കഴുത്തിലും ഇടുപ്പിലും കറുത്ത പാടുകൾ, മുഖക്കുരു; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടത്...

By Web Team  |  First Published Oct 15, 2022, 9:37 PM IST

ശരീരത്തിലെ ഹോർമോണിന്‍റെ അസന്തുലിതാവസ്ഥ കാരണം ഓവുലേഷൻ(അണ്ഡോല്പാദനം) ശരിയാവാതെ ഇരിക്കുകയും അണ്ഡാശയത്തിൽ കുമിളകൾ രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥ ആണ് പിസിഒഡി.


ഇന്ന് പിസിഒഡി എന്ന് പറയുന്നത് പൊതുവെ കാണുന്ന ഒരു പ്രശ്നം ആയി മാറിയിരിക്കുകയാണ്. അഞ്ചില്‍ ഒരു സ്ത്രീക്ക് എന്ന നിലയില്‍ ഇന്ന് പിസിഒഡി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. നമ്മുടെ ജീവിതശൈലിയിലും ഭക്ഷണത്തിലും വന്ന മാറ്റങ്ങൾ ആണ് പ്രധാനയും പിസിഒഡി വര്‍ധിക്കുന്നതിന് കാരണമാകുന്നത്. അതിനാൽ ഭക്ഷണനിയന്ത്രണത്തിലൂടെ നമുക്ക് ഒരു പരിധി വരെ ഇത് നിയന്ത്രിക്കാനാവും

എന്താണ് പിസിഒഡി?

Latest Videos

ശരീരത്തിലെ ഹോർമോണിന്‍റെ അസന്തുലിതാവസ്ഥ കാരണം ഓവുലേഷൻ(അണ്ഡോല്പാദനം) ശരിയാവാതെ ഇരിക്കുകയും അണ്ഡാശയത്തിൽ കുമിളകൾ രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥ ആണ് പിസിഒഡി.

പ്രധാന ലക്ഷണങ്ങൾ...

1. ക്രമം തെറ്റിയ ആർത്തവം : ചിലപ്പോൾ രണ്ടോ മൂന്നോ മാസത്തേക്ക് ആർത്തവം ഉണ്ടാവില്ല. അല്ലെങ്കിൽ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ആർത്തവം.
2. മുഖത്തെ രോമവളർച്ച
3. മുടികൊഴിച്ചിൽ 
4. കഴുത്തിലും ഇടുപ്പിലും കറുത്ത പാടുകൾ
5. അമിത വണ്ണം
6. മുഖക്കുരു
7. വന്ധ്യത 

പിസിഒഡി വരാനുള്ള കാരണങ്ങൾ...

എന്തുകൊണ്ടാണ് പിസിഒഡി എന്നതിന് വ്യക്തമായ ഒരു കാരണം കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എങ്കിലും ചില ഘടകങ്ങള്‍ ഇതിലേക്ക് നയിക്കാം. അവ ഏതെല്ലാമെന്ന് അറിയാം...

1. ജനിതകപരമായ കാരണങ്ങൾ : അതായത് പിസിഒഡി ഉള്ള അമ്മയുടെ മക്കൾക്ക് ഇത് വരാനുള്ള സാധ്യത കൂടുതൽ ആണ് 

2. ഹോർമോൺ വ്യതിയാനം : ഹോര്‍മോണിലുള്ള അസന്തുലിതാവസ്ഥ കാരണമായി വരാം. പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് പിസിഒഡിയുള്ളവരില്‍ കൂടുതൽ ആയിരിക്കും 

3. അമിത വണ്ണം: പ്രായത്തിനും ശരീരപ്രകൃതിക്കും യോജിക്കാത്ത വിധം വണ്ണമുണ്ടാകുന്നത് പിസിഒഡിയിലേക്ക് നയിക്കാം.

4. വ്യായാമം: കായികാധ്വാനം ഇല്ലാതിരിക്കുന്നവരിലും പിസിഒഡി സാധ്യത കൂടുതലാണ്. അതിനാല്‍ വ്യായാമം നിര്‍ബന്ധമാക്കുക. 

5. ഡയറ്റ് : ആദ്യമേ സൂചിപ്പിച്ചത് പോലെ ഡയറ്റ് ഇതില്‍ വലിയൊരു ഘടകമാണ്. ജങ്ക് ഫുഡ് കാര്യമായി കഴിക്കുന്നവരിലും പിസിഒഡി വരാം. 
 
6. മാനസിക സമ്മര്‍ദ്ദം: സ്ട്രെസ് അഥവാ മാനസിക സമ്മർദ്ദം പതിവായി നേരിടുന്നത് കാരണമായി വരാം. 

ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റം...

പിസിഒഡി ഉള്ളവർക്ക് പൊതുവെ വിശപ്പ് കൂടുതലായിരിക്കും. അതിനാൽ സാധാരണ മൂന്ന് നേരം ആയി കഴിക്കുന്ന ഭക്ഷണം 5/6 പ്രാവശ്യം ആയി കഴിക്കുക. ഫൈബർ നന്നായി അടങ്ങിയിട്ടുള്ള ഗ്ലൈസമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങൾ ആണ് ഇത്തരം ആൾക്കാർ കഴിക്കേണ്ടത്.

എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം?

1. പ്രോട്ടീൻ കൂടുതൽ ഉൾപ്പെടുത്തുക.
2. നട്സ് കൂടുതൽ കഴിക്കുക.
3. ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലുള്ള ബദാം, മത്തി, അയല പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. 
4. പഴങ്ങൾ ജ്യൂസ്‌ ആയി കഴിക്കാതെ അല്ലാതെ കഴിക്കുക.
5. ഫൈബർ കൂടുതലുള്ള ഭക്ഷങ്ങൾ കഴിക്കുക.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ...

ടിന്നിൽ അടച്ചുവെച്ച ഭക്ഷണങ്ങൾ, ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കുക. അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുക. പഞ്ചസാരയുടെ അളവും കുറയ്ക്കുക.

പിസിഒഡി ഉള്ളവരുടെ ഒരു ദിവസത്തെ ഭക്ഷണം...

രാവിലെ പാൽചായയ്ക്ക് പകരം കട്ടൻ ചായ മധുരം ഇടാതെ കുടിക്കുക. കാര്‍ബ് കുറച്ച് കൂടുതൽ പ്രോട്ടീൻ ഉൾപെടുത്തുക. ചെറുപയർ, കടല, പരിപ്പ് എല്ലാം കഴിക്കാം. മുട്ടയുടെ വെള്ളയും നല്ലതാണ്. പച്ചക്കറികൾ സാലഡ് ആയി കഴിക്കാം.  ഇലക്കറികളും ഡയറ്റിലുള്‍പ്പെടുത്തുക.

ഭക്ഷണം പാകം ചെയ്യുമ്പോള്‍ മഞ്ഞള്‍- ഉലുവ എന്നിവ കൂടുതലുപയോഗിക്കുന്നത് നല്ലതാണ്. കാര്‍ബ് കുറയ്ക്കാൻ വേണ്ടി ചോറ് പാടെ ഒഴിവാക്കേണ്ട ആവശ്യം ഇല്ല. കുറഞ്ഞ അളവിൽ കഴിക്കാം. അത് തവിട് കൂടുതൽ ഉള്ള ചോറ് ആകുന്നത് നല്ലത്. കൂടെ പച്ചക്കറികൾ കൂടുതൽ കഴിക്കുക.

ഒലിവ് ഓയില്‍ വളരെ നല്ലതാണ്. കറിവേപ്പില, മുരിങ്ങയില എന്നിവ കൂടുതൽ കഴിക്കുക. കറിവേപ്പില ചതച്ച് ഭക്ഷണത്തിൽ ചേർക്കുന്നത് കൂടുതൽ ഗുണം ചെയ്യും. രാത്രി ഭക്ഷണം നേരത്തെ കഴിച്ച് ശീലിക്കുക.എല്ലാത്തിനുമൊപ്പം വ്യായാമം പതിവാക്കാനും ശ്രദ്ധിക്കുക. കുറഞ്ഞപക്ഷം ദിവസത്തില്‍ 30-40 മിനുറ്റ് നടത്തമെങ്കിലും ശീലമാക്കുക.  
 

ലേഖനം തയ്യാറാക്കിയത് : ഡോ. ഫാത്തിമത് റമീസ
ഡോ. ബേസില്‍സ് ഹോമിയോ ഹോസ്പിറ്റല്‍
പാണ്ടിക്കാട്, മലപ്പുറം

Also Read:- ഗര്‍ഭനിരോധന ഗുളികകള്‍ എടുക്കും മുമ്പ് ചെയ്യേണ്ട നാല് കാര്യങ്ങള്‍...

click me!