നമുക്കും വേണ്ടേ വനിതാ മുഖ്യമന്ത്രി? കേരളത്തിലെ മൂന്ന് മുന്നണികളിലെയും വനിതാനേതാക്കള്‍ പറയുന്നു...

By Web Team  |  First Published Mar 8, 2021, 2:07 PM IST

തെരഞ്ഞെടുപ്പ് ചൂടിനിടെയാണ് ഇക്കുറി വനിതാദിനം കടന്നുവരുന്നത്. അതിനാല്‍ തന്നെ രാഷ്ട്രീയ മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് അല്‍പം ചര്‍ച്ചയാകാം. കേരളചരിത്രത്തില്‍ ഇതുവരെയും ഒരു വനിതാ മുഖ്യമന്ത്രിയുണ്ടായിട്ടില്ലെന്ന് നമുക്കറിയാം. ഇനി ഒരുപക്ഷേ ഭാവിയില്‍ ഉണ്ടായേക്കാം. എങ്കിലും നമുക്കും വേണ്ടേ ഒരു വനിതാ മുഖ്യമന്ത്രി എന്ന ചോദ്യത്തിലൂടെ രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യത്തെ വിലയിരുത്തുകയാണ് മൂന്ന് മുന്നണിയില്‍ നിന്നുമുള്ള വനിതാ നേതാക്കള്‍...


തെരഞ്ഞെടുപ്പ് ചൂടിനിടെയാണ് ഇക്കുറി വനിതാദിനം കടന്നുവരുന്നത്. അതിനാല്‍ തന്നെ രാഷ്ട്രീയ മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് അല്‍പം ചര്‍ച്ചയാകാം. കേരളചരിത്രത്തില്‍ ഇതുവരെയും ഒരു വനിതാ മുഖ്യമന്ത്രിയുണ്ടായിട്ടില്ലെന്ന് നമുക്കറിയാം. ഇനി ഒരുപക്ഷേ ഭാവിയില്‍ ഉണ്ടായേക്കാം. എങ്കിലും നമുക്കും വേണ്ടേ ഒരു വനിതാ മുഖ്യമന്ത്രി എന്ന ചോദ്യത്തിലൂടെ രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യത്തെ വിലയിരുത്തുകയാണ് മൂന്ന് മുന്നണിയില്‍ നിന്നുമുള്ള വനിതാ നേതാക്കള്‍...

 

Latest Videos

undefined

 

''എന്റെ അഭിപ്രായത്തില്‍ വനിതാ മുഖ്യമന്ത്രി അല്ലെങ്കില്‍ വനിതാ മന്ത്രി എന്ന ഒരു തരംതിരിവിന്റെ ആവശ്യമില്ല. എഴുത്തുകാരെ നമ്മള്‍ എഴുത്തുകാര്‍ എന്നല്ലേ പൊതുവേ പറയാറുള്ളൂ. വനിതാ എഴുത്തുകാര്‍- പുരുഷ എഴുത്തുകാര്‍ എന്ന് പറയേണ്ടതിന്റെ ആവശ്യമില്ലല്ലോ. അതുപോലെ മന്ത്രി, എംഎല്‍എ എന്ന് മാത്രം പറഞ്ഞാല്‍ മതി. 

വനിത, മുഖ്യമന്ത്രിയാകുന്നത് കൊണ്ട് മാത്രം വനിതകളുടെയെല്ലാം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല. സഖാവ് പിണറായി വിജയനൊപ്പമിരിക്കാന്‍ അവസരം ലഭിച്ച എംഎല്‍എയാണ് ഞാന്‍. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരുപാട് കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം. 

അപ്പോള്‍ വനിതകള്‍ക്ക് അവസരസമത്വമാണ് വേണ്ടത്. അത് ഏതെങ്കിലും മുഖ്യമന്ത്രിയോ മന്ത്രിയോ എന്ന നിലയ്ക്കല്ല, മറിച്ച് നിയമസഭാ പ്രാതിനിധ്യം വേണം, തദ്ദേശസ്ഥാനപനങ്ങളിലേക്ക് കൂടുതല്‍ വനിതകള്‍ വരണം. അധികാരത്തിലേക്ക് വരുന്ന വനിതകള്‍ സമൂഹത്തിലെ മറ്റ് വനിതകളോട് പക്ഷപാതമില്ലാതെ ഇടപെടുകയും വേണം. പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണല്ലോ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാവുക. അതിനാല്‍ അധികാരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് മറ്റ് സ്ത്രീകളെ ചേര്‍ത്തുനിര്‍ത്താന്‍ സാധിക്കണം. 

സമൂഹത്തില്‍ സ്ത്രീകളോടുള്ള മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. ഇത് ഏതെങ്കിലുമൊരു സ്ഥാനത്ത് ഒരു സ്ത്രീ വന്നതുകൊണ്ട് മാറുകയില്ല. അതൊരു കൂട്ടായ പ്രവര്‍ത്തനമാണ്. അതിന് സ്ത്രീകള്‍ തമ്മിലുള്ള സ്‌നേഹവും സഹവര്‍ത്തിത്വവും വര്‍ധിപ്പിക്കണം. 

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം വേണം, പക്ഷേ അതിനൊപ്പം തന്നെ തിരിച്ചറിവും ആവശ്യമാണ്. മുഖ്യമന്ത്രിയോ മന്ത്രിയോ ആകുന്നതിനെക്കാളെല്ലാം ഒരുപാട് പ്രാധാന്യമുള്ള വിഷയമാണ് സ്ത്രീകള്‍ക്കുള്ള സംഘടനാ പ്രാതിനിധ്യം. വനിതാ സംഘടനകളുടെ നേതൃസ്ഥാനത്ത് മാത്രമല്ല, അതിന് പുറത്തും നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ക്ക് വരാന്‍ സാധിക്കണം. 

 

 

''ഇങ്ങനെയൊരു ചോദ്യം വന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ ഇതിനായി ഏറ്റവുമധികം ആഗ്രഹിക്കുന്നവരില്‍ ഒരാള്‍ ഞാനാണെന്നതാണ് എന്റെ ഉത്തരം. പലപ്പോഴും സ്‌കൂളുകളിലെല്ലാം പ്രോഗ്രാമിന് പോകുമ്പോള്‍ ഞാന്‍ കുട്ടികളോട് തമാശയായി പറയാറുണ്ട്, ആദ്യം ഞാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകട്ടെ, എന്നിട്ട് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇന്ദിരാ ഗാന്ധിയെ പോലെയാകും എന്ന്. അവരെ ഒന്ന് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇതെല്ലാം പറയുന്നത്. ഇത്തരം വാക്കുകള്‍ കുട്ടികളെ ഒരുപാട് ചിന്തിപ്പിക്കുകയും അവര്‍ക്ക് ഉയര്‍ന്നുവരാനുള്ള ആര്‍ജ്ജവമുണ്ടാക്കുകയും ചെയ്യും. പല കുട്ടികളും തിരിച്ച് ആവേശത്തോടെ മറുപടിയും പറയാറുണ്ട്. 

ഇങ്ങനെ വെറുമൊരു സംഭാഷണത്തില്‍ കവിഞ്ഞ് തന്നെ ഈ വിഷയത്തെ കുറിച്ച് പലവട്ടം ആലോചിച്ചിട്ടുണ്ട്. കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി വേണം. അത് സംഭവിക്കുക തന്നെ ചെയ്യും. അക്കാലം ഒട്ടും വിദൂരവുമല്ല. നിലവിലെ സാഹചര്യം വച്ചുനോക്കുമ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നുന്നത്. കാരണം കേരളത്തില്‍ അതിനുള്ള സാധ്യതകളെല്ലാം തെളിഞ്ഞുവരുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം. 

ഒരുപാട് കഴിവുള്ള വനിതകള്‍ ഇന്നുണ്ട്. രാഷ്ട്രീയത്തില്‍ തുടരുന്നവര്‍ മാത്രമല്ല, മറ്റ് പല മേഖലകളില്‍ നിന്നും രാഷ്ട്രീയത്തിലേക്കെത്തുന്നവരുമുണ്ട്. ഏത് വിഷയത്തിലും ചിന്തിച്ച് ആദ്യമേ ഇടപെടുന്ന സമൂഹമാണ് കേരളത്തിലുള്ളത്. അത്തരമൊരു സംസ്ഥാനത്തില്‍ നിന്ന് വനിതാ മുഖ്യമന്ത്രിയെന്ന സ്വപ്‌നത്തിലേക്ക് അധികദൂരമില്ലെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. 

പക്ഷേ, ഒരു വനിതാനേതാവെന്ന നിലയില്‍ പൊതുമണ്ഡലത്തില്‍ തുടരാന്‍ വലിയൊരു ബുദ്ധിമുട്ടൊന്നും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഞാന്‍ നേരത്തേ എങ്ങനെയാണോ അതുപോലെ തന്നെ തുടരുന്നൊരു വ്യക്തിയാണ്. എന്റെ മണ്ഡലത്തെ എന്റെ വീട് പോലെയാണ് കരുതിപ്പോരുന്നത്. എല്ലായിടത്തേക്കും ഓടിയെത്താന്‍ സാധിക്കുന്നില്ല എന്നൊരു ദുഖം മാത്രമേ ബാക്കിയുള്ളൂ...''

 

 

''വര്‍ഷങ്ങള്‍ക്ക് മുമ്പ്, കെ ആര്‍ ഗൗരിയമ്മ മുഖ്യമന്ത്രിപദത്തിലേക്ക് എന്ന തരത്തില്‍ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത വന്ന ഒരോര്‍മ്മയുണ്ട്. അന്ന് എല്ലാവരും അത് പ്രതീക്ഷിച്ചിരുന്നു, കാരണം ഗൗരിയമ്മയെ പോലെയുള്ള വനിതാനേതാവിന് കേരളത്തില്‍ അത്രയും സ്വീകാര്യതയുണ്ടായിരുന്നു. 

അങ്ങനെ കേരളത്തിനൊരു വനിതാ മുഖ്യമന്ത്രി എന്ന പ്രതീക്ഷ സിപിഎം കൊണ്ടുവന്നെങ്കിലും പക്ഷേ പിന്നീട് നമ്മള്‍ കണ്ടത് നായനാരെ മുഖ്യമന്ത്രിയാക്കുന്നതാണ്. അത്തരത്തില്‍ നവോത്ഥാനം പറയുന്ന ആളുകള്‍ പോലും ഒരു വനിതയെ മുഖ്യമന്ത്രിയാക്കാന്‍ കേരളത്തില്‍ തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം. ഇത്രയും കാലയമായിട്ടും അതങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു.

കേരളത്തില്‍ പ്രഗത്ഭരായ വനിതകള്‍ രാഷ്ട്രീയരംഗത്ത് ഉണ്ടായിട്ടുണ്ട്, ഇപ്പോഴുമുണ്ട്. പക്ഷേ പലപ്പോഴും പല സമവാക്യങ്ങളുടെയും പേരിലാണ് സീറ്റുകള്‍ നിഷേധിക്കപ്പെടുന്നതും സ്ഥാനങ്ങള്‍ നിഷേധിക്കപ്പെടുന്നതുമെല്ലാം. ഇപ്പോഴത്തെ ഒരു സാഹചര്യം നോക്കുകയാണെങ്കിലും എല്ലാ മുന്നണികളിലും അത്തരത്തില്‍ കഴിവുകളുള്ള നേതാക്കളുണ്ട്. 

നമ്മള്‍ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് തന്നെ നോക്കൂ, അവിടെ വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ട്. സുഷമ സ്വരാജ്, വസുന്ധര രാജെ, ഷീല ദീക്ഷിത് ഇങ്ങനെ ഒരുപാട് സംസ്ഥാനങ്ങളില്‍ ഇത്തരമൊരു മുന്നേറ്റം നേരത്തേ തന്നെ നമ്മള്‍ കണ്ടിട്ടുണ്ട്. അതേസമയം സാക്ഷര കേരളം, അല്ലെങ്കില്‍ സാംസ്‌കാരിക കേരളം എന്ന് നമ്മള്‍ അവകാശപ്പെടുന്ന നമ്മുടെ സംസ്ഥാനം ഇനിയും ആ തലത്തിലേക്ക് ഉയര്‍ന്നിട്ടില്ല എന്നതാണ് സത്യം. 

കേരളത്തിലെ ഈ അവസ്ഥ സത്യത്തില്‍ എന്നില്‍ അവമതിപ്പുണ്ടാക്കുന്നുണ്ട്. അത് മോശമാണെന്ന അഭിപ്രായം തന്നെയാണ് എനിക്കുള്ളത്...''

 

 

''ഒരു സ്ത്രീ, പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആകുന്നത് കൊണ്ട് സ്ത്രീ ശാക്തീകരണം പൂര്‍ണ്ണമാകും എന്ന വിശ്വാസം എനിക്കില്ല. എന്നെ സംബന്ധിച്ച് സ്ത്രീപക്ഷ നിലപാടെടുക്കാന്‍ കഴിയുന്ന ആളുകള്‍- അത് സ്ത്രീയാകാം പുരുഷനാകാം, സ്ത്രീകള്‍ക്കനുകൂലമായി അല്ലെങ്കില്‍ സ്ത്രീപക്ഷത്ത് നിന്ന് നിലപാടെടുക്കുന്നവര്‍ തീരുമാനങ്ങളെടുക്കാന്‍ അധികാരപ്പെട്ട ഇടങ്ങളിലേക്ക് വരണമെന്നുള്ളതാണ് ഞാന്‍ മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാട്. 

സ്ത്രീകള്‍ക്ക് തീര്‍ച്ചയായും അവരവര്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ മികച്ചുനില്‍ക്കാനുള്ള ഇടം വേണം. അതിനുള്ള സാഹചര്യം അവര്‍ക്കുണ്ടാകണം. അതിന് വേണ്ടി സ്ത്രീകളെ പരുവപ്പെടുത്തിയെടുക്കാന്‍ കഴിയുന്നൊരു കാലത്തേക്ക് നമ്മുടെ സമൂഹം പോകണം. ഇതിനെല്ലാം വനിതാദിനത്തിന്റെ സന്ദേശം നമുക്ക് ഗുണം ചെയ്യുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 

നമുക്കറിയാം, കേരളത്തിന്റെ മുഖ്യമന്ത്രി, വളരെയധികം സ്ത്രീപക്ഷ നിലപാടുകളെടുക്കുന്ന വ്യക്തിയാണ്. കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സമയത്ത് വീട്ടുജോലികള്‍ എല്ലാവരും പങ്കിട്ട് ചെയ്യണമെന്ന് പറയുന്നു, സ്ത്രീകള്‍ക്ക് വേണ്ടി മാത്രമൊരു വകുപ്പ് കേരളത്തില്‍ രൂപീകൃതമാകുന്നു... അപ്പോള്‍ പാട്രിയാര്‍ക്കി (പുരുഷമേധാവിത്വം) എന്ന് പറയുന്നത് പുരുഷന്‍ മാത്രം ഉണ്ടാക്കുന്ന ഒന്നല്ല. ആ പാട്രിയാര്‍ക്കിയല്‍ ഐഡിയോളജി കൃത്യമായി മനസില്‍ സൂക്ഷിക്കുന്ന സ്ത്രീയും പുരുഷനും കൂടിയുള്ള ഒരിടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. 

ചില പുരുഷന്മാര്‍ വളരെ സ്ത്രീപക്ഷമായ നിലപാടെടുക്കുന്നു. മറ്റ് ചില സ്ത്രീകള്‍ ചിലപ്പോള്‍ ഈ പാട്രിയാര്‍ക്കിയല്‍ ഐഡിയോളജിയെ അറിഞ്ഞോ അറിയാതെയോ ഉള്‍ക്കൊള്ളുന്നു. അപ്പോള്‍ സ്ത്രീപക്ഷനിലപാടെടുക്കുന്ന മനുഷ്യര്‍ അധികാരകേന്ദ്രത്തിലേക്ക് വരണമെന്നുള്ളതാണ് എന്റെ അഭിപ്രായം. ആണ്‍ പെണ്‍ എന്ന ബൈനറി മാത്രമല്ല, ഇവിടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്ലേ? അങ്ങനെ എല്ലാവര്‍ക്കും കൂടി അവകാശപ്പെട്ട ഭൂമിയാണിതെന്ന കാഴ്ചപ്പാടിലേക്ക് സമൂഹമെത്തണം. ഏതെങ്കിലും ഒരു അധികാരകേന്ദ്രത്തിലേക്ക് ഏതെങ്കിലും ഒരു സ്ത്രീ എത്തിയത് കൊണ്ട് എല്ലാം ശരിയായി എന്നൊരു കാഴ്ചപ്പാട് എന്നെ സംബന്ധിച്ച് ഇല്ല...''

 

 

''നമ്മുടെ രാജ്യത്ത് ഏറ്റവുമധികം വിദ്യാഭ്യാസമുള്ളതും രാഷ്ട്രീയ പ്രബുദ്ധതയുള്ളതുമായ സ്ത്രീകളുള്ള ഒരു സംസ്ഥാനം കേരളമാണ്. എന്നിട്ടും പൊതുരംഗത്തോ രാഷ്ട്രീയരംഗത്തോ വേണ്ട രീതിയിലുള്ള പ്രാധാന്യം കേരളത്തിലെ സ്ത്രീകള്‍ക്ക് കിട്ടുന്നില്ല. എന്നാല്‍ വിദ്യാഭ്യാസപരമായോ മറ്റ് തലങ്ങളിലോ ഒക്കെ പിന്നോക്കമാണെന്ന് നമ്മള്‍ വിചാരിക്കുന്ന പല സംസ്ഥാനങ്ങളിലും ഇതിനെക്കാളധികം പ്രാധാന്യം സ്ത്രീകള്‍ക്ക് രാഷ്ട്രീയരംഗത്ത് കിട്ടുന്നുമുണ്ട്. എന്തുകൊണ്ടോ കേരളത്തിലാ അംഗീകാരം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല എന്നതൊരു യാതാര്‍ത്ഥ്യമാണ്. 

ബോധപൂര്‍വ്വം തന്നെ സ്ത്രീകള്‍ക്ക് ഒരു പ്രാതിനിധ്യം നല്‍കണം. സംവരണമല്ല, പ്രാതിനിധ്യത്തെ കുറിച്ചാണ് പറയുന്നത്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന, സ്്ത്രീകള്‍ക്ക് കൊടുക്കണമെന്ന് പറയുന്ന പ്രാതിനിധ്യത്തെ കുറിച്ച്. ആ പ്രാതിനിധ്യം എല്ലാ തലങ്ങളിലും വേണം. തെരഞ്ഞെടുപ്പ് രംഗത്താണെങ്കില്‍ 33 ശതമാനം സംവരണം വന്നതോടുകൂടി ലോക്കല്‍ ബോഡികളില്‍ അത് നടന്നിട്ടുണ്ട്. പക്ഷേ അതിന് മുകളിലേക്ക് അത് നടക്കുന്നില്ല. നിലവിലെ ഒരു സാഹചര്യം വച്ച് ബോധപൂര്‍വ്വമായ ശ്രമം നടന്നെങ്കില്‍ മാത്രമേ വനിതകള്‍ക്ക് ഉയരാന്‍ കഴിയൂ. 

കേരളത്തിന്റെ ചരിത്രം നോക്കിക്കഴിഞ്ഞാല്‍ ആദ്യമായി ഒരു വനിത മുഖ്യമന്ത്രി സ്ഥാനത്ത് വരുമെന്ന് ജനങ്ങളോട് പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. എന്നിട്ടത് നടന്നില്ല,. ഈ വിഷയത്തില്‍ പാര്‍ട്ടി പറയുന്നതല്ല. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലുമുള്ള പൊതുപ്രവണതയാണത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് അക്കാര്യത്തില്‍ വ്യത്യസ്തമായ ചരിത്രമുണ്ട്. ശക്തരായ വനിതാ നേതാക്കള്‍ കോണ്‍ഗ്രസിലുണ്ടായിട്ടുണ്ട്. 

എങ്കിലും നിലവിലെ സാഹചര്യം മാറണമെങ്കില്‍ സംഘടനകള്‍ നയരൂപീകരണ സമിതികളില്‍ സ്ത്രീകളെ ഉള്‍ക്കൊള്ളിക്കണം. ആ പ്രവണത ഇന്നില്ല. അതില്‍ പുരുഷമേധാവിത്വം തന്നെയാണ് തുടരുന്നത്. ചിലപ്പോള്‍ പേരിന് മാത്രമായി സ്ത്രീകളെ പങ്കെടുപ്പിക്കാറുണ്ട്. അതല്ല വേണ്ടത്, ആത്മാര്‍ത്ഥമായി സ്ത്രീകളുടെ സംഘാടനം അംഗീകരിക്കണം. 

