109 മില്യൺ ഡോളര്‍ മൂല്യമുള്ള പെയിന്‍റിംഗ്, 50 വര്‍ഷമായി കാണാനില്ല; ഒടുവില്‍ വന്‍ ട്വിസ്റ്റ് !
ഈ ചിത്രത്തിന് 109 മില്യൺ യുഎസ് ഡോളർ (9,08,68,50,400 ഇന്ത്യൻ രൂപ) വിലയുണ്ടെന്നാണ് ഇറ്റാലിയൻ അധികൃതർ കണക്കാക്കുന്നത്.
അരനൂറ്റാണ്ടിലേറെയായി കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട ബോട്ടിസെല്ലി മാസ്റ്റർപീസ് ഇറ്റലിയിലെ ഒരു വീടിന്‍റെ ചുമരിൽ തൂക്കിയിട്ട നിലയിൽ കണ്ടെത്തി. സാംസ്കാരിക പൈതൃക സംരക്ഷണത്തിനായുള്ള കാരാബിനിയേരി കമാൻഡ് (Carabinieri Command) ആണ് നേപ്പിൾസിനടുത്തുള്ള ഗ്രഗ്നാനോ എന്ന പട്ടണത്തിലെ ഒരു വീട്ടിൽ നിന്നും ഈ പെയിൻറിംഗ് കണ്ടെത്തിയത്.
മരത്തിൽ ടെമ്പറയിൽ വരച്ച കന്യകാമറിയത്തിന്‍റെയും ഉണ്ണിയേശുവിന്‍റെയും ഛായാചിത്രം റോമൻ കത്തോലിക്കാ സഭ 1470-ൽ ആർട്ടിസ്റ്റ് സാന്ദ്രോ ബോട്ടിസെല്ലിയിൽ നിന്ന് വാങ്ങിയതാണ്. ബോട്ടിസെല്ലിയുടെ അവസാനത്തെ ചിത്രങ്ങളിലൊന്നായ അധികം അറിയപ്പെടാത്ത ഈ ചിത്രത്തിന് 109 മില്യൺ യുഎസ് ഡോളർ (9,08,68,50,400 ഇന്ത്യൻ രൂപ) വിലയുണ്ടെന്നാണ് ഇറ്റാലിയൻ അധികൃതർ കണക്കാക്കുന്നത്."ദി ബർത്ത് ഓഫ് വീനസ്", "പ്രൈമവേര" എന്നിവയാണ് ബോട്ടിസെല്ലിയുടെ ഏറ്റവും പ്രശസ്തമായ സൃഷ്ടികൾ.
നഷ്ടപ്പെടുന്നതിനു മുൻപ് ഈ കലാസൃഷ്ടി സാന്താ മരിയ ലാ കാരിറ്റയിലെ ഒരു പള്ളിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാൽ, ഒരു ഭൂകമ്പത്തിൽ പള്ളിക്ക് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന്, അത് സോമ്മാസ് എന്ന് അറിയപ്പെട്ടിരുന്ന ഒരു പ്രാദേശിക കുടുംബത്തെ സൂക്ഷിക്കാൻ ഏൽപ്പിച്ചുവേത്രേ. പിന്നീട് ഇങ്ങോട്ട് കാലങ്ങളായി ആ ചിത്രം തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടു വരികയായിരുന്നു എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.
എണ്ണയ്ക്ക് വേണ്ടി യുദ്ധം? വെനസ്വേലന്‍ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ച് ബ്രസീല്‍
50 വർഷങ്ങൾക്ക് മുമ്പാണ് ബോട്ടിസെല്ലി പെയിന്‍റിംഗ് സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ വസതി അധികൃതർ അവസാനമായി പരിശോധിച്ചതെന്നാണ് കാരാബിനിയേരിയുടെ സാംസ്കാരിക പൈതൃക യൂണിറ്റിന്‍റെ കമാൻഡറായ മാസിമിലിയാനോ ക്രോസ് പറയുന്നത്. എന്നാൽ പിന്നീട് ഈ പെയിൻറിംഗിനെ കുറിച്ച് അധികാരികൾ മറന്നു പോയെന്നാണ് അദ്ദേഹം പറയുന്നത്. അടുത്തിടെ കാലാകാലങ്ങളായി വിസ്മൃതിയിലാണ്ടുപോയ പരിശോധിക്കേണ്ട കലാസൃഷ്ടികളെ കുറിച്ചുള്ള ഗവേഷണത്തിന് ശേഷമാണ് ബോട്ടിസെല്ലിയുടെ ഒരു പെയിന്‍റിംഗ് 50 വർഷത്തിലേറെയായി ഒരു സ്വകാര്യ വീട്ടിൽ ഉണ്ടെന്ന് തങ്ങൾ മനസ്സിലാക്കിയത് എന്നാണ് ഇദ്ദേഹം പറയുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെയിൻറിംഗ് കണ്ടെത്തിയത്. എന്നാൽ ഈ പെയിൻറിംഗ് നിയമപരമായി കൈമാറിയതാണോ അതോ ആരെങ്കിലും തട്ടിയെടുത്ത് സൂക്ഷിച്ചതാണോ എന്ന കാര്യത്തെക്കുറിച്ച് ഇനിയും വ്യക്തത വരാനുണ്ടെന്നാണ് അധികൃതർ ഇപ്പോൾ പറയുന്നത്. ഏതായാലും പെയിൻറിംഗ് ഇറ്റാലിയൻ സാംസ്കാരിക മന്ത്രാലയം വീണ്ടെടുത്തു കഴിഞ്ഞു. കാലപ്പഴക്കം മൂലം ഉണ്ടായിട്ടുള്ള ചെറിയ കേടുപാടുകൾ ചിത്രത്തിന് സംഭവിച്ചിട്ടുണ്ട്. അതിനാൽ, ഇത് വീണ്ടും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിന് മുമ്പ് ഏകദേശം ഒരു വർഷത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും ഇറ്റാലിയൻ സാംസ്കാരിക മന്ത്രാലയം അറിയിച്ചു.