ഉറപ്പായ ചുവപ്പിന് അവസാന നിമിഷമൊരു പാര!
കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തുന്നത് ഏതുവിധേനയും തടയാന്‍ ശ്രമിച്ച് ഒരാള്‍. ചുറ്റുമുള്ള സംഭവവികാസങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ അദ്ദേഹവും
ഐക്യകേരളത്തിന്‍റെ പിറവിയോടെ ദീര്‍ഘകാലത്തെ വനവാസത്തില്‍ നിന്നും നാട്ടിലെ രാഷ്‍ട്രീയ പാര്‍ട്ടികളെല്ലാം വീണ്ടും ഉണര്‍ന്നു. എന്നാല്‍ ഒരുവര്‍ഷം നീണ്ട പ്രസിഡന്‍റ് ഭരണവും പുതിയ പ്രദേശത്തിന്‍റെ രൂപീകരണവും കൂടി നടന്നതോടെ സംസ്ഥാനത്തിന്‍റെ രാഷ്‍ട്രീയ ഘടന അടിമുടി മാറി. ലയനങ്ങളുടെ 'സംസ്ഥാനസമ്മേളന'മായിരുന്നു അക്കാലത്ത്. കോലംകെട്ട നിലയിലായിരുന്ന കോണ്‍ഗ്രസിന്‍റെ മലബാര്‍, തിരുക്കൊച്ചി ഘടകങ്ങള്‍ പരസ്‍പരം ലയിച്ചു. മലബാറിലെയും തിരുക്കൊച്ചിയിലെയും സിപിഐ ഘടകങ്ങളും ഒന്നായി. ഏ കെ ഗോപാലന്‍റെയും ഇ എം എസ് നമ്പൂതിരിപ്പാടിന്‍റെയും നേതൃത്വത്തില്‍ അനുദിനം ജനപ്രീതിയും കരുത്തും ആര്‍ജ്ജിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി.
'വാഴിക്കുന്നവനായി' മുസ്‍ളീം ലീഗ്
പട്ടത്തിന്‍റെ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും (പിഎസ്‍പി) മലബാറില്‍ നിന്നും മികച്ചൊരു ഘടകത്തെ തന്നെ കിട്ടി. തിരുവിതാംകൂറിന്‍റെ തെക്കന്‍ പ്രദേശങ്ങള്‍ തമിഴ്‍നാടിന്‍റെ ഭാഗമായതോടെ തിരുവിതാംകൂര്‍ തമിഴ്‍നാട് കോണ്‍ഗ്രസ് (ടിടിഎന്‍സി) എന്ന പാര്‍ട്ടി കേരളക്കരയില്‍ നിന്നും അപ്രത്യക്ഷമായി. എന്നാല്‍ മുസ്ലീം ലീഗ് എന്ന പുതിയൊരു കക്ഷിയുടെ കടന്നുവരവായിരുന്നു ഐക്യകേരളപ്പിറവിക്കു ശേഷം സംസ്ഥാനരാഷ്‍ട്രീയം കണ്ട സുപ്രധാന മാറ്റം. അതുവരെയുണ്ടായിരുന്ന രാഷ്‍ട്രീയഘടനയെ ആ വരവ് അടിമുടി മാറ്റിമറിച്ചു. തിരുക്കൊച്ചിക്ക് അതുവരെ അപരിചിതമായിരുന്നു മുസ്ലീംലീഗ്.
സംസ്ഥാനത്ത്, മുമ്പ് തിരുവിതാംകൂര്‍ തമിഴ്‍നാട് കോണ്‍ഗ്രസിന് (ടിടിഎന്‍സി) ഉണ്ടായിരുന്ന അതേ റോളായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ലീഗിനും ആടാനുണ്ടായിരുന്നത്. അതായത് കോണ്‍ഗ്രസുമായി കൂട്ടുകൂടിയും എതിര്‍ത്തും 'രാജാവിനെ വാഴിക്കുന്നവന്‍റെ' (മുഖ്യമന്ത്രിയെ) പങ്കായിരുന്നു ടിടിഎന്‍സി അതുവരെ വഹിച്ചിരുന്നത്. പില്‍ക്കാലത്ത് പിഎസ്‍പി/മാര്‍ക്സിസ്റ്റ്/ കോണ്‍ഗ്രസ് ഭേദമന്യേ കൂട്ടുകൂടിയും എതിര്‍ത്തുമെല്ലാം ഇതേ 'വാഴിക്കുന്നവന്‍റെ' വേഷം തന്നെ എടുത്തണിയാനായിരുന്നു മുസ്ലീം ലീഗിന്‍റെയും വിധി. അക്കാലത്ത് ലീഗിനെ നിരന്തരമായി എതിര്‍ത്തിരുന്ന ഒരേയൊരു പാര്‍ട്ടി ജനസംഘമായിരുന്നു. എന്നാല്‍ ജനസംഘത്തിനാകട്ടെ മറ്റു പാര്‍ട്ടികളുമായി കൂട്ടുചേരാതെ കേരളത്തിന്‍റെ രാഷ്‍ട്രീയ സാഹചര്യത്തില്‍ വളരാനും സാധിക്കുമായിരുന്നില്ല.
ചുവന്നുതുടുത്ത് കേരളം
ഐക്യകേരളം പിറന്ന് ഒരു വര്‍ഷം തികയാറായി. ആദ്യ പൊതുതെരെഞ്ഞെടുപ്പിലേക്ക് സംസ്ഥാനം കടന്നു. അതിനിടെ സ്ഥിതിഗതികളെ അപഗ്രഥിച്ച സിപിഐ ഒരു നിര്‍ണ്ണായക തീരുമാനം എടുത്തു. തെരെഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ളതായിരുന്നു ആ സുപ്രധാന തീരുമാനം. അതിന്‍റെ ഭാഗമായി ഐക്യമുന്നണിയിലെ മറ്റു പാര്‍ട്ടികളായ മത്തായി മാർ്ഞൂരാന്‍റെ കെഎസ്‍പിയെയും ആര്‍എസ്‍പിയെയും നൈസായിട്ടങ്ങ് ഒഴിവാക്കിക്കളഞ്ഞു സിപിഐ. ആത്മഹത്യാപരമായ ഒരു നീക്കം തന്നെയായിരുന്നു അത്. പാര്‍ട്ടിയുടെ രാഷ്‍ട്രീയഭാവിയെത്തന്നെ അപകടത്തിലാക്കിയേക്കാവുന്ന ഒരു ഭാഗ്യപരീക്ഷണം. എന്നാല്‍ സിപിഐയുടെ ചുവടുപിഴച്ചില്ല എന്നതിന് സംസ്ഥാനത്തെ ആദ്യ തെരെഞ്ഞെടുപ്പ് ഫലം തന്നെ തെളിവ്.
ഇന്ത്യൻ റിപ്പബ്ലിക്കിലെ രണ്ടാം പൊതുതെരഞ്ഞെടുപ്പിനോടൊപ്പമായിരുന്നു മലയാളക്കരയെ ചുവപ്പിച്ച 1957ലെ ആ ജനഹിതപരിശോധന നടന്നത്.126 നിയമസഭാ സീറ്റുകളിലേക്കും 18 ലോകസഭ സീറ്റുകളിലേക്കുമായിരുന്നു വോട്ടെടുപ്പ്. ഇതിൽ പതിനൊന്നെണ്ണം പട്ടികജാതി വിഭാഗത്തിനും ഒരെണ്ണം പട്ടികവർഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്‍തിരുന്നു. 114 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഈ തിരഞ്ഞെടുപ്പിൽ പന്ത്രണ്ടിടത്ത് രണ്ട് സാമാജികരെ വീതം തിരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു. സി.പി.ഐ, കോൺഗ്രസ്, പി.എസ്.പി, ആർ.എസ്.പി. എന്നീകക്ഷികളായിരുന്നു പ്രധാനമായും മത്സരരംഗത്തുണ്ടായിരുന്നത്. ആകെ 550 പേർ നാമനിർദ്ദേശ പത്രിക നൽകിയിരുന്നു, ഇതിൽ 114എണ്ണം തിരസ്‍കരിച്ചു, ബാക്കി 406പേരാണ് നിയമസഭയിലേക്ക് മത്സരരംഗത്തുണ്ടായിരുന്നത്. 7,514,626 വോട്ടർമാരിൽ 5,837,577 പേർ വോട്ട് ചെയ്തിരുന്നു. 65.49 ശതമാനമായിരുന്നു പോളിംഗ്.
ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെ നീളുന്നതായിരുന്നു തെരഞ്ഞെടുപ്പ് പ്രക്രിയ. ഫലം വന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍പോലും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അത്രവലിയ വിജയം അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 60 കമ്യൂണിസ്റ്റു സ്ഥാനാർഥികളും അഞ്ച് കമ്യൂണിസ്റ്റു സ്വതന്ത്രന്മാരും നിയമസഭയിലേക്ക് നടന്നുകയറി. കോൺഗ്രസ് 43, പിഎസ്‍പി 9, മുസ്ലിംലീഗ് 8, കക്ഷിരഹിതർ 1 എന്നിങ്ങനെയായിരുന്നു മറ്റു കക്ഷികളുടെ നില.
മന്ത്രിയാക്കും തന്ത്രങ്ങളുമായി ക്രൂഷ്‍ചേവ്
128 അംഗ നിയമസഭയില്‍ പ്രവര്‍ത്തനഭൂരിപക്ഷത്തിന് ഒന്നോരണ്ടോ വോട്ടുകളുടെ മാത്രം കുറവേയുള്ളൂവെന്ന് സിപിഐ നേതാക്കള്‍ മനസിലാക്കി. അവര്‍ ഉടന്‍ യോഗം ചേര്‍ന്നു. അഞ്ച് സ്വതന്ത്രന്മാരില്‍ നാലുപേരുടെ പിന്തുണ പാര്‍ട്ടിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം പാര്‍ട്ടി പിന്തുണയിലാണ് അവര്‍ വിജയിച്ചത്. അവശേഷിച്ച ഒരു സ്വതന്ത്രന്‍റെ പിന്തുണ നിര്‍ണ്ണായകമായിരുന്നു. അത് ഡോക്ടര്‍ അമ്പാട്ട് രാവുണ്ണി മേനോൻ എന്ന ഡോ എ ആര്‍ മേനോന്‍ ആയിരുന്നു. അദ്ദേഹം പ്രതിപക്ഷത്തേക്ക് പോയാല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഉണ്ടാകില്ല. ഒന്നുകില്‍ അദ്ദേഹത്തെ സ്‍പീക്കറാക്കി ആ നിര്‍ണ്ണായക വോട്ട് നിര്‍വ്വീര്യമാക്കണം, അല്ലെങ്കില്‍ ഒപ്പം കൂട്ടി മന്ത്രിയാക്കണം. നീക്കങ്ങള്‍ ചടുലമായി.
(ചിത്രം - എം എന്‍ ഗോവിന്ദന്‍ നായര്‍)
വളരെപ്പെട്ടെന്നു തന്നെ കൊച്ചിയില്‍ കമ്മ്യൂണിസ്റ്റ് നിയമസഭാകക്ഷി സമ്മേളനം നടന്നു. കമ്യൂണിസ്റ്റു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എം എൻ ഗോവിന്ദൻ നായരായിരുന്നു പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതിന്റെ പ്രധാന ശിൽപ്പി. കേരള ക്രൂഷ്‍ചേവ് എന്നായിരുന്നു പത്രക്കാര്‍ക്കിടയിലെ എം എന്നിന്‍റെ ഓമനപ്പേര്. അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. പാർട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്തവുമായി മത്സരരംഗത്തു നിന്നും സ്വയം ഒഴിയുകയായിരുന്നു അദ്ദേഹം. ഒടുവില്‍ എം എന്‍ ഗോവിന്ദന്‍ നായര്‍ തന്നെ മുന്‍കയ്യെടുത്ത് പാർട്ടി സംസ്ഥാന കൗൺസിൽ ഇഎംഎസിനെ നിയമസഭാകക്ഷി നേതാവായി തെരെഞ്ഞെടുത്തു. അങ്ങനെ നീലേശ്വരത്തു നിന്നും ജയിച്ച ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് പ്രഥമ കമ്യൂണിസ്റ്റു സർക്കാരിന്‍റെ അമരക്കാരനായി.
