Women's Day 2023 : ' ജീവിതം അതൊന്നേയുള്ളു ; സുരക്ഷ, സന്തോഷം അതൊക്കെ സ്വയം ഉറപ്പ്‌  വരുത്തേണ്ടതാണ്'

By Web Team  |  First Published Mar 8, 2023, 9:40 AM IST

പെണ്ണാണ് മണ്ണല്ല എന്ന തിരിച്ചറിവാണ് ഓരോ പെണ്ണിനും ആദ്യമുണ്ടാവേണ്ടത്‌. തനിക്ക്‌ ദോഷമാവുന്ന തന്റെ മനസമാധാനം കെടുത്തുന്ന എല്ലാത്തിനോടും നോ പറയാനുള്ള ധൈര്യമാണുണ്ടാവേണ്ടത്‌.
 


ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് വനിതാ ദിനാചരണം. സ്ത്രീയ്ക്ക്‌ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും സ്ത്രീസുരക്ഷയും ഉന്നമനവും ഉറപ്പു വരുത്തുകയുമൊക്കെയാണ് വനിതാ ദിനത്തിന്റെ പിന്നിലെ ലക്ഷ്യങ്ങൾ.

ഓരോ വനിതാ ദിനവും ജാഥകളും പ്രകടനങ്ങളും മീറ്റിങ്ങുകളും നടത്തി പ്രശസ്തരും പ്രഗത്ഭരുമായ വനിതകളെ ആദരിച്ചും വനിതാദിനം ആഘോഷമാക്കാറുണ്ട് നമ്മൾ. അത്‌ ഒരു വശം മാത്രമാണ്. പക്ഷെ മറുവശത്തൊ ആഘോഷങ്ങളുടെ അലങ്കാരങ്ങളില്ലാതെ മരണത്തിനും ജീവിതത്തിനുമിടയിൽ നോവിന്റെ ഭാണ്ഡവുമായ്‌ വേച്ചു നടക്കുന്ന കുറെയേറെ സ്ത്രീകൾ ഇന്നുമുണ്ട്‌.

Latest Videos

undefined

അവർക്കും സ്വാതന്ത്ര്യം നേടികൊടുക്കണം, സുരക്ഷിതത്വമുണ്ടാക്കണം, മുന്നോട്ട്‌ കൊണ്ടുവരണം എന്നൊക്കെ ഘോരഘോരം പ്രസംഗിച്ചും എഴുതിയും  പറഞ്ഞും വെറുതെ സമയം കളയാൻ ഞാനില്ല  കാരണം എന്റെ പ്രിയപ്പെട്ട പെണ്ണുങ്ങളേ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചൊരു പാഠമുണ്ട്‌ വാക്കിലൊ വരിയിലൊ അല്ല പ്രവൃത്തിയിലെ കാര്യമുള്ളു എന്ന്. സ്ത്രീയുടെ സ്വാതന്ത്ര്യം എന്നത്‌ ആരുടെയും ഔദാര്യമല്ല അതാരും തരികയുമില്ല  അത്‌ ഓരോ സ്ത്രീയും സ്വയം നേടിയെടുക്കേണ്ടതാണ്.

മറ്റാരിൽ നിന്നുമല്ല ഞാനിങ്ങനെ ചെയ്താൽ, അല്ലെങ്കിൽ ഞാൻ അങ്ങനെ പറഞ്ഞാൽ, ഇഷ്ടമുള്ളൊരു ഡ്രസ്സിട്ടാൽ ഒക്കെ മറ്റുള്ളവർ എന്ത്‌ പറയും എന്ത്‌ ചിന്തിക്കും എന്ന നമ്മുടെ ചിന്തയിൽ നിന്നാണ് ആദ്യം ഓരോ പെണ്ണും സ്വാതന്ത്ര്യം നേടേണ്ടത്‌ മറ്റുള്ളവരെന്തും ചിന്തിച്ചോട്ടെ എന്തും പറഞ്ഞോട്ടെ ശരിയാണ് ചെയ്യുന്നതെന്നുറപ്പുണ്ടെങ്കിൽ നിങ്ങളുടെ പ്രവൃത്തികൾക്ക്‌ മറ്റാരുടെയും സർട്ടിഫിക്കറ്റ്‌ കിട്ടേണ്ട ആവശ്യമുണ്ടെന്ന് വാശിപിടിക്കേണ്ട ആവശ്യമേയില്ല .

ദൂരെ നിന്നും അലറി പാഞ്ഞടുക്കുന്നൊരു ട്രെയിനിന്റെ ശബ്ദം ഇന്നുമെന്റെ ഉറക്കം കെടുത്തി തലച്ചോറിനുള്ളിലൂടെ കടന്നു പോകുമ്പോഴൊക്കെയും പറക്കമുറ്റാത്ത രണ്ട്‌ കുഞ്ഞുങ്ങളെ ചേർത്ത്‌ പിടിച്ച്‌ അവസാന നിമിഷത്തിൽ മരണത്തിന്റെ വായിൽ നിന്നും തിരിഞ്ഞ്‌ നടന്നൊരു നിമിഷത്തിന്റെ ചിത്രം എന്റെയുള്ളിലിപ്പോഴും മായാതെ കിടപ്പുണ്ട്‌.

അച്ഛൻ ,അമ്മ ബന്ധുക്കൾ സ്വത്ത്‌ , പണം എല്ലാം ചുറ്റുമുണ്ടായിരുന്നിട്ടും തനിച്ചായ്‌ പോയൊരുവൾ.  ജീവിച്ചിരുന്നാൽ ഭ്രാന്തുപിടിക്കുമെന്ന് തോന്നിയ നിമിഷത്തിൽ ഇനിയും വേദനിക്കാൻ വയ്യെന്ന് തോന്നിയ നേരത്ത്‌ ജീവിച്ചിരിക്കാൻ മാർഗ്ഗമില്ലെന്ന ചിന്തയിൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ നിന്നപ്പൊ രക്ഷിക്കാൻ ഒരാളെയും കണ്ടില്ല. 

ജീവിച്ചിരുന്നെ മതിയാവു എന്ന് സ്വയം തോന്നിയ തിരിച്ചറിവിൽ ജീവിതത്തിലേയ്ക്ക്‌ തിരികെ നടന്നു കയറുമ്പോൾ മുന്നിൽ പെരുവഴിയും കാലിക്കീശയും പ്രിയപ്പെട്ടവരെന്ന് കരുതിയ പലരുടെയും കുറ്റപ്പെടുത്തലുകളും മാത്രമെ കൂട്ടിനുണ്ടായിരുന്നുള്ളു.

ജീവിതം ജീവിച്ച്‌ തന്നെ തീർക്കാൻ തീരുമാനിച്ച്‌ തുടങ്ങുന്നൊരുവൾക്ക്‌ താങ്ങാവാനൊ തണലാവാനൊ ആരുമുണ്ടാവില്ല. കുറ്റപ്പെടുത്താനും കൂടെ നിന്ന് ചൂഷണം ചെയ്യാൻ ശ്രമിക്കാനും ഒന്നുകൂടി തള്ളിയിട്ട്‌ തളർത്താനുമൊക്കെയെ ആളുണ്ടാവു.

പെണ്ണാണ് മണ്ണല്ല എന്ന തിരിച്ചറിവാണ് ഓരോ പെണ്ണിനും ആദ്യമുണ്ടാവേണ്ടത്‌. തനിക്ക്‌ ദോഷമാവുന്ന തന്റെ മനസമാധാനം കെടുത്തുന്ന എല്ലാത്തിനോടും നോ പറയാനുള്ള ധൈര്യമാണുണ്ടാവേണ്ടത്‌. നമുക്കാരൊക്കെയുണ്ടെന്ന് പറഞ്ഞാലും ഒരാപത്തൊ പ്രശ്നങ്ങളൊ ഉണ്ടാകുന്ന സമയത്ത്‌ പലപ്പോഴും നമ്മൾ തനിച്ചെ ഉണ്ടാവു.

പലതിനെയും തനിച്ച്‌ നേരിടേണ്ടി വരും. രക്ഷിക്കാനായൊരാൾ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നതൊ ആരുമില്ലല്ലൊ എന്ന സങ്കടത്തിൽ തളർന്നു പോവുന്നതൊ അല്ല പ്രതിവിധി. നേരിടുക മുന്നിലെത്തുന്ന എന്ത്‌ പ്രശ്നത്തിനെയും നേർക്ക്‌ നേർ നിന്ന് നേരിടുക. ആരെന്ത്‌ ചെയ്താലും രണ്ട്‌ പക്ഷം പറയുന്ന ചുറ്റുമുള്ളവർക്ക്‌ അനാവശ്യമായ പ്രാധാന്യം നൽകാതിരിക്കുക.

