അവസാനം അദ്ദേഹം പറഞ്ഞു, തിരക്കഥ ഇവിടെ വച്ചിട്ട് പോകൂ, ഞാന്‍ വിളിക്കാം

തിരക്കഥയുമായുള്ള അലച്ചിലുകള്‍. ആ ഫോട്ടോയുടെ കഥ. ജിതിന്‍ ജോസഫ് എഴുതുന്നു

behind the photograph Jithin joseph

ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്. 

 

behind the photograph Jithin joseph

 

ഓരോ തവണയും ആ  ഫോട്ടോ കാണുമ്പോള്‍ വല്ലാത്ത പ്രതീക്ഷയാണ്. ഇന്നല്ലെങ്കില്‍ നാളെ എഴുതിവച്ചിരിക്കുന്ന ആ സിനിമ നടക്കും. ആഗ്രഹങ്ങളും പ്രതീക്ഷകളും ആണല്ലോ ഓരോ ദിവസവും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതുതന്നെ. ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ അതു സാധിക്കും,അതില്‍ വിജയം നേടും എന്നുള്ള പ്രതീക്ഷയാണ് എഴുത്തിന്റെ ഈ നിമിഷം കൂടി എന്നിലൂടെ കടന്ന് പോവുന്നത്. 

രണ്ട് വര്‍ഷം മുമ്പാണ് ഞാനും സുഹൃത്തും കൂടി ഒരു തിരക്കഥ രചിച്ചത്. കഥ ഉണ്ടായപ്പോള്‍ തന്നെ എങ്ങനെ അത് തിരക്കഥയാക്കാം എന്നായിരുന്നു ചിന്ത. പിന്നീടുള്ള നാളുകളില്‍ കൂട്ടായി വന്നത് പത്മരാജന്റെ തിരക്കഥകളും സത്യന്‍ അന്തിക്കാട് തിരക്കഥകളുടെ സമ്പൂര്‍ണ പുസ്തകങ്ങളായിരുന്നു. പിന്നെ മാസങ്ങള്‍ ഞങ്ങളെ തഴുകി കടന്ന് പോയി. 1,2,3 വര്ഷം പിന്നിട്ടപ്പോള്‍ വെട്ടിയും തിരുത്തിയും റൂമിലാകെ ഒരു പേപ്പര്‍ കൂമ്പാരം നിറഞ്ഞു. 

 

behind the photograph Jithin joseph

 

വല്ലാത്ത ഒരു ഭ്രാന്തായിരുന്നു എഴുത്തിനോട്, സിനിമയോട്. ഓരോ തവണ വായിക്കുമ്പോഴും തിരിത്തലുകള്‍ കൂടി കൂടി വന്നു. എഴുത്തിന്റെ ലോകത്ത് കഴിയുമ്പോള്‍ രാവും പകലും ഞങ്ങള്‍ക്കായി മാറി മറിഞ്ഞത് അറിഞ്ഞോ എന്ന് പോലും സംശയമാണ്.

അവസാനം കുമളിയിലെ ഡി റ്റി പി സെന്ററില്‍ നിന്ന് എഴുപത് സീനുള്ള ആ തിരക്കഥ കോപ്പി എടുത്ത് നെഞ്ചോട് ചേര്‍ത്ത് വച്ചപ്പോള്‍ ഈ ലോകം മുഴുവന്‍ ഞങ്ങള്‍ക്ക് മുന്നിലൂടെ കറങ്ങുന്നതായി തോന്നി..

പിന്നീടുള്ള യാത്ര ഹൈറേഞ്ച് താണ്ടി കൊച്ചിയിലേക്കായിരുന്നു. ആ യാത്രയില്‍ 'കഥ പറയാന്‍ ചാന്‍സ് തരുമോ' എന്നുള്ള ചോദ്യങ്ങള്‍ കൊണ്ട് എല്ലാ സംവിധായകരെയും നിര്‍മാതാക്കളുടെയും വാതിലുകള്‍ മുട്ടി. പക്ഷെ, അടഞ്ഞ വാതിലുകള്‍ മാത്രമായിരുന്നു മുമ്പിലുണ്ടായിരുന്നത്. ഒരാഴ്ച്ചയോളം എറണാകുളത്ത് കൂടെ അലഞ്ഞു. ഷൂട്ടിംഗ് സൈറ്റുകളില്‍ പോയി. ഉന്തിലും തള്ളിലും ആ തിരക്കഥ നെഞ്ചോട് ചേര്‍ത്ത് വച്ചു.