മന്ത്രിസഭാ രൂപീകരണത്തിന് ഡോ എ ആര്‍ മേനോന്‍റെ പിന്തുണ വേണമെന്ന കാര്യത്തില്‍ ഇഎംഎസും ഗോവിന്ദന്‍ നായരും യോജിച്ചു. തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മലര്‍ത്തിയടിച്ച ഡോ മേനോനും വലിയ ആവേശത്തിലായിരുന്നു. കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രത്തിലെ തന്‍റെ പ്രകടനം തന്നെയായിരുന്നു അതിനു പ്രധാനകാരണം. മാത്രമല്ല തന്‍റെ മുഖ്യശത്രുവായ പനമ്പിള്ളി ഗോവിന്ദ മേനോന്‍ ചാലക്കുടി നിയോജക മണ്ഡലത്തില്‍ പിഎസ്‍പി സ്ഥാനാര്‍ത്ഥിക്കു മുന്നില്‍ തകര്‍ന്നടിയുന്ന കാഴ്‍ചയും മേനോനെ ആവേശഭരിതനാക്കി. ഈ രണ്ടു മന:ശാസ്ത്ര ഘടകങ്ങള്‍ കോണ്‍ഗ്രസ് ഒഴിച്ചുള്ള ഏതു പാര്‍ട്ടിയുമായും കൂട്ടുകൂടുന്നതിനുള്ള ഒരു മനോഭാവം ഡോക്ടറില്‍ വളര്‍ത്തി. ഈ സമയമൊക്കെ കാര്യങ്ങള്‍ സസൂക്ഷ്‍മം വീക്ഷിച്ചുകൊണ്ട് തക്കംപാര്‍ത്തിരിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍. അവര്‍ ഉടനടി മേനോനെ സമീപിച്ചു, അദ്ദേഹത്തെ മന്ത്രിസഭയിലേക്കും ക്ഷണിച്ചു.
(ചിത്രം - ഇ എം എസ് നമ്പൂതിരിപ്പാട്)
പൊളിഞ്ഞ പാര
എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തുന്നത് ഏതുവിധേനയും തടയാന്‍ ഒരാള്‍ അപ്പോഴും ശ്രമിക്കുന്നുണ്ടായിരുന്നു. ചുറ്റുമുള്ള സംഭവവികാസങ്ങളെ അദ്ദേഹവും ജാഗരൂകനായി വീക്ഷിക്കുന്നുണ്ടായിരുന്നു. പിഎസ്‍പി നേതാവായ സാക്ഷാല്‍ പട്ടം താണുപിള്ള എന്ന മുന്‍ തിരുക്കൊച്ചി മുഖ്യനായായിരുന്നു ആ മനുഷ്യന്‍. സ്വതസിദ്ധമായ കമ്മ്യൂണിസ്റ്റു വിരോധത്തിനൊപ്പം രണ്ടുവര്‍ഷം മുമ്പ് തന്നെ പറഞ്ഞു കബളിപ്പിച്ചതും അദ്ദേഹത്തിനുള്ളില്‍ പുകയുന്നുണ്ടായിരുന്നു. അങ്ങനെയൊരാള്‍ കമ്മ്യൂണിസ്റ്റുകാര് ഐക്യകേരളത്തിന്‍റെ മുഖ്യമന്ത്രിയാകുന്നത് എങ്ങനെ സഹിക്കാനാണ്?!
സിപിഐയുടെ നീക്കങ്ങളെ പൊളിക്കാന്‍ രാഷ്‍ട്രീയ തന്ത്രങ്ങളുടെ ഉസ്‍താദായിരുന്ന പട്ടം താണുപിള്ള ശ്രമം തുടങ്ങി. പട്ടത്തിന്‍റെ അടുത്ത സുഹൃത്തായിരുന്നു ഡോ ഏ ആര്‍ മേനോന്‍. മന്ത്രിസഭാ രൂപീകരണം തടാന്‍ മേനോനെ സിപിഐയില്‍ നിന്നും എങ്ങനെയെങ്കിലും അകറ്റണമെന്ന് പട്ടം ഉറപ്പിച്ചു. ഉടനെ പട്ടം അദ്ദേഹത്തിന് ഒരു ടെലഗ്രാം അയച്ചു. സിപിഐയുടെ ക്ഷണം മേനോന്‍ സ്വീകരിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു അത്. അടിയന്തിരമായി ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും ഉടന്‍ നേരില്‍ കാണണം എന്നുമായിരുന്നു ആ സന്ദേശത്തിന്‍റെ ഉള്ളടക്കം. അത് തന്‍റെ ചങ്ങാതിയായ ഡോക്ടര്‍ക്കൊന്നു ലഭിച്ചാല്‍ മാത്രം മതി താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടത്തിയെടുക്കാന്‍. ഉള്ളില്‍ ചിരിച്ചു പട്ടം.
