'കുടുംബവാഴ്‌ച്ച'യ്‌ക്കെതിരെയാണ് ബിജെപിക്ക് വോട്ട് ചെയ്‌തത് എന്ന് ഇനിയാര്‍ക്കും പറയാനാവില്ല; കാരണം ഇതാണ്!
നേതാക്കളുടെയോ എംപിമാരുടെയോ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. എന്നാല്‍, ലോക്‌സഭയിലെത്തിയ കുടുംബവാഴ്‌ച്ചക്കാരില്‍ 22 ശതമാനവും ഇതേ ബിജെപിയില്‍ നിന്നുള്ളവരാണ്!!
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ബിജെപി ഉന്നയിച്ച പ്രധാന ആരോപണങ്ങളില്‍ ഒന്നായിരുന്നു 'കുടുംബവാഴ്‌ച്ച'. നേതാക്കളുടെയോ എംപിമാരുടെയോ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. എന്നാല്‍, ലോക്‌സഭയിലെത്തിയ കുടുംബവാഴ്‌ച്ചക്കാരില്‍ 22 ശതമാനവും ഇതേ ബിജെപിയില്‍ നിന്നുള്ളവരാണ്!!
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കുടുംബവാഴ്‌ച്ചയെ രൂക്ഷമായി വിമര്‍ശിച്ചും 282 എംപിമാര്‍ക്ക് വീണ്ടും മത്സരിക്കാനുള്ള അവസരം നിഷേധിച്ചും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയായിരുന്നു ബിജെപി. എന്നിട്ടും പാര്‍ട്ടി എംപിമാരിലെ കുടുംബവാഴ്‌ച്ചക്കാരുടെ എണ്ണം മുമ്പെങ്ങുമില്ലാത്ത വിധം ഉയര്‍ന്നു എന്നത് വിരോധാഭാസമാണ്.
കണക്കുകള്‍ പരിശോധിച്ചാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുടുംബവാഴ്‌ച്ചയാണ് ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. 2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ലോക്‌സഭയിലെ കുടുംബവാഴ്‌ച്ചക്കാരുടെ എണ്ണം 25 ശതമാനമായിരുന്നു. (ഡെമോക്രാറ്റിക് ഡൈനാസ്‌റ്റീസ്- കാഞ്ചന്‍ ചന്ദ്ര) 2019 എത്തിയപ്പോഴേക്കും ഇത് 30 ശതമാനമായി വര്‍ധിച്ചെന്ന് ത്രിവേദി സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ ഡേറ്റയും സിഇആര്‍ഐയും ചേര്‍ന്ന് നടത്തിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്നില്‍ കോണ്‍ഗ്രസ് പിന്നില്‍ സിപിഎം
ലോക്‌സഭയിലെ കുടുംബവാഴ്‌ച്ചക്കാരുടെ എണ്ണത്തില്‍ മുന്നിലുള്ളത് ദേശീയ പാര്‍ട്ടി കോണ്‍ഗ്രസാണ്, 31 ശതമാനം. ഈ പട്ടികയിലേക്ക് ഇതുവരെയും കടന്നുവരാത്ത പാര്‍ട്ടികള്‍ സിപിഎമ്മും സിപിഐയും ആണ്. ഇരുപാര്‍ട്ടികളെയും പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയവരില്‍ രാഷ്ട്രീയകുടുംബങ്ങളില്‍ നിന്നുള്ളവര്‍ വെറും അഞ്ച് ശതമാനത്തിലും താഴെയാണ്.
സംസ്ഥാനങ്ങളില്‍ ഒന്നാമത് രാജസ്ഥാന്‍
കുടുംബവാഴ്‌ച്ചക്കാരായ എംപിമാരുടെ എണ്ണത്തില്‍ ദേശീയശരാശരിയിലും മുകളില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാമത് പഞ്ചാബ് ആണ്, 62 ശതമാനം. തൊട്ടുപിന്നില്‍ ഉള്ളത് 43 ശതമാനവുമായി ബീഹാര്‍ ആണ്. മഹാരാഷ്ട്ര (42%), കര്‍ണാടക (39%), തമിഴ്‌നാട്(37%), ആന്ധ്രാപ്രദേശ്(36%), തെലങ്കാന(35%), ഒറീസ്സ(33%), രാജസ്ഥാന്‍(32%) എന്നിങ്ങനെയാണ് പിന്നാലെയുള്ള നിര.
