മുരളിയുടെ വെങ്കല ശില്പ വിവാദം; 'മൂന്ന് തവണ മാറ്റി ചെയ്യിച്ചു. ഒടുവില്‍ അക്കാദമി തന്നെ ഉപേക്ഷിച്ചു' ശില്പി
നമ്മള്‍ വര്‍ക്ക് ചെയ്യുന്നത് മൂന്നടി ഉയരത്തില്‍ വച്ചാകും. അത് പതിനഞ്ച് അടി ഉയരത്തിലേക്ക് കയറ്റിവയ്ക്കുമ്പോള്‍ താഴെ നിന്നുള്ള കാഴ്ചയ്ക്ക് അരോചകം ഉണ്ടാകാതിരിക്കാനായി ഒരു ഉള്‍ക്കാഴ്ചയിലാണ് വര്‍ക്ക് ഡീസൈന്‍ ചെയ്യുക. പക്ഷേ, വര്‍ക്കിനിടെ വന്ന് കാണുന്നവര്‍ ശില്പം മൂന്നടിയില്‍ നിന്നാണ് കാണുന്നത്. ഇത് പലപ്പോഴും കാഴ്ചയ്ക്ക് പ്രശ്നമാണ്.
മലയാളത്തിലെ മഹാനടന്മാരില്‍ ഒരാളായ മുരളിയുടെ വെങ്കല ശില്പവുമായി ബന്ധപ്പെട്ട വിവാദം കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടി. സംഗീത നാടക അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന നടന്‍ മുരളിയുടെ അര്‍ധകായ വെങ്കല പ്രതിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. ശില്പത്തിന് മുരളിയുടെ രൂപ സാദൃശ്യമില്ലാതിരുന്നതിനെ തുടര്‍ന്ന് അക്കാദമി കരാര്‍ റദ്ദാക്കിയിരുന്നു. കൂടാതെ ശില്പത്തിനായി ചെലവഴിച്ച 5.70 ലക്ഷം രൂപ ശില്പി തിരിച്ചടക്കമണമെന്നും സംഗീത നാടക അക്കാദമി ശില്പി വില്‍സണ്‍ പൂക്കോയിയോട് ആവശ്യപ്പെട്ടു. എന്നാല്‍, തനിക്ക് അതിന് കഴിയില്ലെന്ന് ശില്പി അറിയിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍, പണം തിരിച്ച് അടയ്ക്കുന്നത് ഒഴിവാക്കുകയും നഷ്ടം അക്കാദമി വഹിക്കണമെന്നും അറിയിച്ച് ഉത്തരവിറക്കി. ഇതിന് പിന്നാലെയായിരുന്നു വിവാദം. സംഭവത്തില്‍ ശില്പി വില്‍സണ്‍ പൂക്കോയി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു.
ആലപ്പുഴയില്‍ രാജാ കേശവദാസിന്‍റെ വെങ്കല ശില്പ നിര്‍മ്മാണത്തിന് പിന്നാലെയാണ് വിവാദങ്ങള്‍ തന്‍റെ പിന്നാലെ കൂടിയതെന്ന് ശില്പി വില്‍സണ്‍ പൂക്കോയി പറയുന്നു. നഗരസഭയും ജില്ലാ ഭരണകൂടത്തിന്‍റെയും പദ്ധതിയായിരുന്നു അത്. ജി സുധാകരനാണ് ആ ജോലി ഏല്‍പ്പിക്കുന്നത്. പന്ത്രണ്ട് അടി ഉയരമുള്ള വെങ്കല ശില്പമായിരുന്നു അത്. എന്നാല്‍, എതിര്‍ചേരി ശില്പ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കുക വരെയുണ്ടായി. തുടര്‍ന്ന് പണി തടസപ്പെടുകയും കടം കേറുകയും ചെയ്തു. ഒടുവില്‍ ജീവിച്ചിരുന്ന വീട് വിറ്റാണ് അന്ന് അതിന്‍റെ പണ ഇടപാടുകള്‍ തീര്‍ത്തത്. കടം കേറിയതോടെ സ്വന്തം നാട്ടില്‍ ജീവിക്കാന്‍ പറ്റാതായി തുടര്‍ന്ന് കൊച്ചിക്ക് താമസം മാറ്റി. അവിടെ വച്ച് അക്കാദമി, 12 അടി ഉയരമുള്ള സഹോദരന്‍ അയ്യപ്പന്‍റെ പൂര്‍ണ്ണകായ ശില്പം ചെയ്യാന്‍ ഏല്‍പ്പിച്ചു. വര്‍ഷങ്ങളായി സഹോദരന്‍ അയ്യപ്പനെ കുറിച്ച് ഗവേഷണം ചെയ്തിരുന്നതിനാല്‍ അക്കാദമി പറയുന്ന പണത്തിന് ശില്പ നിര്‍മ്മാണം ചെയ്യാന്‍ ഞാന്‍ തയ്യാറായി.
പക്ഷേ, ശില്പത്തിന് ഒരു കോടി രൂപ ചെലവ് വരുമെന്ന് എഴുതിക്കൊടുക്കണമെന്ന് ഒരു അക്കാദമി അംഗം ആവശ്യപ്പെട്ടു. 12 അടി വെങ്കല ശില്പത്തിന് അന്ന് അമ്പത് ലക്ഷത്തില്‍ താഴെയേ ചെലവ് വരൂ എന്ന് ഞാന്‍ അറിയിച്ചു. പിന്നാലെ പുള്ളിയുടെ വീട്ടില്‍ ഒരു ലൈബ്രറി ഹാള്‍ പണിത് കൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഒരു വര്‍ഷത്തോളം സഹോദരന്‍ അയ്യപ്പന്‍റെ ശില്പ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയല്‍ അനങ്ങിയില്ല. പിന്നീട് ഇത് പൂര്‍ണ്ണകായ ശില്പത്തില്‍ നിന്ന് അര്‍ദ്ധകായ ശില്പമായി മാറി. മാത്രമല്ല, ഏഴ് ലക്ഷത്തിന് പണി പൂര്‍ത്തിയാക്കണമെന്നും അക്കാദമി ആവശ്യപ്പെട്ടു. അതുവരെയ്ക്കും പൂര്‍ണ്ണകായ ശില്പത്തിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെല്ലാം മാറ്റി. അര്‍ദ്ധകായ ശില്പം നിര്‍മ്മിച്ചു. നേമം പുഷ്പരാജും സാനു മാഷും ശില്പം വന്നു കണ്ടു. ശില്പം നന്നായിരിക്കുന്നുവെന്ന് സാനുമാഷ് എഴുതി തരികയും ചെയ്തു. പക്ഷേ, അക്കാദമി മൂന്ന് മാസത്തോളം ആ ശില്പം എന്നെ കൊണ്ട് റീവര്‍ക്ക് ചെയ്യിച്ചു. എന്നിട്ടും 6,95,000 രൂപയ്ക്ക് ആ ശില്പത്തിന്‍റെ ജോലി തീര്‍ത്ത് കൊടുത്തു. പിന്നീടാണ് മുരളിയുടെ ശില്പനിര്‍മ്മാണത്തിന്‍റെ ജോലി ലഭിക്കുന്നത്.