(ഡോക്ടര്‍ ഏ ആര്‍ മേനോന്‍)
പക്ഷേ പിന്നീടുള്ള ദിവസങ്ങളില്‍ പട്ടം ഞെട്ടി. കാരണം ആ ടെലിഗ്രാമിന് യാതൊരു പ്രതികരണവും ഉണ്ടായില്ല. ഉറ്റസുഹൃത്തായ മേനോന്‍റെ മൌനം പട്ടത്തെ അമ്പരപ്പിച്ചു. എങ്കിലും, തന്നെ നേരില്‍ക്കണ്ട ശേഷമല്ലാതെ മേനോന്‍ യാതൊരു തീരുമാനവും എടുക്കില്ലെന്ന് പട്ടം ഉറച്ച വിശ്വസിച്ചു. ഒടുവില്‍ ഏതാനും ദിവസങ്ങള്‍ക്കു ശേഷം രണ്ടു ചങ്ങാതിമാരും പരസ്‍പരം കണ്ടു. തിരുവനന്തപുരത്തുവച്ചായിരുന്നു ആ കൂടിക്കാഴ്‍ച. പക്ഷേ അപ്പോഴേക്കും ഡോക്ടര്‍ മേനോന്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായി സ്ഥാനമേറ്റിരുന്നു. ചങ്ങാതിമാര്‍ തമ്മിലുള്ള ആ ബന്ധം അതോടെ തകര്‍ന്നു. പനമ്പിള്ളിയോടുള്ള പൊതുവിരോധം മാത്രം ഇരുവരിലും അവശേഷിച്ചു.
എന്തായാലും പട്ടത്തിന്‍റെ അവസാനശ്രമവും അങ്ങനെ പൊളിഞ്ഞു. അതോടെ ചരിത്രം പിറന്നു. ബാലറ്റിലൂടെ അധികാരത്തിലെത്തുന്ന ലോകത്തെ ആദ്യ കമ്യൂണിസ്റ്റു സർക്കാര്‍ അധികാരത്തിലേറുന്ന കാഴ്‍ചയ്ക്ക് സാക്ഷിയാകാനായിരുന്നു കടുത്ത കമ്മ്യൂണിസ്റ്റ് വിരോധിയായ മറ്റുപലരെയും എന്നപോലെ പട്ടത്തിന്‍റെയും വിധി. 1957 ഏപ്രിൽ 5നായിരുന്നു ആ ചരിത്രമുഹൂര്‍ത്തം. 65 സാമാജികരുടെ ബലത്തില്‍ ഇഎംഎസ് മന്ത്രിസഭ അധികാരമേറ്റു.
(ചിത്രം - ഇ എം എസ് ഐക്യ കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു)
ടി വി തോമസ്, സി അച്യുതമേനോൻ, കെ സി ജോർജ്ജ്, ജോസഫ് മുണ്ടശ്ശേരി, ഡോ. എ ആർ മേനോൻ, കെ പി ഗോപാലൻ, വി ആർ കൃഷ്ണയ്യർ, ടി എ മജീദ്, പി കെ ചാത്തൻ, കെ ആർ ഗൗരി എന്നിവരായിരുന്നു മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ. മറ്റുചില പ്രത്യേകതകള്‍ക്കൂടി ആ മന്ത്രിസഭയ്ക്ക് ഉണ്ടായിരുന്നു. ഒറ്റകക്ഷിയെന്ന നിലയിൽ ഏതെങ്കിലുമൊരു കക്ഷിക്ക് കേരള നിയമസഭയിൽ ഭൂരിപക്ഷം ലഭിക്കുന്ന ആദ്യത്തെയും അവസാനത്തെയും തെരഞ്ഞെടുപ്പും അതുതന്നെയായിരുന്നു!
(ചിത്രം - ആദ്യത്തെ കേരള മന്ത്രിസഭ)
(അടുത്തത് - കഥകളിലൂടെ വിമോചനം; വിമോചനത്തിന്‍റെ കഥകള്‍!
ഭാഗം 1 - ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!
ഭാഗം 2 - ആ സര്‍ക്കാരിനെ മറിച്ചിട്ടത് സിനിമാ തിയേറ്ററിലെ യോഗം!
ഭാഗം 3 - വില പേശി പറ്റിച്ചു, ഒടുവില്‍ സിപിഐ പാലവും വലിച്ചു!
വിവരങ്ങള്‍ക്ക് കടപ്പാട് -
കേരള രാഷ്‍ട്രീയം ഒരു അസംബന്ധ നാടകം - കെ സി ജോണ്‍
ലേഖനം - ആര്‍ രാജേന്ദ്രന്‍ - ജനയുഗം (2016)
വിക്കിപീഡിയ