മഞ്ഞുമൂടിയ മാമലകൾ കണ്ട് അതിവിശാലമായ താഴ്വാരകൾ കണ്ട് ഇടയ്ക്ക് ഇളം ചൂട് വെള്ളത്തില്‍ കുളിച്ച് അങ്ങനെയൊരു യാത്ര. വരൂ പോകാം വാന്‍കൂറില്‍ നിന്ന് ടോറന്‍റോയിലേക്ക് ഒരു യാത്ര.
ശൈത്യകാലമാണ്. മഞ്ഞ് മൂടിയ മലനിരകളും താഴ്വാരങ്ങളും കടന്ന് ഒരു യാത്ര പോകേണ്ട കാലം. അത്തരമൊരു യാത്രയെ കുറിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. അങ്ങ് കാനഡയിലാണ് ആ സ്വപ്നതുല്യമായ യാത്ര. വാൻകൂവറിൽ നിന്ന് ടൊറന്‍റോയിലേക്കുള്ള ലോകപ്രശസ്തമായ ട്രെയിനിനെ പരിചയപ്പെടുത്തുന്നു. മഞ്ഞ് വീണ ഭൂമിയിലൂടെ അഞ്ച് ദിവസം കൊണ്ട് 4,466 കിലോമീറ്റർ സഞ്ചരിക്കുന്ന അതിമനോഹരമായ യാത്രയ്ക്ക് അതിലേറെ മനോഹരമായ ഒരു ട്രെയിന്‍. കാനഡയുടെ മനോഹരമായ ഭൂപ്രകൃതി ആസ്വദിച്ച് കൊണ്ടുള്ള ഈ യാത്ര ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍ യാത്രകളിലൊന്ന് കൂടിയാണ്.
സമൂഹ മാധ്യമ ഉള്ളടക്ക സ്രഷ്ടാവ് നവങ്കുർ ചൗധരിയാണ് തന്‍റെ പുതിയ യാത്രയെ കുറിച്ച് പറയവെ, കാനഡയുടെ പൈതൃക ട്രെയിന്‍ യാത്രക്കാര്‍ക്കായി നല്‍കുന്ന സൌകര്യങ്ങളെ കുറിച്ച് വാചാലനായത്. രണ്ട് യാത്രക്കാര്‍ക്ക് സുഖപ്രദമായി കിടക്കാന്‍ കഴിയുന്ന മടക്കിവച്ച് കൂടുതല്‍ സ്ഥലം കണ്ടെത്താന്‍ സഹായിക്കുന്ന സ്പീപ്പിംഗ് കോച്ച്. വാഷ് ബേസിൻ, ടോയ്ലെറ്റിലേക്ക് ആവശ്യമായ അടിസ്ഥാന സംഗതികളെല്ലം, ചൂടുവെള്ളം കൊണ്ട് ഒരു കുളിയ്ക്കായി സ്വകാര്യ ബാത്ത്റൂം. കൂടാതെ, കോട്ടുകളും മറ്റ് വസ്ത്രങ്ങളും സൂക്ഷിക്കാൻ ഒരു പ്രത്യേക ഇടം. മഞ്ഞില്‍ ഇറങ്ങുമ്പോള്‍ ധരിക്കുന്ന കോട്ടുകൾ തൂക്കിയിടാന്‍ ഏറെ ഉപകാരപ്പെടും. രണ്ട് പേര്‍ക്കുള്ള ഈ ക്യാബിന് ഒന്നര ലക്ഷം ഇന്ത്യന്‍ രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്. പക്ഷേ, ആ ട്രെയിനിന്‍റെ ജാലക കാഴ്ചയ്ക്ക് തന്നെ അതിലേറെ വിലവരും!
