താജ്മഹലിനു മുന്നിലെ രാജകുമാരന്‍

ആ ഫോട്ടോയുടെ കഥ. ജുനൈദ് ടിപി തെന്നല എഴുതുന്നു

behind the photograph by Junaid TP thennala

ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്. 

 

behind the photograph by Junaid TP thennala

 

പഴയ പെട്ടിയിലെ ആല്‍ബത്തില്‍ താജ്മഹലിന്റെ പശ്ചാത്തലത്തില്‍ നിന്ന് എടുത്ത ഫോട്ടോയില്‍ എനിക്കും ആത്മസുഹൃത്ത് ത്വാഹിറിനുമിടയില്‍ ഞങ്ങള്‍ക്ക് മാത്രം ഓര്‍മിച്ചെടുക്കാന്‍ കഴിയുന്ന ഒരു കഥാപാത്രമുണ്ട്.

നാല് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്കുള്ള തിരക്കുള്ള ട്രെയിന്‍ യാത്രയില്‍ നിന്നാണ് ആള്‍ക്കൂട്ടത്തിനിടയില്‍ വസ്ത്രം കൊണ്ടും പെരുമാറ്റം കൊണ്ടും മാന്യനെന്ന് തോന്നിപ്പിക്കുന്ന ഒരു സമപ്രായക്കാരനെ കാണുന്നത്. കൊടും ചൂടിലും തമ്പാക്കും ചുരുട്ടും തിന്നു തുപ്പുന്ന മനുഷ്യരുടെ അസഹനീയമായ ഗന്ധത്തിനാല്‍ മടുപ്പ് തോന്നിയ യാത്രയില്‍ താജ്മഹലിന്റെ അനശ്വരത മാത്രമാണ് മോഹിപ്പിച്ചിരുന്നത്.

നിസാമുദ്ദീന്‍ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ നിന്ന് പതുക്കെ ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് അയാള്‍ ഓടിക്കയറിയപ്പോള്‍ അറിഞ്ഞിരുന്നില്ല അത് ഞങ്ങളുടെ മനസ്സിലേക്ക് കൂടിയായിരുന്നെന്ന്. ട്രെയിനിന് വേഗത കൂടിയപ്പോള്‍ കാല് വെക്കാന്‍ പോലും ഇടമില്ലാത്ത വണ്ടിയില്‍ അയാള്‍ അനായാസം സ്‌പേസ് ഉണ്ടാക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ത്വാഹിറിനോട് പറഞ്ഞു.

'ചെക്കന്‍ പൊളിയാണല്ലോ..?'

ത്വാഹിര്‍ ഒന്ന് ചിരിച്ചു കൊണ്ട് അയാളുടെ പേര് ചോദിച്ചു.

'നാം ക്യാഹെ..?'

പ്രൌഢമായ ഒരു ചെറുപുഞ്ചിരിയോട് കൂടി പതിഞ്ഞ സ്വരത്തില്‍ അയാള്‍ മറുപടി നല്‍കി

'പ്രിന്‍സ്..'

ഒരു ചെറിയ ഇടവേളക്ക് ശേഷം സംഭാഷണം വീണ്ടും തുടര്‍ന്നു

'കഹാം സെ...?'

പ്രിന്‍സ് മറുപടി നല്‍കി

'കൊല്‍ക്കത്ത'

ഏതൊരു ഇന്ത്യക്കാരനെയും പോലെ ആ നിമിഷം ഓര്‍മയിലെത്തിയത്  സൌരവ് ഗാംഗുലി ആയിരുന്നു. ഞാന്‍ ത്വാഹിറിനോട് പറഞ്ഞു ദാദയുടെ നാട്ടില്‍ നിന്ന് ഒരു രാജകുമാരന്‍. അല്ലേ..?

പിന്നീട് അയാളോട് എന്തെങ്കിലും സംസാരിക്കാനുളള ഒരു ഭാഷ കയ്യിലുണ്ടായിരുന്നില്ല. അത്‌കൊണ്ട് ഇംഗ്ലീഷും ഹിന്ദിയും കലര്‍ത്തിയ ഒരു സങ്കര ഭാഷയിലാണ് പിന്നീട് സംഭാഷണം മുന്നോട്ട് പോയത്.

ത്വാഹിര്‍ എന്നെ പരിചയപ്പെടുത്തി ദാദയുടെ കട്ട ഫാനാണ്. നിങ്ങള്‍ ക്രിക്കറ്റ് കാണാറുണ്ടോ..? കാണാറുണ്ട് അഡിക്റ്റഡ് അല്ല അയാള്‍ പറഞ്ഞു. ഞാന്‍ ഫുട്ബാള്‍ കളിക്കും ഇപ്പോള്‍ മോഹന്‍ ബഗാന് വേണ്ടി കളിക്കുന്നുണ്ട്. അത് വല്ലാത്തൊരു സര്‍പ്രൈസ് മറുപടിയായിരുന്നു. ഞങ്ങള്‍ക്ക്. അതോടെ അകെ ത്രില്ലായി.

അയാളും താജ്മഹല്‍ കാണാനുള്ള യാത്രയില്‍ തന്നെയാണ്. എയര്‍ ഫോഴ്‌സിന്റെ ഏതോ ഒരു പരീക്ഷ എഴുതാന്‍ ഡല്‍ഹിയില്‍ വന്നതായിരുന്നു. ഡല്‍ഹിയില്‍ വെച്ച് ഫോണ്‍ നഷ്ടപ്പെട്ടു.

സംഭാഷണം കുറേ കൂടി ഹൃദ്യമായി തുടങ്ങി. മലപ്പുറത്തെ കുറിച്ചും മലപ്പുറത്തിന്റെ ഫുട്ബാള്‍ ഭ്രാന്തിനെക്കുറിച്ചുമൊക്കെ ഞങ്ങള്‍ നല്ല തള്ള് തുടങ്ങി. അയാള്‍ അത് ആസ്വദിക്കുന്നുണ്ടായിരുന്നു.

വണ്ടി ഇറങ്ങി പ്ലാറ്റ്‌ഫോമിന് പുറത്തേക്ക് കടക്കുമ്പോള്‍ കേന്ദ്രമന്ത്രിമാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ കാത്തു നില്‍ക്കുന്ന പോലെ ഒരുപാട് വണ്ടികള്‍ ഞങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു.

പ്രിന്‍സിനൊപ്പം ഞങ്ങള്‍ നടന്നു.

തീന്‍ സവാരി (മൂന്നാളുകള്‍ക്ക്) 250, 200 എന്നിങ്ങനെ പലരും പല റേറ്റാണ് പറഞ്ഞത്. ഇതൊക്കെ കേട്ട് കുറച്ച് ഡിമാന്റിട്ട് മാറി നിന്ന ശേഷം പ്രിന്‍സ് ഞങ്ങളുടെ അടുത്തേക്ക് വന്ന ഒരു റിക്ഷക്കാരനോട് പറഞ്ഞു. 40 രൂപ തരും പറ്റുമെങ്കില്‍ മതി. ഞാന്‍ ഇവിടെ ആദ്യമായിട്ടൊന്നുമല്ല വരുന്നത്. നീണ്ട തര്‍ക്കത്തിനൊടുവില്‍ അയാള്‍ സമ്മതിച്ചു. പോകുന്ന വഴിയില്‍ ലഗേജ് വെക്കാനും ഡ്രസ് ചെയ്ഞ്ച് ചെയ്യാനുമായി ഒരു റൂം എടുക്കണം താജ്മഹലിലേക്ക് എന്തായാലും ലഗേജ് കൊണ്ടു പോകാന്‍ കഴിയില്ല.

'എടാ ഇയാളെ വിശ്വസിക്കാമോ.? ഒരു പരിചയവും ഇല്ലാത്തയാളാണ് ട്ടോ'- ത്വാഹിര്‍ ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു മറുപടി പോലും പറയാതെ ആ ചോദ്യത്തെ നിസ്സാരമാക്കി.

എല്ലാം അന്യമായ ദേശത്ത് അയാളുടെ സാമീപ്യം തന്നെ വലിയൊരു അശ്വാസമായി അനുഭവപ്പെട്ടതിനാല്‍ അയാള്‍ക്കൊപ്പം ഞങ്ങള്‍ യാത്ര തുടര്‍ന്നു. റൂമെടുക്കാന്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ റിസപ്ഷനിലിരിക്കുന്നയാള്‍ പറഞ്ഞു ഒരാള്‍ക്ക് 500, AC യുണ്ട് 750. പ്രിന്‍സ് തര്‍ക്കിച്ചു ഞങ്ങള്‍ക്ക് 4 മണിക്കൂര്‍ സമയം മതി. ഒന്ന് ഫ്രഷ് ആവാനും ലഗേജ് വെക്കാനും ഒരിടം മാത്രമാണ് ആവശ്യം. അങ്ങനെ മൂന്നാള്‍ക്ക് 900 രൂപയാക്കി റൂം കിട്ടി. എന്നിട്ട് റിസപ്ഷനിറ്റ് രജിസ്റ്റര്‍ ബുക്ക് കാണിച്ചു. നോക്കൂ.. നിങ്ങള്‍ക്ക് മാത്രമാണ് ഈ ഇളവ്. കൃത്യസമയത്ത് വെക്കേറ്റ് ചെയ്യേണ്ടി വരും.

എന്തൊരു അത്ഭുതം.. ത്വാഹിര്‍ അയാളോട് തമാശ രൂപത്തില്‍ ചോദിച്ചു. 'വില പേശലില്‍ ഡിഗ്രിയുണ്ടോ..?'

അയാള്‍ പൊട്ടിച്ചിരിച്ചു. യാത്രയില്‍ ഇങ്ങനെ ഒക്കെ പറ്റൂ. അല്ലെങ്കില്‍ പെട്ടെന്ന് പോക്കറ്റ് കാലിയാവും. അയാള്‍ എം ബി എ ബിരുദധാരികൂടിയായിരുന്നു.

 

behind the photograph by Junaid TP thennala

 

റൂമിലെത്തി അയാളുടെ വാച്ചും വാലറ്റും ഞങ്ങളെ ഏല്‍പിച്ച ശേഷം പറഞ്ഞു ഞാന്‍ കുളിക്കട്ടെ.? നിങ്ങള്‍ ഇവിടെ ഇരുന്നോളൂ. അയാള്‍ പോയ ശേഷം ത്വാഹിര്‍ എന്നോട് പറഞ്ഞു ഇപ്പോള്‍ നിന്റെ സംശയവും പേടിയുമൊക്കെ ഒക്കെ തീര്‍ന്നില്ലേ..? എന്നിട്ട് തിരിച്ച് ചോദിച്ചു അയാള്‍ എന്ത് അടിസ്ഥാനത്തിലാണ് നിന്നെയൊക്കെ വിശ്വസിക്കുന്നത്..?

ആഗ്രയിലെ കൊടും ചൂടില്‍ ഞങ്ങള്‍ ഒരു മണിക്കൂറിലധികം താജ്മഹലിന് ചുറ്റും നടന്നു കണ്ടു. പ്രിന്‍സിന്റെ ഫോണ്‍ നഷ്ടപ്പെട്ടതിനാല്‍ ഫോട്ടോയെല്ലാം പകര്‍ത്തിയത് ത്വാഹിറിന്റെ ഫോണില്‍ നിന്ന്. എല്ലാ ഫോട്ടോയും അയാളുടെ കാമുകിയുടെ നമ്പറിലേക്ക് അയച്ചു കൊടുത്തു. ശേഷം ഞങ്ങളുടെ അടുത്തു വന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെക്കൊണ്ട് ഒരു ചിത്രം കൂടി എടുപ്പിച്ചു അത് ഫോട്ടോയാക്കി വാങ്ങി.

ഒരുപക്ഷേ അയാളുടെ ഫോണ്‍ നഷ്ടപ്പെട്ടതിനാലാവാം ഞങ്ങളെ കൂടെ കൂട്ടിയത്.

ഒടുവില്‍ യാത്ര പിരിയുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ വല്ലാത്തൊരു നിശബ്ദതയായിരുന്നു. അതുവരെ ഇടവേളകളില്ലാതെ തുടര്‍ന്ന സംഭാഷണം മുറിഞ്ഞു പോയപ്പോള്‍. ഞങ്ങളുടെ സംസാര ശേഷി നഷ്ടപ്പെട്ട പോലെയായി.

പിന്നീട് ഒന്ന് വിളിക്കാനോ ബന്ധപ്പെടാനോ കഴിഞ്ഞില്ല. അയാളുടെ കാമുകിയുടെ നമ്പറിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല..

ഒറ്റപ്പകലില്‍ മാത്രം ഞങ്ങളുടെ മനസ്സിന്റെ ഉമ്മറത്ത് വന്നിരുന്നു മോഹിപ്പിച്ചു കടന്നു കളഞ്ഞ അയാള്‍ ഒരു രാജകുമാരനെപ്പോലെ അല്‍ബത്തിന്റെ നടുക്കണ്ടത്തില്‍ ഇന്നും ചാരുകസേരയിട്ട് ഞങ്ങളുടെ ഓര്‍മകളിലേക്ക് വിരുന്നെത്താറുണ്ട്...

Latest Videos
Follow Us:
Download App:
  • android
  • ios