ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവര്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി വൈകരുത്.
മലയാളികൾക്ക് ഇത് ആഘോഷങ്ങളുടെ കാലമാണ്. അതിൽ ഏറ്റവും വലിയ ആഘോഷമായ വിഷുവിനെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു. വിഷുവിന് കൃത്യം ഒരു മാസം ഇനിയുണ്ട്. എങ്കിലും കേരളത്തിന് പുറത്തുള്ള മലയാളികൾക്ക് നാട്ടിലെത്തണമെങ്കിൽ ഇപ്പോഴേ ടിക്കറ്റ് ബുക്ക് ചെയ്തേ മതിയാകൂ. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അധികം വൈകാതെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യണം.
നിലവിൽ ട്രെയിൻ ടിക്കറ്റുകൾ എല്ലാം ഇതിനോടകം തന്നെ വെയ്റ്റിംഗ് ലിസ്റ്റിലായ സ്ഥിതിയ്ക്ക് തത്ക്കാൽ ടിക്കറ്റിന് ശ്രമിക്കേണ്ടി വരും. അതും നടന്നില്ലെങ്കിൽ പിന്നെ ബസിനെ ആശ്രയിക്കുകയെ വഴിയുള്ളൂ. ബസിന്റെ കാര്യം നോക്കിയാൽ കെഎസ്ആർടിസിയിലെയും കർണാടക ആർടിസിയിലെയും ടിക്കറ്റുകൾ അതിവേഗം വിറ്റഴിയുകയാണ്. ഇത്തവണ ഏപ്രിൽ 14നാണ് വിഷു. അതുകൊണ്ട് തന്നെ ഒരു മാസം മുമ്പേ കെഎസ്ആർടിസിയിൽ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു. ഏപ്രിൽ 13 ഞായറാഴ്ചയും 12 രണ്ടാം ശനിയാഴ്ചയും ആയതിനാൽ വെള്ളിയാഴ്ച തന്നെ വിഷു ആഘോഷിക്കാൻ മറുനാടൻ മലയാളികൾക്ക് നാട്ടിലേക്ക് വരാൻ കഴിയും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ ബസുകളിൽ എല്ലാം വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ കഴിവതും ഇന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് നല്ലത്.
നിലവിൽ ഏപ്രിൽ 11ന് കെഎസ്ആർടിസിയിൽ കണ്ണൂരിലേക്കുള്ള യാത്രയിലെ ഭൂരിഭാഗം ബസുകളിലെയും ടിക്കറ്റ് ബുക്കിംഗ് പൂർണ്ണമായും കഴിഞ്ഞു. അതേസമയം, കോഴിക്കോട്ടേക്കും തിരുവന്തപുരത്തേക്കുമുള്ള സർവീസുകളിൽ നിലവിൽ ടിക്കറ്റുകൾ ബാക്കിയുണ്ട്. വെള്ളിയാഴ്ച കോഴിക്കോട്ടേക്കുള്ള ചുരുക്കം ബസുകളിൽ മാത്രമേ ബുക്കിംഗ് പൂർണ്ണമായിട്ടുള്ളൂ. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള കെഎസ്ആർടിസി ബസിൽ മൂന്ന് സർവീസുകളിൽ ഇപ്പോൾ തന്നെ ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ വൈകീട്ടുള്ള ബസുകളിലെ ബുക്കിംഗാണ് അതിവേഗം പൂർത്തിയാകുന്നത്. മറ്റ് സർവീസുകളിൽ ഏതാനും ടിക്കറ്റുകളാണ് ബാക്കിയുള്ളത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലെ വിവിധ നഗരങ്ങളിലേയ്ക്ക് സർവീസ് നടത്തുന്ന കർണാടക ആർടിസി ബസുകളിലും ഇപ്പോൾ നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. ഇനി സീസൺ സമയം ആയതിനാൽ ടിക്കറ്റ് നിരക്ക് കൂടെ നോക്കാം.
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് സൂപ്പർ എക്സ്പ്രസ് എയർ ബസുകൾക്ക് 640 രൂപയും, സ്വിഫ്റ്റ് ഗരുഡ എസി സീറ്റർ ബസിന് 913 രൂപയും, സ്വിഫ്റ്റ് - ഹൈബ്രിഡ് നോൺ എസി സീറ്റർ കം സ്ലീപ്പർ ബസിന് 650 രൂപയും എസി മൾട്ടി ആക്സിലിന് 1053 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്വിഫ്റ്റ് ഡീലക്സ് എയർ ബസുകൾക്ക് 713 രൂപയും നൽകണം. ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് 1100 മുതൽ 2000 വരെ ആണ് നിലവിൽ ടിക്കറ്റ് നിരക്ക്. 983, 1631, 1533 എന്നി നിരക്കുകളിൽ നിങ്ങൾക്ക് എറണാകുളത്ത് എത്തിച്ചേരാവുന്നതാണ്. സ്ഥിരം ബസുകളിലെ സീറ്റുളുടെ ബുക്കിംഗ് പൂർത്തിയായാൽ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചേക്കും. വിഷു പോലെയുള്ള ഉത്സവ സീസണിൽ കെഎസ്ആർടിസിയും കർണാടക ആർടിസിയും സ്പെഷ്യൽ ബസ് സർവീസുകൾ നടത്താറുണ്ട്. വിഷു, ഈസ്റ്റർ സീസണിലെ തിരക്ക് പരിഗണിച്ച് റെയില്‍വേ പ്രത്യേക ട്രെയിൻ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.