World Breastfeeding Week 2022 : ലോക മുലയൂട്ടൽ വാരം; അമ്മയുടെ പാൽ കുഞ്ഞിന് സമ്പൂർണ പോഷകാഹാരം

By Web Team  |  First Published Aug 1, 2022, 12:20 PM IST

ജനിച്ചയുടന്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്നത് വളരെ പ്രധാനമാണ്. അമ്മയും കുഞ്ഞും തമ്മിലുളള ഊഷ്മളമായ ബന്ധം സുദൃഢമാക്കാനും സാധിക്കുന്നു. മുലയൂട്ടുന്ന കുട്ടികൾ കൂടുതൽ ബുദ്ധിശക്തിയുള്ളവരും ആരോഗ്യമുള്ളവരുമാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടന്നു.


കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധാവൽക്കരിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടും ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ മുലയൂട്ടൽ വാരം (World Breastfeeding Week) ആഘോഷിക്കുന്നു. ലോകാരോഗ്യ സംഘടന ,ഐക്യ രാഷ്ട്ര ശിശു ക്ഷേമ സമിതി എന്നിവയുടെ സഹകരണത്തോടെ മുലയൂട്ടൽ പ്രവർത്തനങ്ങൾക്കുള്ള ലോക സഖ്യം (ദ വേൾഡ് അലിയൻസ് ഫോർ ബെസ്റ്റ് ഫീഡിംഗ് ആക്ഷൻ) ഈ പ്രവർത്തനങ്ങളെ ഇന്ത്യയുൾപ്പെടെ 170 രാഷ്ട്രങ്ങളിൽ ഏകോപിപ്പിക്കുന്നു.

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഈ വർഷത്തെ പ്രമേയം 'മുലയൂട്ടലിനായി മുന്നോട്ട് പോകുക: വിദ്യാഭ്യാസവും പിന്തുണയും' എന്നതാണ്. ജനിച്ചയുടൻ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്നത് വളരെ പ്രധാനമാണ്. അമ്മയും കുഞ്ഞും തമ്മിലുളള ഊഷ്മളമായ ബന്ധം സുദൃഢമാക്കാനും സാധിക്കുന്നു. മുലയൂട്ടുന്ന കുട്ടികൾ കൂടുതൽ ബുദ്ധിശക്തിയുള്ളവരും ആരോഗ്യമുള്ളവരുമാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

Latest Videos

നവജാത ശിശുക്കൾക്ക് ഏറ്റവും നല്ല ഭക്ഷണമാണ് മുലപ്പാൽ. കാരണം അതിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡികൾ വിവിധ ശിശുരോഗങ്ങളെ തടയാൻ സഹായിക്കുന്നു. അമ്മമാരിൽ ടൈപ്പ് 2 പ്രമേഹം, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത മുലയൂട്ടൽ കുറയ്ക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തി. അതുമാത്രമല്ല, മുലപ്പാൽ നൽകുന്നത്  അമ്മമാരിൽ സ്തനാർബുദവും അണ്ഡാശയ അർബുദവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു...- ആഗ്രയിലെ ഉജാല സിഗ്നസ് റെയിൻബോ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. നെഹാരിക മൽഹോത്ര പറഞ്ഞു.

മുലപ്പാലിൽ നിന്നുള്ള പഞ്ചസാര നവജാതശിശുക്കളിലെ രക്തത്തിലെ അണുബാധ തടയാൻ സഹായിക്കും: പഠനം

ശിശുക്കൾക്ക് പ്രകൃതി നൽകുന്ന ഒരു സമ്പൂർണ ആഹാരമാണ് അമ്മയുടെ മുലപ്പാൽ. പ്രസവ ശേഷം അര മണിക്കൂറിനുള്ളിൽ തന്നെ ശിശുവിനെ മുലയൂട്ടി തുടങ്ങണം. കൊളസ്ട്രം (ഇളം മഞ്ഞ നിറത്തിലുള്ള പ്രഥമ മുലപ്പാൽ) രോഗ പ്രതിരോധ ശേഷിയുള്ളതാണ്. കുഞ്ഞിന് ആവശ്യമുള്ള വിറ്റാമിൻ എ, മാംസ്യം (പ്രോട്ടീൻ) എന്നിവയും മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മുലയൂട്ടൽ വർദ്ധിപ്പിക്കുന്നതിലൂടെ സ്തനാർബുദം മൂലം ഓരോ വർഷവും 20,000 മാതൃമരണങ്ങൾ ഒഴിവാക്കാനാകുമെന്നും ഡോ നെഹാരിക കൂട്ടിച്ചേർത്തു. മുലയൂട്ടൽ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള കൂടുതൽ കുടുംബ സൗഹൃദ നയങ്ങളുടെ പ്രാധാന്യം ഞങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അമ്മയാകാൻ ആഗ്രഹിക്കുന്നവർ കൗൺസിലിംഗിന് വിധേയരാകണമെന്നും ഡോ. നെഹാരിക പറഞ്ഞു.

ഒരു കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും വികാസത്തിനും മുലയൂട്ടൽ അത്യന്താപേക്ഷിതമാണ്. 3 കുട്ടികളിൽ 2 പേർക്കും മുലപ്പാൽ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു. ആറ് മാസം വരെ അമ്മയുടെ മുലപ്പാൽ മാത്രമേ ശിശുവിന് ആവശ്യമുള്ളു. മുലയൂട്ടുന്നത് കുഞ്ഞുങ്ങളിൽ ന്യൂമോണിയ, കുടൽ രോഗങ്ങൾ, ചെവിയിലെ അണുബാധ, പല്ല് രോഗം എന്നിവ ചെറുക്കുന്നു. കുട്ടികളുടെ മസ്‌തിഷ്‌ക്ക വളർച്ചക്കും, ശാരീരിക വളർച്ചയ്ക്കും മുലയൂട്ടൽ കാരണമാകുന്നു. 

ആറ് മാസത്തിന് ശേഷം, മുലയൂട്ടുന്നതിനോടൊപ്പം തന്നെ റാഗി കുറുക്കിയത്, വേവിച്ചുടച്ച വാഴപ്പഴം, നുറുക്ക് ഗോതമ്പ് കുറുക്കിയത് എന്നിങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കിയ ലഘു രൂപത്തിലുള്ള ഭക്ഷണങ്ങൾ കൊടുത്തു ശീലിപ്പിക്കണം. കുഞ്ഞ് വളരുന്നതോടൊപ്പം തന്നെ കൊടുക്കുന്ന ആഹാരത്തിന്റെ അളവും വർധിപ്പിക്കണം. മുലയൂട്ടലിന്റെ അഭാവം കുട്ടികളിൽ പോഷകാഹാരക്കുറവ്, ഭാരക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അവർ പറഞ്ഞു. 

പ്രസവശേഷമുണ്ടാകാറുള്ള രക്തസ്രാവത്തിനുള്ള സാധ്യത കുറയ്ക്കാൻ മുലയൂട്ടൽ വഴി സാധിക്കും. കുഞ്ഞും അമ്മയും തമ്മിലുളള മാനസിക ബന്ധം ദൃഡമാകുന്നതിന് മുലയൂട്ടൽ അനിവാര്യമാണ്. മുലയൂട്ടലിന്റെ പ്രാധാന്യം സ്വയം അറിയുകയും മറ്റുള്ളവരെ ഓർമ്മപ്പെടുത്തുകയും ചെയ്യുക, ഈ മഹത്തായ സന്ദേശം തന്നെയാണ് ഈ വാരത്തിന്റെ പരമ പ്രധാനമായ ലക്ഷ്യം.

മുലയൂട്ടുന്ന അമ്മയാണോ? ഈ അഞ്ച് പഴങ്ങൾ ഒഴിവാക്കരുതേ...

 

click me!