Albert Zakirov : വരയ്ക്കാൻ ബ്രഷായി ഉപയോഗിക്കുന്നത് സ്ത്രീകളുടെ നഗ്നശരീരം, വിവാദ കലാകാരൻ
അതേസമയം, ചിത്രകാരൻ താൻ ഒരിക്കലും തന്റെ മനുഷ്യ ബ്രഷുകളെ തിരഞ്ഞെടുക്കാറില്ലെന്ന് പറയുന്നു. പരിചയക്കാരിലൂടെയോ, പ്രാദേശിക ഗാലറികളിൽ നിന്നോ, വാർത്തകളിൽ നിന്നോ കലാകാരനെ കുറിച്ചറിഞ്ഞ് മോഡലുകൾ അദ്ദേഹത്തെ ബന്ധപ്പെടുകയാണ് പതിവ്.
റഷ്യയിൽ നിന്നുള്ള ഒരു കലാകാരൻ ഇപ്പോൾ വിവാദങ്ങൾക്ക് നടുവിലാണ്. അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്, അയാൾ വരച്ച ചിത്രങ്ങളുടെ പേരില്ല, മറിച്ച് വരയ്ക്കാൻ ഉപയോഗിച്ച മാർഗത്തിന്റെ പേരിലാണ്. ഈ കലാകാരൻ നഗ്നരായ സ്ത്രീകളുടെ ശരീരം ബ്രഷാക്കി മാറ്റിയാണ് തന്റെ സൃഷ്ടികൾ നടത്തുന്നത്. ആൽബർട്ട് സാക്കിറോവ്(Albert Zakirov) എന്ന കലാകാരൻ റഷ്യൻ ഫെഡറേഷന്റെ ഒരു ഭാഗമായ റിപ്പബ്ലിക് ഓഫ് ടാറ്റർസ്ഥാനിലാണ്(Tatarstan Autonomous Republic) താമസിക്കുന്നത്.
ചെറുപ്രായത്തിൽ തന്നെ ആൽബർട്ട് വരയ്ക്കുമായിരുന്നു. തന്റെ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും ആർട്ട് സ്കൂളിനായി അദ്ദേഹം തയ്യാറെടുത്തു. പത്താം ക്ലാസിൽ ഒരു മികച്ച അധ്യാപകന്റെ അടുത്ത് രണ്ട് മാസം പഠിച്ച ശേഷം, ആർട്ട് സ്കൂളിൽ പ്രവേശനം നേടുന്നതിന് ആവശ്യമായ അറിവ് സമ്പാദിച്ചു. എന്നാൽ, അപ്പോഴൊന്നും ഈ ആശയം അദ്ദേഹത്തിന്റെ മനസ്സിൽ പോലും ഉദിച്ചിരുന്നില്ല. പിന്നീട് 80 -കളിൽ കോളേജിൽ പഠിക്കുമ്പോഴാണ് ഈ സാങ്കേതിക വിദ്യ ആദ്യമായി പരീക്ഷിക്കുന്നത്. അവിടെ എല്ലാത്തരം അസാധാരണമായ സാങ്കേതികതകളും, മാധ്യമങ്ങളും പരീക്ഷിച്ചുകൊണ്ട് അടിസ്ഥാനകാര്യങ്ങൾ അദ്ദേഹം പഠിച്ചെടുത്തു. ആർട്ട് സ്കൂളിൽ നിന്ന് ബിരുദം നേടിയില്ലെങ്കിലും, അവിടെ വെച്ച് ആദ്യമായി ക്യാൻവാസിൽ ചിത്രം വരയ്ക്കാൻ ഒരു സ്ത്രീയുടെ ശരീരം അദ്ദേഹം ഉപയോഗിച്ചു. ആ അനുഭവമാണ് ഈ സാങ്കേതികവിദ്യ പിന്തുടരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഗാലറികൾക്കും എക്സിബിഷനുകൾക്കും വേണ്ടി ശിൽപങ്ങളും വരകളും സൃഷ്ടിക്കുന്ന ആൽബർട്ട് അതോടെ ഇതുവരെ ആരും പരീക്ഷിക്കാത്ത ഒരു പുതിയ രീതിയ്ക്ക് തുടക്കമിട്ടു. നഗ്നരായ സ്ത്രീകളെ ചുമന്ന് ക്യാൻവാസിന് മുന്നിൽ കൊണ്ടുവന്ന് ശരീരം ഒരു ബ്രഷാക്കി അദ്ദേഹം ക്യാൻവാസിൽ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കുന്നു. അങ്ങനെ ക്യാൻവാസിൽ പുതിയ രൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നു. എന്നാൽ, അതിന് മുൻപായി ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ആദ്യം, അദ്ദേഹം മോഡലിന്റെ നഗ്നമായ ശരീരത്തിൽ എണ്ണ പുരട്ടുന്നു. അതാകുമ്പോൾ പിന്നീട് അവൾക്ക് എളുപ്പത്തിൽ ശരീരത്തിൽ പറ്റിയ ചായം കഴുകി കളയാം. എണ്ണ പുരട്ടിയതിന് ശേഷം അവളുടെ ശരീരത്തിൽ വിവിധ നിറങ്ങൾ തേക്കുന്നു. തുടർന്ന് അവളെ ചുമന്ന് ക്യാൻവാസിന് മുന്നിൽ കൊണ്ടു വന്ന്, സ്ത്രീയുടെ ശരീരം ക്യാൻവാസിൽ ഒരു ബ്രഷ് കണക്കെ തടവുന്നു. അങ്ങനെ ചിത്രങ്ങൾ വരയുന്നു.
“ആദ്യമായി വരച്ച് തുടങ്ങിയ സമയത്ത്, ഇത് രഹസ്യമായിട്ടാണ് ചെയ്തിരുന്നത്. കാരണം അന്നത്തെ കാലത്ത് സംഭവം പുറത്തറിഞ്ഞാൽ വിവാദമാകുമായിരുന്നു. 2000 -ത്തിൽ മാത്രമാണ്, നഗ്നരായ സ്ത്രീകളുടെ ശരീരം ഉപയോഗിച്ച് പരസ്യമായി ഞാൻ പെയിന്റിംഗ് ചെയ്യാൻ ആരംഭിച്ചത്" അദ്ദേഹം പറഞ്ഞു. ആൽബർട്ടിന്റെ അഭിപ്രായത്തിൽ, സ്ത്രീകളെ 'മനുഷ്യ ബ്രഷുകൾ' ആയി തെരഞ്ഞെടുക്കുന്നത് അദ്ദേഹവുമായുള്ള അടുപ്പത്തിന്റെ പുറത്തല്ല, മറിച്ച് ഒരു മോഡലിന്റെ സന്നദ്ധതയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ഇപ്പോൾ, 'മനുഷ്യ ബ്രഷുകൾ' ആകാൻ ആഗ്രഹിക്കുന്ന സ്ത്രീകളോട് മുഖംമൂടി ധരിക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നു. ഭാവിയിൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനും, തെറ്റിദ്ധാരണകൾ ഒഴിവാക്കാനും, അവരുടെ വ്യക്തിത്വം സംരക്ഷിക്കപ്പെടുന്നതിനും വേണ്ടിയാണ് ഇത്. "കാരണം ഈ സ്ത്രീകളുടെ കാമുകന്മാരിൽ ഭൂരിഭാഗവും തങ്ങളുടെ കാമുകി ഒരു പെയിന്റിംഗ് ബ്രഷായി മാറുന്നത് ഇഷ്ടപ്പെടുന്നവരല്ല" അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ചിത്രകാരൻ താൻ ഒരിക്കലും തന്റെ മനുഷ്യ ബ്രഷുകളെ തിരഞ്ഞെടുക്കാറില്ലെന്ന് പറയുന്നു. പരിചയക്കാരിലൂടെയോ, പ്രാദേശിക ഗാലറികളിൽ നിന്നോ, വാർത്തകളിൽ നിന്നോ കലാകാരനെ കുറിച്ചറിഞ്ഞ് മോഡലുകൾ അദ്ദേഹത്തെ ബന്ധപ്പെടുകയാണ് പതിവ്. ഓഡിഷനോ കാസ്റ്റിംഗ് പ്രക്രിയയോ ഒന്നുമില്ല. അതുപോലെ, ആൽബർട്ട് പ്രധാനമായും സ്ത്രീകളെ മാത്രമേ പെയിന്റ് ബ്രഷുകളായി ഉപയോഗിക്കാറുളളൂ. കാരണം അവർക്ക് ഭാരം കുറവാണ്. എന്നാൽ, 2008 -നും 2009 -നും ഇടയിൽ അദ്ദേഹം രണ്ട് നർത്തകരെ ബ്രഷായി ഉപയോഗിച്ചിരുന്നു, ഒരു സ്ത്രീയും, പുരുഷനും. കാരണം, അദ്ദേഹത്തിന് നല്ല മെലിഞ്ഞ, വഴക്കമുള്ള ശരീരമായിരുന്നു. മനുഷ്യ ബ്രഷുകൾ ഉപയോഗിച്ച് അദ്ദേഹം സൃഷ്ടിക്കുന്ന ഈ അപൂർവ പെയിന്റിംഗുകൾ അന്വേഷിച്ച് റഷ്യയിൽ നിന്ന് മാത്രമല്ല മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് പോലും ആർട്ട് കളക്ടർമാർ ഇവിടെ എത്തുന്നു.