ഈ എണ്ണ ഛായാചിത്രം വിറ്റുപോയത് 37 കോടിക്ക്, റെക്കോർഡ് വില...
അത് മാത്രവുമല്ല, ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഏറ്റവും വിലയേറിയ ഇന്ത്യൻ കലാ സൃഷ്ടിയാണിതെന്ന് ലേലശാല പ്രസ്താവനയിൽ പറയുന്നു.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കഴിവുറ്റ ചിത്രകാരികളിൽ ഒരാളായിരുന്നു അമൃത ഷേർഗിൽ. ചൊവ്വാഴ്ച നടന്ന ഒരു ലേലത്തിൽ അവരുടെ ഒരു എണ്ണ ഛായാചിത്രം വിറ്റുപോയത് റെക്കോർഡ് വിലക്കാണ്. അമൃതയുടെ 1938 -ൽ വരച്ച ‘ഇൻ ദി ലേഡീസ് എൻക്ലോഷർ’ എന്ന ചിത്രം 37.8 കോടി രൂപക്കാണ് വിറ്റുപോയത്. മുംബൈ ആസ്ഥാനമായുള്ള ലേലശാലയായ സഫ്രോൺ ആർട്ടിലായിരുന്നു ചിത്രം ലേലത്തിന് വച്ചത്. അവരുടെ ചിത്രത്തിന് കിട്ടുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇത്.
അത് മാത്രവുമല്ല, ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഏറ്റവും വിലയേറിയ ഇന്ത്യൻ കലാ സൃഷ്ടിയാണിതെന്ന് ലേലശാല പ്രസ്താവനയിൽ പറയുന്നു. ആദ്യത്തേത് 1961 -ൽ ചിത്രകാരനായ വി എസ് ഗെയ്‌തോണ്ടെ വരച്ച 'അൺടൈറ്റിൽഡ്' എന്ന ചിത്രമായിരുന്നു. ഈ വർഷം മാർച്ചിൽ 39.98 കോടി രൂപക്കാണ് അത് വിറ്റുപോയത്. ന്യൂ ഡെൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ അമൃതയുടെ വരച്ച ചിത്രങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്. സഫ്രോണാർട്ട് സിഇഒയും സഹസ്ഥാപകനുമായ ദിനേശ് വസിരാനി പറയുന്നതനുസരിച്ച്, 'ഇൻ ദി ലേഡീസ് എൻക്ലോഷർ' എന്ന ചിത്രം അമൃതയുടെ കലാപരമായ മികവിനെ സൂചിപ്പിക്കുന്നു. അവരുടെ അതുല്യമായ കഴിവ് ഈ ചിത്രത്തിലൂടെ വെളിപ്പെടുന്നു. പഞ്ചാബിലെ മജീദിയാ കുടുംബത്തിൽപെട്ട ഒരു പണ്ഡിതനായിരുന്നു അമൃതയുടെ അച്ഛൻ. അമ്മ ഹംഗറിക്കാരിയായ ഒരു സംഗീതജ്ഞയും.
സഫ്രോണാർട്ടിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഈ ചിത്രം മജീദിയാ കുടുംബ ശേഖരത്തിൽ നിന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതിന്റെ ഇപ്പോഴത്തെ ഉടമ 2005 -ൽ ന്യൂഡൽഹിയിലെ വധേര ആർട്ട് ഗ്യാലറിയിൽ നിന്നാണ് ആ ചിത്രം വാങ്ങിയത്. പാരീസിലാണ് അമൃത ചിത്രകല പഠിച്ചത്. പഠനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങി വന്നതിനെ തുടർന്നാണ് ഈ ചിത്രം അവർ വരക്കുന്നത്. സ്ത്രീകളെയും വ്യത്യസ്ത ജോലികൾ ചെയ്യുന്ന ഒരു പെൺകുട്ടിയെയുമാണ് ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്നത്. ശ്രദ്ധിക്കപ്പെടാത്ത പോകുന്ന സാധാരണക്കാരായ സ്ത്രീകളെ ക്യാൻവാസിൽ പകർത്തിയ അവർ ഇന്ത്യൻ ചിത്രകലയ്ക്ക് പുതുജീവൻ നൽകി.