ആ സര്‍ക്കാരിനെ മറിച്ചിട്ടത് സിനിമാ തിയേറ്ററിലെ യോഗം!

നാഗര്‍കോവിലിലെ ഒരു പഴയ സിനിമാക്കൊട്ടകയില്‍ 1953ല്‍ നടന്ന ഒരു യോഗമായിരുന്നു തിരുക്കൊച്ചി സംസ്ഥാനത്തെ ആദ്യ സര്‍ക്കാരിനെ താഴെയിറക്കുന്നത്. 

Election History Of Kerala Legislative Assembly - 2 Part

പാർട്ടികൾ പലതായി വർധിച്ചുകൊണ്ടിരിക്കുന്ന കാലം. നിരന്തര കൂടിയാലോചനകളുടെ ഫലമായി കോൺഗ്രസും ഡെമോക്രാറ്റിക്‌ പാർട്ടിയും ഒന്നായി. ഡെമോക്രാറ്റിക്‌ പാർട്ടി പിരിച്ചുവിട്ടു. തിരുക്കൊച്ചി സംസ്ഥാനത്ത് ആദ്യ പൊതുതെരഞ്ഞെടുപ്പു നടന്നത്‌ 1951 ഡിസംബർ 10 മുതൽ 1952 ജനുവരി 5 വരെയായിരുന്നു. ആകെ 108 നിയമസഭാ നിയോജകമണ്ഡലങ്ങളും 12 പാർലമെന്ററി നിയോജകമണ്ഡലങ്ങളുമാണ്‌ ഉണ്ടായിരുന്നത്‌. പാർലമെന്റിലേക്ക്‌ 47 സ്ഥാനാർഥികൾ മത്സരിച്ചു. (കോൺഗ്രസ്‌-11, സോഷ്യലിസ്റ്റ്‌ -8, സ്വതന്ത്രരും മറ്റ്‌ പാർട്ടികളും-27) കോൺഗ്രസ്‌ ആറും കമ്മ്യൂണിസ്റ്റുപാർട്ടി ഉൾപ്പെടെയുള്ള മറ്റ്‌ പാർട്ടികളും സ്വതന്ത്രന്മാരും ചേർന്ന്‌ ആറു സീറ്റുകളും കരസ്ഥമാക്കി.

എതിർസ്ഥാനാർഥികളുടെ നാമനിർദ്ദേശപത്രികകൾ തള്ളപ്പെട്ടതുമൂലം നാല്‌ നിമസഭാ മണ്ഡലങ്ങളിൽ മൂന്നു കോൺഗ്രസുകാരും ഒരു സോഷ്യലിസ്റ്റും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ശേഷിച്ച 104 സീറ്റിൽ കോൺഗ്രസ്‌-99, സോഷ്യലിസ്റ്റ്‌-71, സ്വതന്ത്രർ-267 എന്നിങ്ങനെ 437 സ്ഥാനാർഥികൾ മത്സരിച്ചു. കമ്യൂണിസ്റ്റുപാർട്ടി, കെഎസ്പി, ആർഎസ്പി തുടങ്ങിയ പാർട്ടികളുടെ സ്ഥാനാർഥികളെ സ്വതന്ത്രരുടെ കൂടെയാണ്‌ ഉൾപ്പെടുത്തിയിരുന്നത്‌. തിരുക്കൊച്ചിയിൽ നിരോധിത പാർട്ടിയായിരുന്നു കമ്യൂണിസ്റ്റുപാർട്ടി. 44 കോൺഗ്രസുകാരും 11 സോഷ്യലിസ്റ്റുകാരും 53 സ്വതന്ത്രരും വിജയിച്ചു. സ്വതന്ത്രരിൽ 25 പേർ കമ്മ്യൂണിസ്റ്റുകാരും ആറുപേർ ആർഎസ്‍പിയും ഒരാൾ കെഎസ്‍പിയും എട്ടുപേർ തിരുവിതാംകൂർ തമിഴ്‌നാട്‌ കോൺഗ്രസും ഒരാൾ കൊച്ചിൻ പാർട്ടിയുമായിരുന്നു.

1952 മാർച്ച്‌ 12ന്‌ കോൺഗ്രസിലെ ഏ ജെ ജോണിന്റെ നേതൃത്വത്തിൽ പനമ്പിള്ളി ഗോവിന്ദമേനോൻ, ടി എം വർഗീസ്‌, കളത്തിൽ വേലായുധൻ നായർ, വി മാധവൻ, കെ കൊച്ചുകുട്ടൻ എന്നിവർ ഉൾപ്പെട്ട മന്ത്രിസഭ അധികാരമേറ്റു. ഇതിനിടെ തിരുവിതാംകൂർ തമിഴ്‌നാട്‌ കോൺഗ്രസു(ടിടിഎൻസിാ‍മായി ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ കോൺഗ്രസ്‌ തുടങ്ങിയിരുന്നു. തിരുവിതാംകൂറിലെ തമിഴ്‌ പ്രദേശങ്ങൾക്ക്‌ പ്രത്യേകമായ കോൺഗ്രസ്‌ സംഘടന വേണമെന്ന ആവശ്യം തമിഴ്‌നാട്‌ കോൺഗ്രസ്‌ മുന്നോട്ടുവെച്ചു. ഇക്കാര്യത്തിൽ ധാരണയുമായി. തത്ഫലമായി തമിഴ്‌നാട്‌ കോൺഗ്രസിന്റെയും ഏതാനും സ്വതന്ത്രരുടെയും പിന്തുണ കോൺഗ്രസിനു ലഭിച്ചു. തമിഴ്‌നാട്‌ കോൺഗ്രസിലെ ചിദംബരനാഥ നാടാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി.

Election History Of Kerala Legislative Assembly - 2 Part

(ചിത്രം - എ ജെ ജോണ്‍)

സര്‍ക്കാരിനെ മറിച്ചിട്ട യോഗം
എന്നാൽ മന്ത്രിസഭയുടെ ഭാവി സുഗമമായിരുന്നില്ല. പ്രത്യേക സംഘടന ആവശ്യം അംഗീകരിക്കാതെവന്നപ്പോൾ ടിടിഎൻസി കോൺഗ്രസിനുള്ള പിന്തുണ പിൻവലിച്ചു. നാഗര്‍കോവിലിലെ ഒരു പഴയ സിനിമാക്കൊട്ടകയില്‍ 1953ല്‍ നടന്ന ഒരു യോഗമായിരുന്നു തിരുക്കൊച്ചി സംസ്ഥാനത്തെ ആദ്യ സര്‍ക്കാരിനെ താഴെയിറക്കുന്നത്. കാലിളകിയ തടിബെഞ്ചുകള്‍ നിറഞ്ഞ ഈ തിയേറ്ററിന്‍റെ അകത്തിരുന്നാണ് തിരുവിതാകൂര്‍ - കൊച്ചി കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ തമിഴ്‍നാട് കോണ്‍ഗ്രസ് തീരുമാനം എടുത്തത്. 

യോഗം കഴിഞ്ഞ ഉടന്‍ തമിഴ്‍നാട് കോണ്‍ഗ്രസുകാരനായ വനംവകുപ്പ് മന്ത്രി ചിദംബരനാഥ നാടാര്‍ തന്‍റെ സ്റ്റേറ്റുകാറില്‍ തിരുവനന്തപുരത്തേക്ക് പാഞ്ഞു. തന്‍റെ രാജിക്കത്തുമായിട്ടായിരുന്നു ആ യാത്ര. രാജി മുഖ്യമന്ത്രി എ ജെ ജോണിന്‍റെ മുന്നിലെത്തിയതോടെ ഫലത്തില്‍ മന്ത്രിസഭ താഴെ വീണു. മുഖ്യമന്ത്രിക്ക് അതൊരു ഞെട്ടലായിരുന്നു. കാരണം അപ്പോള്‍ മാത്രമാണത്രെ മുഖ്യമന്ത്രിയായ എ ജെ ജോണ്‍ തമിഴ്‍നാട് കോണ്‍ഗ്രസ് സഖ്യം വിടുമെന്ന കാര്യം വിശ്വസിച്ചത്.  1953 സെപ്റ്റംബർ 23ന്‌ വിശ്വാസപ്രമേയം 51 വോട്ടുകൾക്കെതിരെ 56 വോട്ടുകൾക്ക്‌ സഭ തള്ളി. നിയമസഭ പിരിച്ചുവിട്ടു. തെരഞ്ഞെടുപ്പുവരെ ജോൺ മന്ത്രിസഭ തുടർന്നു.

സിപിഐയെ പറ്റിച്ച് പട്ടം
1954 ഫെബ്രുവരിയിലായിരുന്നു തിരുക്കൊച്ചിയിലെ രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പ്‌. അപ്പോഴേക്കും നിയോജകമണ്ഡലങ്ങളുടെ പുനർനിർണ്ണയംമൂലം സീറ്റുകൾ 118 ആയി ഉയർന്നു. പട്ടത്തിന്‍റെ പ്രജാസോഷ്യലിസ്റ്റ്‌ പാർട്ടി (പിഎസ്‍പി)യും സിപിഐയും ആര്‍എസ്‍പിയുമൊക്കെ പരസ്‍പരം ധാരണയുണ്ടാക്കിയായിരുന്നു തെരെഞ്ഞെടുപ്പ്. 'ഐക്യം ജയിക്കും ജനങ്ങള്‍ ഭരിക്കും' എന്നായിരുന്നു അവരുടെ മുദ്രാൃവാക്യം. 

ഒടുവില്‍ ഫലം വന്നു. കോൺഗ്രസ്‌-45, കമ്യൂണിസ്റ്റ്‌ പാർട്ടി-23, ടിടിഎൻസി-12, പ്രജാസോഷ്യലിസ്റ്റ്‌ പാർട്ടി (പിഎസ്‍പി)-19, ആർഎസ്‍പി-9, കെഎസ്‍പി-3, കക്ഷിരഹിതർ-6, ആംഗ്ലോഇന്ത്യൻ-1 എന്നിങ്ങനെയായിരുന്നു കക്ഷിനില. അതായത് നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷം ആർക്കും ലഭിച്ചില്ല. മന്ത്രിസഭ രൂപീകരണത്തിന്‌ കോൺഗ്രസിനു കഴിഞ്ഞുമില്ല. കമ്മയൂണിസ്റ്റ് പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ്‌ ധാരണ ഉണ്ടായിരുന്നെങ്കിലും നിയമസഭയിൽ ആ സഖ്യം തുടരാൻ പിഎസ്‍പി തയ്യാറായില്ല. ഇതോടെ പട്ടത്തെ വഞ്ചകനെന്നു വിളിച്ചു സിപിഐക്കാര്‍. പട്ടമാകട്ടെ തന്‍റെ ജന്മസിദ്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തെ കൂടുതല്‍ ഊതിപ്പെരുപ്പിക്കുകയും ചെയ്‍തു.

Election History Of Kerala Legislative Assembly - 2 Part

(ചിത്രം - പട്ടം താണുപിള്ള)

ആരു ഭരിക്കും എന്ന പ്രതിസന്ധിക്കൊടുവില്‍ ക്രിയാത്മക സഹകരണത്തോടെ മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസ്‌ പിഎസ്‍ക്ക്‌ പിന്തുണ വാഗ്‍ദാനം ചെയ്‍തു. അങ്ങനെ സംസ്ഥാനചരിത്രത്തില്‍ ആദ്യമായി പട്ടത്തിന്റെ നേതൃത്വത്തിൽ ഒരു ന്യൂനപക്ഷ മന്ത്രിസഭ പിറന്നു.  എന്നാല്‍ പട്ടം മുഖ്യമന്ത്രിയും പി എസ്‌ നടരാജപിള്ള,  പി കെ കുഞ്ഞ്‌, എ അച്യുതൻ എന്നിവരും ഉൾപ്പെട്ട ഈ മന്ത്രിസഭക്ക്‌ അധികം ആയുസ് ഉണ്ടായില്ല. 

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം വേണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള തമിഴ്‍നാട് കോണ്‍ഗ്രസിന്‍റെ പ്രക്ഷോഭം ഒരുവശത്ത്. പിഎസ്‍പിയുടെ നേതാവായ പട്ടവും  കോൺഗ്രസ്‌ നേതാവായ പനമ്പിള്ളിയും തമ്മിലുള്ള അനിഷ്‍ടം മറുവശത്ത്. തിരുവിതാംകൂറിനെ പ്രതിനിധാനം ചെയ്‍തിരുന്ന പട്ടം രാഷ്‍ട്രീയമായും ധൈഷണികമായും പിന്നോക്കം നില്‍ക്കുന്ന ഇടമായിട്ടാണ് കൊച്ചിയെയും അതിന്‍റെ വ്യക്തവായ പനമ്പിള്ളിയെയും കണ്ടിരുന്നത്. എന്നാല്‍ പനമ്പിള്ളിയാകട്ടെ ഗുണനിലവാരം കുറഞ്ഞവനും വിധി തെറ്റായ സ്ഥാനത്ത് എത്തിച്ചയാളുമായിട്ടാണ് പട്ടത്തെ കണ്ടിരുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ക്രിയാത്മകസഹകരണം നല്‍കുന്നതിനിടയിലും പനമ്പിള്ളി പ്രതിപക്ഷ നേതാവുകൂടി ചമയുകയാണെന്ന് പട്ടം കരുതി. 

ഇതിനിടെ മാര്‍ത്താണ്ഡത്ത് പൊലീസ് വെടിവയ്‍പില്‍ തമിഴ്‍നാട് കോണ്‍ഗ്രസിലെ ഏഴുപേര്‍ കൊല്ലപ്പെട്ടതോടെ പിഎസ്‍പിയുടെ അകത്തും പടയൊരുങ്ങി. റാം മനോഹര്‍ ലോഹ്യ പട്ടത്തോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഈ സമയത്ത് പിഎസ്‍പി ഭരണത്തിന്‍ കീഴില്‍ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷവും അസ്വസ്ഥമായിരുന്നു. നേരത്തെയുള്ള വഞ്ചനയ്ക്ക് പുറമേ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ഏഴിന ഭൂപരിഷ്‍കരണ നിയമം കൊണ്ടുവരാനുള്ള സര്‍ക്കാരിന്‍റെ നീക്കവും അവരെ പരിഭ്രമത്തിലാഴ്‍ത്തി. തമിഴ്‍നാട് കോണ്‍ഗ്രസ് സംസ്ഥാനത്തുണ്ടാക്കിയ കുഴപ്പം കൂടുതല്‍ കുളമാക്കേണ്ടത് അത്യാവശ്യമാണെന്ന് സിപിഐ ഉറപ്പിച്ചു. ട്രാന്‍സ്‍പോര്‍ട്ട് ജീവനക്കാരുടെ ഒരു പണമുടക്കിന് സിപിഐ ആഹ്വാനം ചെയ്‍തതോടെ സംസ്ഥാന ഭരണം കൂടുതല്‍ കുഴപ്പത്തിലായി. രാഷ്‍ട്രീയ രംഗത്തെ ഈ മാറ്റങ്ങളൊക്കെ സര്‍ക്കാരിനെ മറിച്ചിടാന്‍ കോണ്‍ഗ്രസിന് തുണയായി. അങ്ങനെ 11 മാസമായി പട്ടത്തിന്‍റെ പിഎസ്‍പി സര്‍ക്കാരിനു നല്‍കിക്കൊണ്ടിരുന്ന ക്രിയാത്മക പിന്തുണ പിന്‍വലിക്കാന്‍ പനമ്പിള്ളി ഗോവിന്ദമേനോനും കോണ്‍ഗ്രസും തീരുമാനിച്ചു.

(അടുത്തത് - വില പേശി, പാലം വലിച്ച് സിപിഐ)

(വിവരങ്ങള്‍ക്ക് കടപ്പാട് - കേരള രാഷ്‍ട്രീയം ഒരു അസംബന്ധ നാടകം - കെ സി ജോണ്‍)

ആദ്യം ഭാഗം - 
ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!

Latest Videos
Follow Us:
Download App:
  • android
  • ios