 

behind the photograph Jithin joseph

 

അലച്ചില്‍ മാത്രം മിച്ചം ആയി തോന്നി തുടങ്ങിയപ്പോള്‍ വല്ലാതെ മനസ്സ് മടുത്തു. പക്ഷെ തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു. പ്രതീക്ഷയുടെ വാതില്‍ ഞങ്ങള്‍ക്കായി തുറക്കുമോയെന്ന് അറിയാന്‍ വീണ്ടും വീണ്ടും അലഞ്ഞു. അവസാനം മലയാളത്തിലെ പ്രമുഖനായ നിര്‍മാതാവ് അദ്ദേഹത്തിന്റെ ഓഫീസിലേയ്ക്ക് ഞങ്ങളെ വിളിച്ചു. നന്നായി ഓടി തളര്‍ന്നതിനാല്‍ ആദ്യം ഉണ്ടായിരുന്ന പേടി ഞങ്ങളെ വിട്ട് മാറിയിരുന്നു. കഥ പറഞ്ഞു. ചിരിച്ചുകൊണ്ട് ആ മനുഷ്യന്‍ പറഞ്ഞു, കഥ കൊള്ളാം, തിരക്കഥ ഇവിടെ വച്ചിട്ട് പോകൂ. ഞാന്‍ വിളിക്കാം.

ഞങ്ങള്‍ രണ്ട് പേരും മുഖത്തോട് മുഖം നോക്കി. സിനിമയിലെ കഥാ മോഷണം പലപ്പോഴായി കേള്‍ക്കുന്നുണ്ട്. 'തിരക്കഥ ഇവിടെ കൊടുക്കണോ, വേണ്ടയോ....'

ചിന്തകള്‍ കൂടിക്കൂടി വന്നു. അനുവദിച്ച സമയം കഴിഞ്ഞു. അതുവരെ ഇല്ലാത്ത ഒരു ഭയം ഞങ്ങളെ പിടികൂടി. വല്ലാത്ത ചങ്കിടിപ്പ്. അവസാനം പറഞ്ഞു. 'സാര്‍ ഞങ്ങള്‍ തിരക്കഥ  വായിക്കാന്‍ തരാം'

'ശരില്‍ ഓഫീസില്‍ ഏല്‍പ്പിക്കൂ' എന്ന് പറഞ്ഞ് അദ്ദേഹം നടന്ന് നീങ്ങി.

 

behind the photograph Jithin joseph

 

മാസങ്ങള്‍ നെഞ്ചോട് ചേര്‍ത്ത്പിടിച്ച് നടന്ന ആ തിരക്കഥ ഞങ്ങള്‍ മുമ്പില്‍ കണ്ട മേശയിലേയ്ക്ക് വച്ചു, കുറെ ഫോട്ടോസ് എടുത്തു. തിരക്കഥ അവിടെ എല്പ്പിച്ച് ആ ഓഫീസ് പടി ഇറങ്ങുമ്പോള്‍ വല്ലാതെ മനസ് മരവിച്ചിരുന്നു. കൊച്ചിയിലെ ചൂടില്‍ വെന്തു നടക്കുമ്പോള്‍ ഹൈറേഞ്ചിലെ ആ തണുത്ത കാറ്റ് കിട്ടിയിരുന്നങ്കില്‍ എന്ന് വല്ലാതെ കൊതിച്ചു. 

തിരികെ യാത്ര തിരിക്കാന്‍ ബസില്‍  കയറിയപ്പോള്‍ മൊബൈല്‍ ഫോണിന്റെ വാള്‍പേപ്പറായി ആ തിരക്കഥ മാറിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios