'ലൈം ലൈറ്റിലുള്ള, ഇത്രയും അറിയപ്പെടുന്ന, ചര്‍ച്ച ചെയ്യപ്പെട്ട കേസായിട്ട് പോലും നടിയുടെ കേസില്‍ അവര്‍ അത്രയും മാനസികപ്രശ്‌നം വിസ്താരത്തിനിടെ നേരിട്ടു. അത്ര തന്നെ പ്രിവിലേജ് ഇല്ലാത്തവരുടെ കേസുകളില്‍ എത്രമാത്രം ഈ പ്രശ്‌നങ്ങളുണ്ടാകുമെന്നതും നാം ആലോചിക്കേണ്ടതാണ്...'
ഈ വനിതാദിനത്തില്‍ ( Women's Day ) കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നൊരു വിഷയമാണ് സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങളും ( Sexual Assault ) അതിനെ തുടര്‍ന്ന് 'ഇര'യായ സ്ത്രീ നേരിടേണ്ടി വരുന്ന അനുബന്ധപ്രശ്‌നങ്ങളും. ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായ സിനിമാനടിയുടെ തുറന്നുപറച്ചിലുകളാണ് വലിയൊരു പരിധി വരെ ഈ ചര്‍ച്ചകളെ ത്വരിതപ്പെടുത്തിയത്.
താന്‍ 'ഇര'യല്ലെന്നും 'അതിജീവിത'യാണെന്നുമായിരുന്നു നടി താന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. പതിനഞ്ച് ദിവസത്തോളം നീണ്ട കോടതി വിസ്താരം തന്നെ മാനസികമായി വലിയ തോതില്‍ ബാധിച്ചുവെന്നും ആ സമയങ്ങളില്‍ താന്‍ തനിച്ചായത് പോലെ തോന്നിയെന്നും നടി പറഞ്ഞിരുന്നു.
ഈ സാഹചര്യത്തില്‍ ലൈംഗികാതിക്രമങ്ങളുടെ ഭാഗമായി പരാതിയുമായെത്തുന്ന സ്ത്രീകളോട് എത്തരത്തിലാണ് നിയമസംവിധാനവും പൊതുജനവും പെരുമാറേണ്ടത്, എന്താണ് ഇതിലെ ധാര്‍മ്മികത, എന്നീ കാര്യങ്ങളെ കുറിച്ച് ഈ വനിതാദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുകയാണ് നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ശ്രീല മേനോന്‍.
നടിയുടെ തുറന്നുപറച്ചിലിലൂടെ തന്നെ ഇത്തരം കേസുകളില്‍ നമ്മുടെ ജുഡീഷ്യറി കുറെക്കൂടി സെന്‍സിറ്റൈസ് ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് മനസിലാകുന്നതെന്ന് അഡ്വ. ശ്രീല മേനോന്‍ പറയുന്നു. ലൈംഗികാതിക്രമം നേരിട്ട് പരാതിയുമായി തങ്ങളെ സമീപിക്കുന്നത് മുതല്‍ തന്നെ 'ഇര' എന്ന നിലയിലല്ല 'സര്‍വൈവര്‍' അഥവാ 'അതിജീവിത'യായിട്ടാണ് തങ്ങള്‍ അവരെ കൈകാര്യം ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ ഇങ്ങനെയുള്ള സംഭവങ്ങളില്‍ ഉള്‍പ്പെട്ട എല്ലാ സ്ത്രീകള്‍ക്കും/പെണ്‍കുട്ടികള്‍ക്കും/ കുട്ടികള്‍ക്കും ഒരുപോലെ 'ഇര'യില്‍ നിന്ന് 'അതിജീവിത'യായി ഉയര്‍ന്നുവരാന്‍ സാധിക്കാറില്ലെന്നത് സത്യമാണെന്നും അഡ്വ. ശ്രീല മേനോന്‍ വ്യക്തമാക്കുന്നു.
'ഒരു സര്‍വൈവറെ വിസ്തരിക്കുമ്പോള്‍, ഇപ്പോള്‍ ഇന്‍ ക്യാമറ പ്രൊസീഡിംഗ്‌സാണെങ്കില്‍ പോലും സര്‍വൈവര്‍ക്ക് ബൂദ്ധിമുട്ടുണ്ടാക്കുന്ന പലരുടെയും സാന്നിധ്യമുണ്ടാകും. അത് പുരുഷ ക്ലര്‍ക്ക്മാര്‍ മുതല്‍ പൊലീസുകാര്‍ വരെയാകാം. പ്രതിഭാഗം ആണെങ്കില്‍ അഭിഭാഷകരുടെ ഒരു സംഘം തന്നെയുണ്ടാകും. ഇതൊന്നും അനുവദിക്കാന്‍ പാടുള്ളതല്ല...