ഹാരിപ്പോര്‍ട്ടർ സിനിമകളിലെ ഭൂപ്രകൃതിയെ അനുസ്മരിപ്പിക്കുന്ന യാത്ര, അതും അഞ്ച് ദിവസം! ഇടയ്ക്ക് ചൂട് വെള്ളത്തില്‍ കുളിച്ച്. തികച്ചും സ്വകാര്യമായ അഞ്ച് ദിവസങ്ങള്‍. മാന്ത്രികമായ കാഴ്ചയെന്നാണ് നവങ്കുർ ചൗധരി ആ കാഴ്ചയെ വിശേഷിപ്പിക്കുന്നത്. മഞ്ഞ് മൂടിയ പര്‍വ്വതങ്ങളും മരങ്ങളും താഴ്വാരകളും കടന്ന് പോകുന്ന ദൃശ്യങ്ങളിലേക്ക് ഇടയ്ക്ക് അദ്ദേഹം കാമറ ചലിപ്പിക്കുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ യാത്ര ആസ്വദിക്കണമെന്നും നവങ്കുർ കൂട്ടിച്ചേര്‍ക്കുന്നു. രണ്ട് ദിവസം മുമ്പ് പങ്കുവച്ച വീഡിയോ ഇതിനകം 17 ലക്ഷം പേരാണ് കണ്ടത്. അതിശയകരമായ യാത്ര എന്നാണ് കാഴ്ചക്കാരില്‍ മിക്കവരും എഴുതിയത്. ചിലര്‍ മഞ്ഞ് കാലത്തേക്കാൾ വേനല്‍ക്കാല കാഴ്ച ഏങ്ങനെയുണ്ടാകുമെന്നും ആ സമയത്ത് ടിക്കറ്റ് ചാര്‍ജ്ജ് കുറവാണോയെന്നും ചോദിച്ചത്തി. മറ്റ് ചിലര്‍ വാൻകൂവറിൽ നിന്ന് ടൊറന്‍റോയിലേക്ക് പണ്ട് നടത്തിയ യാത്രയെ കുറിച്ചെഴുതി.
'ദി കനേഡിയൻ' എന്നറിയപ്പെടുന്ന വിയ റെയിൽ ട്രെയിൻ വാൻകൂവറിൽ നിന്ന് ടൊറന്‍റോയിലേക്കാണ് പോകുന്നത്. ആഢംബര സൗകര്യങ്ങൾക്കും അതിശയകരമായ പ്രകൃതിദൃശ്യങ്ങൾക്കും ലോകപ്രശസ്തമാണ് ഈ യാത്ര. കാനഡയുടെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളെ നമ്മുടെ മുന്നിലൂടെ കൊണ്ട് പോകുന്നതിനാല്‍ യാത്ര ആസ്വദിക്കുന്നവരും യാത്ര ചെയ്തിട്ടുള്ളവരും ഈ യാത്രയെ ടൂറിസ്റ്റ് ബക്കറ്റ് ലിസ്റ്റില്‍ പ്രധാനപ്പെട്ട ഒരിടമാക്കി സൂക്ഷിക്കുന്നു. ഇക്കോണമി മുതൽ ആഢംബര സ്ലീപ്പർ താമസസൗകര്യങ്ങൾ വരെ ഈ പൈതൃക ട്രെയിനില്‍ ലഭ്യമാണ്. ഓൺബോർഡ് ഭക്ഷണത്തോടൊപ്പം പ്രാദേശിക കനേഡിയൻ വിഭവങ്ങളും ലഭിക്കും. കാനഡ റെയില്‍ വെക്കേഷന്‍റെ സൈറ്റില്‍ ഏഴ് ദിവസം കൊണ്ട് പൂര്‍ത്തിയാകുന്ന ഈ യാത്രയ്ക്ക് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ $5181 കനേഡിയന്‍ ഡോളാണ് (3,08,919 രൂപ) ടിക്കറ്റ് ചാര്‍ജ്ജ് മാത്രമെന്ന് വ്യക്തമാക്കുന്നു. ടിക്കറ്റ് ചാര്‍ജ്ജ് ഏറ്റവും കുറവ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസമാണ്. 3,257 കനേഡിയന്‍ ഡോളർ (1,94,200 രൂപ) ആണ് ഈ മാസങ്ങളിലെ ടിക്കറ്റ് ചാര്‍ജ്ജ്.