പ്രാദേശിക പാര്‍ട്ടികളെ മറികടന്ന് ദേശീയ പാര്‍ട്ടികള്‍
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കുടുംബവാഴ്‌ച്ചയെ പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രാദേശിക പാര്‍ട്ടികളാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. കുടുംബകേന്ദ്രീകൃതമായ അധികാരസ്രോതസ്സുകളില്‍ നിലനില്‍ക്കുന്ന പല പ്രാദേശിക പാര്‍ട്ടികളെയും മറികടക്കുന്ന പ്രകടനമാണ് ഇക്കാര്യത്തില്‍ ദേശീയപാര്‍ട്ടികള്‍ കാഴ്‌ച്ചവച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഈ പ്രവണത ദൃശ്യമാണ്.
കുടുംബവാഴ്‌ച്ച സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍, ബീഹാറില്‍ പ്രാദേശിക പാര്‍ട്ടികളുടെ പ്രാതിനിധ്യം 14 ശതമാനമായിരുന്നെങ്കില്‍ ദേശീയ പാര്‍ട്ടികളുടേത് 58 ശതമാനമായിരുന്നു. ഹരിയാനയില്‍ ഇത് 5:50 ആയിരുന്നു. കര്‍ണാടക (13:35) മഹാരാഷ്ട്ര (19:35) ഒഡീഷ (15:33) തെലങ്കാന(22:32) ഉത്തര്‍പ്രദേശ് (18:28) എന്നിങ്ങനെയാണ് കണക്ക്.
ചില പ്രാദേശിക പാര്‍ട്ടികളില്‍ ശരാശരി അനുപാതത്തിനും മേലെയായിരുന്നു കുടുംബവാഴ്‌ച്ച സ്ഥാനാര്‍ത്ഥികളുടെ എണ്ണം. ജെഡിഎസ്, ശിരോമണി അകാലിദള്‍, ടിഡിപി, ആര്‍ജെഡി, ബിജെഡി, എസ്‌പി എന്നിവയൊക്കെ ആ പട്ടികയില്‍ വരുന്നവയാണ്.
എന്തുകൊണ്ട് കുടുംബവാഴ്‌ച്ച?
തെരഞ്ഞെടുപ്പിലെ ജയസാധ്യത തന്നെയാണ് രാഷ്ട്രീയകുടുംബങ്ങളില്‍ നിന്നുള്ളവരെ മത്സരിപ്പിക്കാന്‍ പാര്‍ട്ടികളെ പ്രേരിപ്പിക്കുന്നത്. അതാത് പ്രദേശത്ത് ആ കുടുംബങ്ങള്‍ക്കുള്ള സ്വാധീനം വോട്ടായി മാറുമെന്ന കണക്കുകൂട്ടലാണ് ഇതിന് പിന്നലുള്ളത്.
പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്‌ത്രീകളാണ് ഇത്തരം കുടുംബവാഴ്‌ച്ച സ്ഥാനാര്‍ത്ഥികളാകുന്നതെന്ന് കണക്കുകള്‍ പറയുന്നു. എസ്‌പി, ടിഡിപി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ മത്സരിപ്പിച്ച വനിതാ സ്ഥാനാര്‍ത്ഥികളെല്ലാം രാഷ്ട്രീയകുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. കോണ്‍ഗ്രസിന്റെ വനിതാസ്ഥാനാര്‍ത്ഥികളില്‍ 54 ശതമാനവും ബിജെപിയുടേതില്‍ 53 ശതമാനവും രാഷ്ട്രീയകുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു.