തണുത്തുറഞ്ഞ ബാൾട്ടിക് കടൽ, അതിൽ അപകടകരമായ രീതിയിൽ നീന്തിക്കൊണ്ട് ചിത്രംവര
ന്യൂസ് വീക്ക് പറയുന്നതനുസരിച്ച്, യുഎസിലെ ന്യൂയോർക്ക് സ്വദേശിയാണ് പോപ്പ. തണുപ്പിൽ നിന്ന് ഇങ്ങനെ ഒരു ജോലി പൂർത്തിയാക്കുന്നതിന് വേണ്ടി നേരത്തെ തന്നെ പോപ്പ തണുപ്പിനെ അതിജീവിക്കാനുള്ള പരിശീലനം നേടി.
ഒരു കലാസൃഷ്ടി എന്നാൽ ഒരു കലാകാരന്റെ കഴിവും സർഗ്ഗാത്മകതയും കൂടിച്ചേരുന്നതാണ്. ഡേവിഡ് പോപ്പ കുറച്ച് കൂടി വ്യത്യസ്തനായ ഒരു കലാകാരനാണ്. ഭൂരിഭാഗം കലാകാരന്മാരെയും പോലെ, കടലാസും തുണിയും അല്ല അദ്ദേഹത്തിന്റെ ക്യാൻവാസുകൾ. ഫിൻലൻഡിലെ ബാൾട്ടിക് കടലിൽ പൊങ്ങിക്കിടക്കുന്ന കൂറ്റൻ ഐസ് കഷ്ണങ്ങളിലാണ് പോപ്പ തന്റെ ചിത്രങ്ങൾ വരയ്ക്കുന്നത്. അത്യന്തം അപകടകരമായ ഈ സാഹചര്യത്തിൽ നിന്നുകൊണ്ട് അദ്ദേഹം തന്റെ സൃഷ്ടികൾക്ക് ജീവൻ പകരുന്നു.
തണുത്തുറഞ്ഞ ബാൾട്ടിക് കടലിൽ നീന്തിക്കൊണ്ടാണ് 29 -കാരനായ പോപ്പ തന്റെ ചിത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ചാർക്കോളും മണ്ണും അടങ്ങിയ സ്പ്രേ ഉപയോഗിച്ച് കൊണ്ടാണ് അദ്ദേഹം തന്റെ ചിത്രങ്ങൾ പൂർത്തിയാക്കുന്നത്. കൂറ്റൻ ഐസ് കഷണങ്ങൾ മുങ്ങുകയോ പൊങ്ങിക്കിടക്കുകയോ ചെയ്തേക്കാവുന്നതിനാൽ തന്നെ നാല് മണിക്കൂറിനുള്ളിലാണ് ഈ ചിത്രങ്ങൾ പൂർത്തിയാക്കപ്പെടുന്നത്. അപകടസാധ്യതകളും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നിട്ടും പോപ്പ തന്റെ കലാസൃഷ്ടികളിൽ വിട്ടു വീഴ്ചകൾ കാണിക്കാറില്ല. സൂക്ഷ്മതയോടെ, ശ്രദ്ധയോടെ അദ്ദേഹം അത് പൂർത്തിയാക്കുന്നു.
ഫെയ്‌സ്ബുക്കിൽ തന്റെ സൃഷ്ടിയെക്കുറിച്ച് പോപ്പ എഴുതുന്നത് ഇങ്ങനെ, “ഐസ് ഫ്ലോട്ടുകൾ കുറച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറുന്നതിനാൽ ഇത് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. ആ യാഥാർത്ഥ്യം മനസിലായി എങ്കിലും, ഈ അവസ്ഥകൾ എത്ര അപൂർവമാണെന്നും അത്തരമൊരവസ്ഥയിൽ ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് എത്തിച്ചേർന്നു കൊണ്ട് ഞാൻ എന്റെ കലാസൃഷ്ടി പൂർത്തിയാക്കുകയാണല്ലോ എന്ന് ആലോചിക്കുമ്പോൾ എനിക്ക് ആനന്ദം തോന്നും.“
ന്യൂസ് വീക്ക് പറയുന്നതനുസരിച്ച്, യുഎസിലെ ന്യൂയോർക്ക് സ്വദേശിയാണ് പോപ്പ. തണുപ്പിൽ നിന്ന് ഇങ്ങനെ ഒരു ജോലി പൂർത്തിയാക്കുന്നതിന് വേണ്ടി നേരത്തെ തന്നെ പോപ്പ തണുപ്പിനെ അതിജീവിക്കാനുള്ള പരിശീലനം നേടി. അദ്ദേഹത്തിന്റെ കലാസൃഷ്ടികൾക്ക് ഒരുപാട് ആരാധകരുണ്ട്. അവർ നിരന്തരം അദ്ദേഹത്തെ അഭിനന്ദിക്കുകയും ഇതുപോലുള്ള കലാസൃഷ്ടികൾ ഇനിയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. 'നിങ്ങളുടെ ഈ സൃഷ്ടി അവിശ്വസനീയം തന്നെ' എന്നാണ് ഒരാൾ കുറിച്ചത്. ഇതുപോലെ നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ സൃഷ്ടികളിൽ അത്ഭുതം കൂറുന്നത്. എന്നിരുന്നാലും അതിലെ അപകടത്തെ കുറിച്ചും ആളുകൾക്ക് ബോധ്യമുണ്ട്. എങ്കിലും പോപ്പ തന്റെ ഇഷ്ടത്തിന് അനുസരിച്ച് തന്നെ നീങ്ങുകയാണ്. അവിടെ ഒന്നും അദ്ദേഹത്തെ പിന്നോട്ട് വലിക്കുന്നില്ല.