പ്രതിഭാഗത്തിന് ഒരുപക്ഷേ സര്‍വൈവറോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കാന്‍ സാധിക്കുമായിരിക്കില്ല. എങ്കിലും പ്രോസിക്യൂട്ടറും ജഡ്ജിയും കൃത്യമായും സര്‍വൈവറോട് സഹാനുഭൂതിയോടെ വേണം പെരുമാറാന്‍. വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ സര്‍വൈവറോട് ചോദിക്കരുത് എന്നാണ്. എന്നാലിപ്പോഴും ഇതൊക്കെ നടക്കുന്നു...
വളരെ പഴയ ഒരു രീതിയാണിത്. നിയമങ്ങളില്‍ ഇതിന് അുസരിച്ചുള്ള ഭേദഗതി വരണം. നടിയുടെ കേസില്‍ അവര്‍ പതിനഞ്ച് ദിവസത്തെ വിസ്താരത്തെ കുറിച്ചാണ് പറയുന്നത്. അതെല്ലാം ഒരു സര്‍വൈവറെ സംബന്ധിച്ച് അഭിമുഖീകരിക്കാവുന്നതിലും കൂടുതലാണ്. ഒരു സംശയവുമില്ല...
സര്‍വൈവറുടെ മാനസികനില പരിഗണിക്കുക എന്നതിലൂടെ അക്യൂസ്ഡ് അഥവാ പ്രതിയെന്നാരോപിക്കപ്പെടുന്ന ആളുടെ അവകാശം ഹനിക്കപ്പെടാനും പാടില്ല. ഇത് മാനുഷികതയുടെ ഒരു വിഷയമാണ്...
പതിനെട്ട് വയസ് കടന്നവരുടെ കാര്യം തന്നെ ഇങ്ങനെയാണ്. അപ്പോള്‍, പോക്‌സോ കേസുകളില്‍ വരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ കാര്യം ഒന്നാലോചിച്ച് നോക്കൂ. ലൈം ലൈറ്റിലുള്ള, ഇത്രയും അറിയപ്പെടുന്ന, ചര്‍ച്ച ചെയ്യപ്പെട്ട കേസായിട്ട് പോലും നടിയുടെ കേസില്‍ അവര്‍ അത്രയും മാനസികപ്രശ്‌നം വിസ്താരത്തിനിടെ നേരിട്ടു. അത്ര തന്നെ പ്രിവിലേജ് ഇല്ലാത്തവരുടെ കേസുകളില്‍ എത്രമാത്രം ഈ പ്രശ്‌നങ്ങളുണ്ടാകുമെന്നതും നാം ആലോചിക്കേണ്ടതാണ്...'- അഡ്വ. ശ്രീല മേനോന്‍ പറയുന്നു.
ലൈംഗികാതിക്രമ കേസുകള്‍, പ്രത്യേകിച്ച് പോക്‌സോ കേസുകള്‍ അടുത്ത കാലങ്ങളിലായി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇത് നല്ല പ്രവണതയാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇത്തരം കേസുകളില്‍ നീതി ലഭിക്കാന്‍ ഇപ്പോഴും വൈകുന്നുവെന്നത് ഖേദകരമായ വസ്തുതയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
'പലരും ഇപ്പോഴും സാമൂഹികമായ കാരണങ്ങള്‍ കൊണ്ട് ഇത്തരം സംഭവങ്ങള്‍ പുറത്തുപറയാന്‍ മടിക്കുന്നുണ്ട്. സര്‍ക്കാരിന്റെ എല്ലാ സഹായവും സ്ത്രീകള്‍ക്കുണ്ട്. പതിനാല് ജില്ലകളിലും സഖി വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ എന്തുതരം അതിക്രമങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. സ്വന്തം വീട്ടിലേക്ക് തിരികെ പോകാന്‍ സാധിക്കാത്തവര്‍ക്ക് തുടര്‍ന്ന് താമസിക്കാനുള്ള സംവിധാനവും നമ്മള്‍ ചെയ്തുനല്‍കും. പൊലീസിന്റെയും നിയമപാലകരുടെയും പിന്തുണയും നമ്മള്‍ ഉറപ്പുവരുത്തുന്നുണ്ട്...
പരാതിയുമായി എത്തുന്നവര്‍ തന്നെ പിന്നീട് നീതി ലഭിക്കുന്നതിന് കാലതാമസമെടുക്കുമ്പോള്‍ ഒത്തുതീര്‍പ്പിലേക്ക് പോകുന്ന എത്രയോ കേസുകളുണ്ട്. നാലും അഞ്ചും കൊല്ലം ഇതിന് പിറകെ നടക്കുകയും ക്രൂരമായ അനുഭവങ്ങളെ കുറിച്ച് പിന്നെയും പിന്നെയും ഓര്‍ത്ത് പറഞ്ഞുകൊണ്ടിരിക്കേണ്ടി വരികയും ചെയ്യുന്നത് പരാതിക്കാരില്‍ മടുപ്പ് ഉണ്ടാക്കും. മുമ്പത്തേത്തില്‍ നിന്ന് വ്യത്യസ്തമായി ഇങ്ങനെയുള്ള കേസുകള്‍ക്കായി ഇപ്പോള്‍ കൂടുതല്‍ കോടതികളുണ്ട്. അത് പ്രതീക്ഷ നല്‍കുന്നതാണ്. വളരെ പതിയെ മാത്രമേ ഈ സിസ്റ്റം മാറുകയും ഉള്ളൂ...'- അഡ്വ. ശ്രീല മേനോന്‍ പറയുന്നു.