ജീവിതം അതൊന്നെയുള്ളു എന്ന് മറന്നുപോവാതിരിക്കുക. സ്വന്തം സുരക്ഷ , സ്വന്തം സന്തോഷം , സ്വന്തം സ്വാതന്ത്ര്യം അതൊക്കെ സ്വയം ഉറപ്പ്‌  വരുത്തേണ്ടതാണ്. ഇതൊന്നും കൈകഴുകി ചെയറിലിരുന്നാൽ ആരും കൊണ്ടുവന്ന് വിളമ്പി തരില്ല. മറ്റുള്ളവരെന്ത്‌ പറയും , മറ്റുള്ളവരെന്ത്‌ ചിന്തിക്കും എന്ന ചിന്തയെ ഉള്ളിൽ നിന്ന് കുടിയൊഴിപ്പിക്കുക വന്നതിലും കൂടുതൽ സങ്കടങ്ങളോ അനുഭവിച്ചതിലും കൂടുതൽ കഷ്ടപ്പാടുകളോ ഒന്നും ഇനി ബാക്കിയുള്ള ജീവിതത്തിൽ ഉണ്ടാവാനൊന്നും പോവുന്നുണ്ടാവില്ല.

ചെയ്യുന്ന കാര്യങ്ങൾ, പറയുന്ന വാക്കുകൾ, ഓരോ നിമിഷത്തേയും പ്രവൃത്തികൾ ശരിയാണ് എന്ന് സ്വയമുറപ്പ്‌ വരുത്തുക അത്‌ മതി. ലോകത്തുള്ള എല്ലാവരുടെയും ഗുഡ്‌ സർട്ടിഫിക്കറ്റ്‌ എല്ലാ കാര്യത്തിനും എപ്പോഴും കിട്ടണമെന്ന് വാശിപിടിക്കേണ്ട കാര്യമൊന്നുമില്ല.

ചുറ്റുമുള്ളവരൊക്കെ ഒരിക്കൽ മാറും എന്റെ ജീവിതം അന്ന് നന്നാവും എന്ന പ്രതീക്ഷയൊക്കെയങ്ങ്‌ മാറ്റിവച്ചിട്ട്‌ സ്വന്തം ജീവിതം ആദ്യം നന്നാക്കുക ബാക്കിയൊക്കെ പിന്നാലെ നന്നായി കൊള്ളും. Self love , self respect എന്നതൊക്കെ സ്വാർത്ഥതയോ അഹങ്കാരമോ ഒന്നുമല്ല.

ചുറ്റുമുള്ളവരെ, കുടുംബത്തെ , സൗഹൃദങ്ങളെ, സമൂഹത്തെ ഒക്കെ സ്നേഹിക്കുകയും ബഹുമാനിക്കയും ചെയ്യുന്നതിനൊപ്പം ചേർത്ത്‌ പിടിക്കുന്നതിനൊപ്പം അവർക്കായി ത്യാഗങ്ങൾ ചെയ്ത്‌ ക്ഷമയുടെ നെല്ലിപലകകൾ കണ്ട്‌ കാലം കഴിക്കുന്നതിനൊപ്പം ഓരോ സ്ത്രീകൾ മാത്രമല്ല ഓരോ മനുഷ്യനും സ്വയമൊന്ന് ചോദിക്കുക എനിക്ക്‌ വേണ്ടി ഞാനിതുവരെ എന്ത്‌ ചെയ്തു എന്ന് ?.

ജീവിതത്തിന്റെ ഒരു നിമിഷമെങ്കിലും ഞാൻ എനിക്ക്‌ വേണ്ടി ജീവിച്ചോ എന്ന് ? ഇതുവരെയുള്ള ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ എനിക്ക്‌ ഞാനാവാൻ കഴിഞ്ഞോ എന്ന് ?  ഈ ചോദ്യങ്ങളുടെ ഉത്തരത്തിലുണ്ടാവും ഇതുവരെയുള്ള നിങ്ങളുടെ ജീവിതവും ഇനി മുന്നോട്ടുള്ള ജീവിതത്തിൽ എന്ത്‌ ചെയ്യണം എങ്ങനെ ചെയ്യണം എന്ന ഉത്തരവും.

'സ്നേഹം പുറത്തുനിന്ന് ലഭിക്കേണ്ട ഒന്നാണെന്ന ചിന്തയിൽ ജീവിക്കുന്ന എന്നെ കണ്ട് എനിക്ക് പുച്ഛം തോന്നി'

 

click me!