മുരളിയുടെ പ്രതിമ ചെയ്യാനായി എല്‍പ്പിച്ചതിന് ശേഷം മുന്‍ സെക്രട്ടറി ബാലന്‍ വന്ന് അതുവരെ ചെയ്ത വര്‍ക്ക് കണ്ടിരുന്നു. അതിന് ശേഷം മുരളി ചേട്ടന്‍റെ ഫാമിലിയെ വര്‍ക്ക് കാണിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനായി സമയം നിശ്ചയിച്ചിരിക്കുന്നതിനിടെയാണ് ആ വര്‍ക്ക് സ്റ്റുഡിയോയില്‍ വച്ച് രാത്രിയില്‍ ആരോ തല്ലി തകര്‍ക്കുന്നത്. കേസ് കൊടുത്തെങ്കിലും മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പരാതിയുടെ അടിസ്ഥാനത്തില്‍ എന്‍റെ അസിസ്റ്റന്‍റിനെ പോലും ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാകുന്നത്. പുനരന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടിക്കാന്‍ പോലീസിനായില്ല. വീണ്ടും ശില്പനിര്‍മ്മാണം ആരംഭിച്ചു. ഇതിനിടെ വര്‍ക്ക് കാണാനെത്തിയ നേമം പുഷ്പരാജും സാനുമാഷും, മുരളിയുടെ കവിളൊക്കെ തുടുത്തപ്പോള്‍ വര്‍ക്ക് രസമായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, രണ്ടാമത് അദ്ദേഹം വന്നപ്പോള്‍ സാനുമാഷ് കൂടെയുണ്ടായിരുന്നില്ല. മാത്രമല്ല, അദ്ദേഹത്തിന്‍റെ കൂടെ വന്ന ചിലര്‍ മുരളിയുടെ വര്‍ക്ക് മോശമാണെന്ന് തരത്തില്‍ രൂക്ഷമായി സംസാരിച്ചു. ചിത്രത്തിന്‍റെ ഫോട്ടോസ്റ്റാറ്റ് പോലെ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഒരു കാലാകാരനോട് എങ്ങനെയാണ് ചിത്രം നോക്കി അത് പോലെ ശില്പമുണ്ടാക്കാന്‍ പറയുകയെന്ന് വില്‍സണ്‍ ചോദിക്കുന്നു. ശില്പത്തിന് നമ്മള്‍ ഒരു ചിത്രത്തെ ആശ്രയിക്കുമ്പോള്‍ തന്നെ അത് ശില്പിയിലൂുടെ കടന്ന് പോകുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ആ ശില്പത്തിനും സ്വാഭാവികമായും ഉണ്ടാകും. ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റിന് അത്തരത്തില്‍ ഒരു ഫോട്ടോകോപ്പി വര്‍ക്ക് ചെയ്യാനാകില്ല. രണ്ടാമത്തെ ക്ലേ മോള്‍ഡ് പൂര്‍ത്തിയായപ്പോഴാണ് കെ പി എ സി ലളിത, മുരളിയുടെ മറ്റൊരു പടം വച്ച് ശില്പം ചെയ്യാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് സാംസ്കാരിക വകുപ്പ് സെക്രട്ടറി പ്രഭാകരന്‍ പഴശ്ശി സാറ്, ഇത്തിരി കഷണ്ടി കയറിയ മുരളി ചേട്ടന്‍റെ പടം തെരഞ്ഞെടുത്ത് തന്നു. കഷണ്ടി മാറ്റി വര്‍ക്ക് ചെയ്താല്‍ മതിയെന്നായിരുന്നു അന്ന് അവശ്യപ്പെട്ടത്. അപ്പോള്‍ തന്നെ ഈ വര്‍ക്ക് എന്നെക്കൊണ്ട് ചെയ്യിക്കാന്‍ അക്കാദമിക്ക് താത്പര്യമില്ലെന്ന് ഏതാണ്ട് ബോധ്യമായിരുന്നു. '