കേരളത്തില്‍ ഒരു ജില്ലയില്‍ മാസം ശരാശരി 20 കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അധികവും ഗാര്‍ഹിക പീഡനമായിരിക്കും ഇക്കൂട്ടത്തിലുണ്ടാകാറെന്നും പോക്‌സോ കേസുകളാണെങ്കില്‍ 15, 16, 17 പ്രായത്തിലെല്ലാം വരുന്നവരാണ് അധികവും ഉള്‍പ്പെടാറെന്നും ഇവര്‍ പറയുന്നു. ഒപ്പം തന്നെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ സ്ത്രീകളെ തന്നെ കുറ്റക്കാരാക്കുന്ന പ്രവണത ഒട്ടും ആരോഗ്യകരമല്ലെന്നും ഇവര്‍ സൂചിപ്പിക്കുന്നു.
'2008-09 മുതല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. ഒരുപാട് കേസുകള്‍ കണ്ടു. മറക്കാന്‍ സാധിക്കാത്ത പല സംഭവങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്ന് മനുഷ്യക്കടത്തിലുള്‍പ്പെട്ട് എങ്ങനെയോ കേരളത്തിലെത്തിയ ഒരു പെണ്‍കുട്ടിയെ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. വളരെ പരിതാപകരമായ അവസ്ഥയായിരുന്നു അവളുടേത്. മാസങ്ങളോളം ഇരുട്ടുമുറിയില്‍ കഴിഞ്ഞ്, കൈമാറി കൈമാറി എത്തിയതാണ്. ആരാണ് തന്നെ വിറ്റതെന്നോ, എന്താണ് തനിക്ക് സംഭവിച്ചതെന്നോ പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. വര്‍ഷങ്ങള്‍ എടുത്താണ് ആ കുട്ടിയെ നോര്‍മല്‍ ലൈഫിലേക്ക് തിരികെയെത്തിച്ചത്. അതുപോലെ അച്ഛന്‍ തന്നെ കൊണ്ടുനടന്ന് വിറ്റ പെണ്‍മക്കള്‍, അച്ഛനെ ഭര്‍ത്താവിനെ പോലെ കണ്ട് ശീലിക്കേണ്ടി വന്ന പെണ്‍മക്കള്‍.., അങ്ങനെ എത്രയോ കേസുകള്‍...
..മദ്യപാനം, മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം, സാമ്പത്തിക പ്രതിസന്ധി എല്ലാം ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നതിലേക്ക് നമ്മെ നയിച്ചിട്ടുണ്ട്. സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാണെങ്കില്‍ പോലും അതിന്റെ പേരിലും പീഡനങ്ങള്‍ നേരിടാം. അത്തരം കേസുകളും വരാറുണ്ട്. അതുപോലെ സത്രീകളുടെ വസ്ത്രധാരണം, അവരുടെ മറ്റ് സ്വാതന്ത്ര്യങ്ങള്‍- ഇതൊന്നും അതിക്രമങ്ങളിലേക്ക് തിരിയുന്നതിനുള്ള ന്യായീകരണങ്ങളല്ല. അവരവരുടെ കുടുംബത്തില്‍ ഇത്തരമൊരു സംഭവം നടക്കും വരെയേ ഇങ്ങനെയുള്ള പ്രവണതകള്‍ വച്ചുപുലര്‍ത്താന്‍ സാധിക്കൂ. സ്ത്രീകളോട് എനിക്ക് പറയാനുള്ളത് വിദ്യാഭ്യാസം കൊണ്ട് നിങ്ങള്‍ നേടേണ്ടത്, നിങ്ങളുടെ സുരക്ഷിതത്വം നിങ്ങളുടെ കൈകളിലാണെന്ന തിരിച്ചറിവാണ്. വേണ്ട സമയത്ത് വേണ്ട തീരുമാനങ്ങളെടുക്കാനുള്ള ആര്‍ജ്ജവം കാണിക്കുക. സമൂഹത്തോട് പറയാനുള്ളത് നമുക്ക് ജനിക്കുന്ന ഓരോ കുഞ്ഞിനെയും ലിംഗസമത്വം എന്താണെന്ന് കൃത്യമായി പറഞ്ഞ് മനസിലാക്കിച്ച് വേണം വളര്‍ത്താന്‍. വളരെ ചെറിയ ക്ലാസുകള്‍ തൊട്ട് തന്നെ ലൈംഗിക വിദ്യാഭ്യാസവും നല്‍കിവരണം. അത് പാഠ്യപദ്ധതിയുടെ തന്നെ ഭാഗമാകണം. എങ്കില്‍ മാത്രമേ നല്ലൊരു നാളെ നമുക്ക് പ്രതീക്ഷിക്കാന്‍ സാധിക്കൂ...'- അഡ്വ ശ്രീല മേനോന്‍ പറയുന്നു.
Also Read:- അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയാം...