Asianet News MalayalamAsianet News Malayalam

'ഒന്നും ശാശ്വതമല്ല'; എബ്രഹാം ലിങ്കൺ പ്രതിമ ഉരുകി, കാലാവസ്ഥാ വ്യതിയാനം കാരണമെന്നും റിപ്പോർട്ടുകൾ

'ഒന്നും ശാശ്വതമല്ല' എന്നതിന്റെ പ്രതീകമായി നിർമ്മിച്ച പ്രതിമ എന്നെങ്കിലും ഒരിക്കൽ ഉരുകാൻ കലാകാരൻ ഉദ്ദേശിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Abraham Lincoln wax statue melts
Author
First Published Jun 27, 2024, 4:17 PM IST

കേരളത്തിൽ കാലവർഷം കനത്തെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങൾ ഇപ്പോഴും വേനൽച്ചൂടിൽ ഉരുകുകയാണ്.  പലയിടങ്ങളിലും സകലകാല റെക്കോർഡുകൾ തകർത്തിരിക്കുകയാണ് ഈ വർഷത്തെ വേനൽച്ചൂട്. അമേരിക്കയുടെ പല ഭാഗങ്ങളിലും താപനില ശരാശരിയെക്കാൾ ഉയർന്ന് ഉഷ്ണ തരംഗം അനുഭവപ്പെട്ട് തുടങ്ങിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ഉയർന്ന താപനിലയുടെ ഫലമായി മുൻ യുഎസ് പ്രസിഡൻ്റ് എബ്രഹാം ലിങ്കൻ്റെ ആറടി ഉയരമുള്ള മെഴുക് പ്രതിമ വാരാന്ത്യത്തിൽ ഉരുകിയതായാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച താപനില 37 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നതോടെയാണ് ലിങ്കൺ പ്രതിമ ഭാഗികമായി ഉരുകി ഉടഞ്ഞത്. പ്രതിമയുടെ തലയും വലത് കാലും പൂർണ്ണമായും ഉരുകി നശിച്ച അവസ്ഥയിലാണ്.

ആർട്ടിസ്റ്റ് സാൻഡി വില്യംസ് നാലാമൻ തൻ്റെ '40 ഏക്കേഴ്സ് ആർക്കൈവ്: ദി വാക്സ് മോനുമെൻ്റ്' സീരീസിൻ്റെ ഭാഗമായാണ് പ്രതിമ നിർമ്മിച്ചത്. 'ഒന്നും ശാശ്വതമല്ല' എന്നതിന്റെ പ്രതീകമായി നിർമ്മിച്ച പ്രതിമ എന്നെങ്കിലും ഒരിക്കൽ ഉരുകാൻ കലാകാരൻ ഉദ്ദേശിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, ഇപ്പോൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത സൂചിപ്പിക്കുന്നതിനായി പ്രതിമ ഉരുകിയതിനെ ആളുകൾ വിശേഷിപ്പിക്കുന്നുണ്ട്.

ആർട്ടിസ്റ്റ് സാൻഡി വില്യംസ് മുമ്പ് കോൺഫെഡറേറ്റ് ജനറൽമാരായ റോബർട്ട് ഇ. ലീ, ജെ.ഇ.ബി, സ്റ്റുവർട്ടും സ്റ്റോൺവാൾ ജാക്സൺ, പ്രസിഡൻ്റ് തോമസ് ജെഫേഴ്സൺ തുടങ്ങിയ പൊതുവ്യക്തികളുടെ പ്രതിമകൾ നിർമ്മിച്ചിരുന്നു. ഈ മെഴുകു പ്രതിമകളിൽ പലതിലും മെഴുകുതിരി തിരികൾ ഉൾപ്പെടുന്നവയാണ്, അവ കത്തിച്ചുകൊണ്ട് ശിൽപങ്ങളുമായി ഇടപഴകാൻ പൊതുജനങ്ങൾക്ക് അനുവാദമുണ്ട്. 

'തൊട്ടുകൂടാൻ പറ്റാത്തതായും ശാശ്വതമായതുമായി ഒന്നും ഈ ലോകത്തിൽ ഇല്ല' എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ പ്രതിമകൾ ഒക്കെയും നിർമ്മിച്ചിരിക്കുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios