ലോകമെമ്പാടും പ്രമേഹരോഗികളുടെ എണ്ണം കൂടിവരുന്നതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രമേഹം പല അനുബന്ധ ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം വ്യക്തികളെ നയിക്കാം.
പ്രമേഹം നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹത്തിന് വളരെയധികം പ്രാധാന്യമുണ്ട്, അല്ലെങ്കില്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട് എന്ന അവബോധത്തിലേക്ക് ഇന്ന് കൂടുതല്‍ പേര്‍ എത്തിയിട്ടുണ്ട് എന്നത് ആശ്വാസകരമാണ്.
എങ്കില്‍പ്പോലും ലോകമെമ്പാടും പ്രമേഹരോഗികളുടെ എണ്ണം കൂടിവരുന്നതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രമേഹം പല അനുബന്ധ ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം വ്യക്തികളെ നയിക്കാം.
ഇതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ്. പ്രമേഹരോഗികളുടെ മരണത്തിന് പോലും ഒരു പരിധി വരെ കാരണമാകുന്നത് ഹൃദയാഘാതമാണ്. പ്രത്യേകിച്ച് പ്രമേഹത്തിനൊപ്പം ബിപി, കൊളസ്ട്രോള്‍ എന്നിവ കൂടിയുള്ളവരാണെങ്കില്‍.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം പ്രമേഹമുള്ള സ്ത്രീകളിലാണത്രേ പുരുഷന്മാരെ അപേക്ഷിച്ച് പ്രമേഹത്തോട് അനുബന്ധമായ ഹൃദ്രോഗങ്ങള്‍ കൂടുതലായി കാണുന്നത്. 'ഡയബെറ്റിസ് യുകെ പ്രൊഫഷണല്‍ കോണ്‍ഫറൻസ് 2023'ലാണ് ഒരു സംഘം ഗവേഷകര്‍ തങ്ങളുടെ പഠനം അവതരിപ്പിച്ചത്.
ടൈപ്പ്-2 പ്രമേഹമുള്ള സ്ത്രീകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗങ്ങളോ ഹൃദയാഘാതമോ വരാൻ 20 ശതമാനം അധികസാധ്യതയാണുള്ളത് എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇതിന് പല കാരണങ്ങളുമുള്ളതായും പഠനം വിശദീകരിക്കുന്നു.
പ്രമേഹമുള്ള പുരുഷന്മാരെക്കാളും ശരീരവണ്ണം കൂടുന്നതും, ഒപ്പം ബിപി, കൊളസ്ട്രോള്‍ എന്നീ പ്രശ്നങ്ങള്‍ ബാധിക്കുന്നതും സ്ത്രീകളിലാണത്രേ. ഇവ കൂടിയാകുമ്പോഴാണ് സ്ത്രീകളില്‍ പ്രമേഹത്തോടനുബന്ധമായ ഹൃദയപ്രശ്നങ്ങള്‍ കൂടുന്നത്. അതുപോലെ തന്നെ പ്രമേഹം അടക്കം പല അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും സ്ത്രീകള്‍ തിരിച്ചറിയുന്നതും സമയബന്ധിതമായി ചികിത്സ തേടുന്നതും പുരുഷന്മാരെ താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണെന്നതും ഇതില്‍ തിരിച്ചടിയാകുന്നു എന്നാണ് പഠനം പറയുന്നത്.
ടൈപ്പ്-2 പ്രമേഹം ബാധിക്കുന്നവര്‍ അത് തിരിച്ചറിഞ്ഞ് ജീവിതരീതികളിലൂടെയും ആവശ്യമെങ്കില്‍ മരുന്നടക്കമുള്ള ചികിത്സയിലൂടെയും പ്രമേഹത്തെ നിയന്ത്രിക്കണം. ഇല്ലാത്തപക്ഷം അത് ഹൃദയസംബന്ധമായ പ്രയാസങ്ങള്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കാം എന്നും പഠനം ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു.
Also Read:- മറുകുകള്‍ വലുതാകുന്നതും നിറം മാറുന്നതും പുതുതായി ഉണ്ടാകുന്നതുമെല്ലാം ശ്രദ്ധിക്കുക....