കുഞ്ഞര്‍ക്കന്‍ ഇപ്പോള്‍ തോളിലാണ്...
ആ ഫോട്ടോയുടെ കഥ. കീര്‍ത്തന ജോളി എഴുതുന്നു
ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്.
ഡ്യൂട്ടി കഴിഞ്ഞ് ചായയും കുടിച്ച് നിന്നപ്പോഴാണ്, എന്നാല്‍ എവിടേലും പോയാലോ എന്നൊരു തോന്നല്‍ വന്നത്. തിരുവനന്തപുരത്ത് വന്നിട്ട് ചുറ്റോട് ചുറ്റുമുള്ള 'കടല്‍ കാണല്‍' മടുത്തെങ്കിലും, പുതുമ ഒന്നും തോന്നാത്ത കോവളത്ത് തന്നെ പോകാന്‍ തീരുമാനിച്ചു.അങ്ങനെ ഞാനും കൂട്ടുകാരനും കൂടെ കോവളത്തേക്ക്. കുറച്ച് ഒതുങ്ങിയ സ്വഭാവം ആണ്. ഇപ്പോ ഒരു ക്യാമറയും ബൈക്കും കിട്ടിയതില്‍പിന്നെ അതുമായി കറക്കം ആണ്. അത്ര സംസാരപ്രിയന്‍ അല്ല, എന്നാല്‍ സംസാരിക്കുന്നവരെ കേള്‍ക്കാന്‍ ഇഷ്ടമാണ്.
എന്നത്തേയും പോലെ തിര കാണാന്‍ നല്ല തിരക്കുണ്ടായിരുന്നു. കടലിന് വല്യ മാറ്റമൊന്നുമില്ല. കടല്‍ കാണാന്‍ വന്നവര്‍ക്കും മാറ്റം ഉണ്ടെന്ന് തോന്നിയില്ല.
കൈയില്‍ ഇരിക്കുന്ന കൊച്ചിനെ കടലിലേക്ക് എറിയുന്നതുപോലെ അഭിനയിക്കുന്ന ഒരു അച്ഛന്‍.
കുഴി കുത്തുന്ന കുട്ടി.
ഇടതും വലതും കൈ കൊണ്ട് ഹൃദയം തീര്‍ത്ത്, അതില്‍ സൂര്യനെ അകത്താക്കി പടം എടുക്കുന്ന മുന്തിയ ഇനം ഇണക്കിളികള്‍.
അവന് അവിടെന്ന് പറ്റിയ പടം എടുക്കാന്‍ പറ്റാത്തതില്‍ നിരാശ. എന്നാല്‍ ഒരു ഐസ്‌ക്രീം കഴിച്ച് സ്ഥലം വിടാമെന്നായി.
ഐസ്‌ക്രീം കഴിച്ചോണ്ട് ഇരിക്കുമ്പോള്‍ ഒരു കുഞ്ഞു കുട്ടി അതിലെ ഓടി നടപ്പുണ്ടായിരുന്നു മനസ്സുകൊണ്ട് അവനെക്കാള്‍ കുഞ്ഞ് ഞാന്‍ ആയതുകൊണ്ട്, കഴിച്ച് കഴിഞ്ഞാണ് അവനുനേരെ കൈ വീശിയത്. കണ്ടപാടെ കുഞ്ഞര്‍ക്കന്‍ കുണുങ്ങി ഓടി വന്നു.
'കാലില്‍ മൊത്തം മണ്ണ് ആണ്' എന്ന് അവന്റെ ഭാഷയില്‍ പറഞ്ഞ്, കൈ എന്റെ നേരെ നീട്ടി. അവന്റെ കോണ്‍ഫിഡന്‍സ് കണ്ട് ആദ്യം ഒന്ന് കിടുങ്ങി.
'എടുക്ക്' ന്ന് അവന്‍ ആജ്ഞാപിച്ചു.
എടുത്ത് അടുത്ത് ഇരുത്തി, എന്നെ കൊണ്ട് കാലിലും നിക്കറിലും ഉള്ള മണ്ണൊക്കെ തട്ടി മാറ്റിച്ചു.
പിള്ളേര്‍ ഒന്നും അധികം എന്നോട് അടുക്കാറില്ല. ഇവനെ പെട്ടെന്ന് ഇഷ്ടായി. നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു. പിന്നെ ആള് മടിയിലായി. ഇതൊക്ക കണ്ട് അപ്പൂപ്പന്‍ ഓടി വന്നു, കൈ കാണിച്ച് പറഞ്ഞു, 'പോവാം'.
അവന്‍ അപ്പൂപ്പന് നേരെ കൈ വീശി 'റ്റാറ്റാ 'കൊടുത്ത്, എന്റെ തോളില്‍ കേറി കിടന്നു.
എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
ഇടക്ക് തല ഉയര്‍ത്തി നോക്കി എന്നെ നോക്കി ചിരിക്കും. മൂക്കുത്തി തിളങ്ങുന്നത് അവനെ വല്ലാതെ ആകര്‍ഷിച്ചു. കുഞ്ഞിക്കൈ വെച്ച് ഇടക്ക് അതില്‍ പിടിച്ച് കളിച്ചു. ഒടുവിലത്തെ അപ്പൂപ്പന്റെ അടവിന്, അവന്‍ എന്നോട് റ്റാറ്റയും പറഞ്ഞ് പോയി.
അന്ന് വീട്ടില്‍ വന്നിട്ടും കുഞ്ഞര്‍ക്കന്‍ മനസ്സിന്ന് പോയില്ല. ഒന്നുമില്ലെന്ന് പറഞ്ഞ് പോയ കോവളം തന്ന ഒരു കുഞ്ഞ് ഓര്‍മ്മ.