കൂടുതല്‍ വായനയ്ക്ക്; ശില്‍പ്പത്തിന് നടൻ മുരളിയുടെ മുഖച്ഛായയില്ല; ശില്‍പ്പി പണം തിരിച്ചടയ്ക്കണമെന്ന് അക്കാദമി, ഇളവ് നൽകി ധനവകുപ്പ്
ഛായാ ശില്പം ഉണ്ടാകുമ്പോള്‍ അതിന് യഥാര്‍ത്ഥ ആളുടെ ഛായ വേണ്ടതുണ്ട്. മാത്രമല്ല, പത്തും പതിനഞ്ചും അടി ഉയരത്തില്‍ വയ്ക്കുന്ന ശില്പം താഴേന്ന് നോക്കുമ്പോള്‍ വ്യക്തമാകുന്ന തരത്തിലാകണം നിര്‍മ്മണം നടത്തേണ്ടത്. എന്നാല്‍ നമ്മള്‍ വര്‍ക്ക് ചെയ്യുന്നത് മൂന്നടി ഉയരത്തില്‍ വച്ചാകും. അത് പതിനഞ്ച് അടി ഉയരത്തിലേക്ക് കയറ്റിവയ്ക്കുമ്പോള്‍ താഴെ നിന്നുള്ള കാഴ്ചയ്ക്ക് അരോചകം ഉണ്ടാകാതിരിക്കാനായി ഒരു ഉള്‍ക്കാഴ്ചയിലാണ് വര്‍ക്ക് ഡീസൈന്‍ ചെയ്യുക. പക്ഷേ, വര്‍ക്കിനിടെ വന്ന് കാണുന്നവര്‍ ശില്പം മൂന്നടിയില്‍ നിന്നാണ് കാണുന്നത്. ഇത് പലപ്പോഴും കാഴ്ചയ്ക്ക് പ്രശ്നമാണ്. മാത്രമല്ല മണ്ണില്‍ ചെയ്ത ശില്പം മെഴുകിലേക്ക് മാറ്റിയ ശേഷമാണ് വെങ്കലത്തിലേക്ക് മാറ്റുന്നത്. ഇങ്ങനെ മൂന്ന് തവണ മാറ്റി ചെയ്ത മുരളിയുടെ ശില്പമാണ് പിന്നീട് അക്കാദമി, ശില്പത്തിന് മുരളിയോട് രൂപ സാദൃശ്യമില്ലെന്ന കാരണം കണ്ടെത്തി ഉപേക്ഷിച്ചത്.
ഇതിനായി ചെലവഴിച്ച 5,70,000 രൂപ തിരിച്ച് അടയ്ക്കണമെന്നും അക്കാദമി ആവശ്യപ്പെട്ടു. നേരത്തെ ചെയ്ത വര്‍ക്കുകളുടെ പണം കിട്ടാനുണ്ടായിരുന്നതും. കുടുംബ ചെലവും എല്ലാം കാരണം ഭാഗം കിട്ടിയ സ്വത്ത് അടക്കം വിറ്റാണ് ആ സമയത്ത് കുടുംബം പുലര്‍ത്തിയിരുന്നത്. അതിനാല്‍ പണം തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് സാംസ്കാരിക മന്ത്രിയ്ക്കും അക്കാദമി ചെയര്‍മാനും കത്തെഴുതിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ പണം എഴുതി തള്ളിയത്. ഇതാണ് ചിലരെടുത്ത് വിവാദമാക്കിയത്. എന്നാല്‍, ആ വര്‍ത്തയ്ക്കൊപ്പം നല്‍കിയതാകട്ടെ അക്കാദമിയുടെ മുറ്റത്ത് ഇന്നുമുള്ള ശില്പി രാജന്‍ ചെയ്ത ശ്രീകണ്ഠന്‍ നായരുടെ ലക്ഷാലക്ഷ്മി എന്ന നാടകത്തിലെ മുരളി ചെയ്ത രാവണന്‍റെ കഥാപാത്രത്തിന്‍റെ ചിത്രമായിരുന്നു. പണം തിരിച്ചടയ്ക്കാനുള്ള ശേഷിയില്ലെന്ന് അറിയിച്ചപ്പോള്‍ തന്നെ ആ വര്‍ക്ക് തനിക്ക് ചെയ്യാന്‍ താത്പര്യമുണ്ടെന്നും അക്കാദമിയെയും മന്ത്രിയെയും അറിയിച്ചിരുന്നെന്നും വില്‍സണ്‍ പൂക്കോയി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.