാണ്. ഒരുപക്ഷേ നമ്മളിൽ പലരും അത് കണ്ടിട്ടുണ്ടാകും. എന്നാൽ, അത് മറ്റ് പെയിന്റിംഗുകളെ പോലെയല്ല. അത് ഒരു ശപിക്കപ്പെട്ട ചിത്രമായിട്ടാണ് അറിയപ്പെടുന്നത്. കാരണം, അത് വീട്ടിൽ വച്ചാൽ തീപിടിത്തമോ, ദുർമരണങ്ങളോ ഉണ്ടാകുമെന്ന് ആളുകൾ വിശ്വസിച്ചു. ഇത് വരച്ചത് ഇറ്റാലിയൻ ചിത്രകാരനായ ജിയോവാനി ബാർഗോലിനാണെന്ന് പലരും ഊഹിക്കുന്നു.
എന്തായാലും 1980 -കളിൽ, ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ ഒരു ചിത്രമായിരുന്നു ഇത് എന്നതിൽ സംശയമില്ല. അനവധി തീപിടിത്തങ്ങളുടെയും, മരണങ്ങളുടെയും പേരിൽ ഈ ചിത്രം പഴികേട്ടു. പലരും ഭയന്ന് വീട്ടിൽ തൂക്കിയിട്ടിരുന്ന ഈ ചിത്രം ദൂരേയ്ക്ക് എറിഞ്ഞു കളയുകയോ, കത്തിക്കുകയോ ചെയ്തു.
ഒരു കൊച്ചുകുട്ടിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്ന ചിത്രമാണ് അത്. ഭക്ഷണത്തിനോ മറ്റെന്തിനോ വേണ്ടി കരയുകയാണ് ചിത്രത്തിലെ കുട്ടി. എന്നാൽ ഈ ചിത്രം ആരു വീട്ടിൽ സൂക്ഷിച്ചാലും, അവിടെ നാശം വരുമെന്നാണ് പലരും വിശ്വസിക്കുന്നത്. മാത്രവുമല്ല, ഈ ശപിക്കപ്പെട്ട പെയിന്റിംഗ് ഇതുവരെ ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ചതായി പറയപ്പെടുന്നു. എന്നാൽ, ഇതിന് ഒരുതരത്തിലുള്ള ഔദ്യോഗിക വിശദീകരണവുമില്ല. എന്നാൽ, അക്കാലത്തെ ഏറ്റവും പ്രശസ്തമായ പെയിന്റിംഗായിരുന്നു ഇത് എന്നതിൽ സംശയമില്ല. യുകെയിൽ ചിത്രത്തിന്റെ അമ്പതിനായിരത്തിലധികം കോപ്പികളാണ് വിറ്റുപോയത്. അതിന്റെ ശാപകഥകൾ പ്രചരിച്ചതോടെ ആളുകൾ ഈ പെയിന്റിംഗ് വാങ്ങിക്കാതായി.
എന്തായാലും, ക്രൈയിംഗ് ബോയ് സീരീസിൽ മൊത്തം അറുപത് പെയിന്റിംഗുകൾ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. അവയിൽ പലതും വിറ്റഴിഞ്ഞു.
ഈ പെയിന്റിംഗ് സൂക്ഷിച്ച വീടുകളിൽ തീപ്പിടിത്തം ഉണ്ടാകുന്ന വാർത്തകൾ ആദ്യം യുകെയിൽ നിന്നുമാണ് വന്നു തുടങ്ങിയത്. താമസിയാതെ യൂറോപ്പിലും ഇത്തരത്തിലുള്ള വാർത്തകൾ പടർന്നു. 1985 സെപ്തംബർ 4 -ന് ബ്രിട്ടീഷ് ടാബ്ലോയിഡ് ദിനപത്രമായ 'ദി സൺ' ആണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. തീപിടിത്തത്തിൽ ഒരു ദമ്പതികളുടെ വീട് കത്തിനശിച്ചുവെന്നും, 'ദ ക്രൈയിംഗ് ബോയ്' എന്ന ചിത്രത്തിന് ചുറ്റുപാടും കത്തിനശിച്ചിട്ടും, അവശിഷ്ടങ്ങൾക്കിടയിൽ അത് മാത്രം നശിക്കാതെ കിടന്നുവെന്നുമായിരുന്നു റിപ്പോർട്ട്.
പിന്നീട് അത്തരത്തിലുള്ള നിരവധി കഥകൾ ചിത്രവുമായി ബന്ധപ്പെട്ട് പ്രചരിച്ചു. അതോടെ അതൊരു ശപിക്കപ്പെട്ട ചിത്രമായി ആളുകൾ കാണാൻ തുടങ്ങി. എന്നാൽ, മിക്കവാറും എല്ലാ കേസുകളിലും മനുഷ്യന്റെ അശ്രദ്ധയോ വൈദ്യുത തകരാറുകളോ ആയിരിക്കാം തീപിടിത്തത്തിന് കാരണമാകുന്നതെന്ന് അഗ്നിശമനസേന ചൂണ്ടിക്കാണിച്ചു. എന്നാൽ ഇതിനെ ചൊല്ലിയുള്ള തർക്കങ്ങൾ ഇപ്പോഴും തുടരുകയാണ്. ഓസ്‌ട്രേലിയയിലെ പല ഓൺലൈൻ സൈറ്റുകളിലും ഈ ചിത്രം ഇന്നും ലഭ്യമാണ്.