സ്ത്രീകളോട് പറയാനുള്ളത്, എത്ര പ്രതിസന്ധികളുണ്ടായാലും ഞാനിവിടെ തുടരും എന്ന നിശ്ചയദാര്‍ഢ്യം പുലര്‍ത്താന്‍ സാധിക്കണം. രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന സ്ത്രീകള്‍ സമൂഹത്തിന്റെ ഭാഗത്ത് നിന്നും ഒരു അയിത്തം നേരിടുന്നതായി എനിക്ക് തോന്നാറുണ്ട്. ഇന്ദിരാഗാന്ധിയെയോ മമത ബാനര്‍ജിയെയോ ഷീല ദീക്ഷിതിനെയോ ഒക്കെ പുകഴ്ത്തി സംസാരിക്കുന്നവര്‍ ധാരാളമായിരിക്കും. എന്നാല്‍ സ്വന്തം വീട്ടകങ്ങളില്‍ നിന്ന് ഒരു വനിതാ രാഷ്ട്രീയ നേതാവുണ്ടാകുമ്പോള്‍ അതില്‍ പ്രശ്‌നം കണ്ടെത്തുന്നവരാണ് അധികം പേരും. ഈ സാഹചര്യങ്ങള്‍ക്ക് മാറ്റം വരണമെങ്കല്‍ തീര്‍ച്ചയായും സ്ത്രീക്ക് കുടുംബത്തിന്റെ പിന്തുണയും വേണം...'' 

 


 

''ഇതുവരെ നമുക്കുണ്ടായിട്ടുള്ള വനിതാ മന്ത്രിമാരുടെ എണ്ണം എടുത്താല്‍ വിരലിലെണ്ണാവുന്ന അത്രയുമേ അത് വരൂ. കഴിവും രാഷ്ട്രീയ ബോധവുമുള്ള നിരവധി വനിതാ നേതാക്കള്‍ എംഎല്‍എമാരായി വന്നതാണ്. എന്നാല്‍ അവരെ ആരെയും തന്നെ മന്ത്രിസ്ഥാനത്തേക്ക് പോലും പരിഗണിച്ചതായി കണ്ടിട്ടില്ല. മുമ്പ് വനിതാമുഖ്യമന്ത്രി ഉണ്ടാകുമെന്ന തരത്തിലുള്ള ചര്‍ച്ചയെല്ലാം വന്നൊരു കാലമുണ്ടായിരുന്നു. പക്ഷേ കാര്യത്തോട് അടുത്തപ്പോള്‍ അത് മാറിമറിഞ്ഞു. 

രാഷ്ട്രീയത്തിലുള്ള സ്ത്രീകള്‍, അവര്‍ക്ക് രാഷ്ട്രീയ ബോധമുണ്ടെങ്കിലും ഉയര്‍ന്നുവരാനോ നിലനിന്നുപോകാനോ കഴിയില്ലെന്ന ഒരു ചിന്ത പൊതുവേ സമൂഹത്തിനുണ്ട്. രാഷ്ട്രീയ തന്ത്രങ്ങള്‍ സ്ത്രീകള്‍ക്ക് വഴങ്ങില്ലെന്ന  ഈ കാഴ്ചപ്പാടില്‍ മാറ്റം വരേണ്ടതുണ്ട്. തങ്ങളെ അധികാരത്തിലേറ്റിയാല്‍ കാര്യങ്ങള്‍ കൃത്യമായി ചെയ്യുമെന്ന് തെളിയിച്ച പല വനിതാമന്ത്രിമാര്‍ രാജ്യത്തുണ്ടായിട്ടുണ്ട്. വളരെ ശക്തരായ വനിതകളാണ് ഇവരെല്ലാം. എന്നിട്ടും ഈ പാത പിന്‍പറ്റി അത്രകണ്ട് സ്ത്രീകള്‍ക്ക് കടന്നുവരാനാകുന്നില്ല. ഇതിന് പൊതുസമൂഹം കൂടി മനസ് വയ്ക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. 

ഒരു സ്ത്രീക്ക് കുടുംബത്തിനോടുള്ള ചില ബാധ്യതകളുണ്ട്. ഇക്കാരണം കൊണ്ടാണ് രാഷ്ട്രീയത്തില്‍ സ്ത്രീക്ക് തിളങ്ങാനാകാത്തത് എന്നാണ് സമൂഹം ചിന്തിക്കുന്നത്. അങ്ങനെയല്ല, കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങളും പൊതുജീവിതവും ഒരേസമയം ഒരുമിച്ച് കൊണ്ടുപോകാന്‍ സ്ത്രീക്ക് കഴിയും. സമൂഹം സ്ത്രീയോട് വച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാടിലാണ് ആദ്യം മാറ്റം വരേണ്ടത്...''

Also Read:- വനിതകള്‍ തിങ്ങും കേരളനാട് എന്നൊരു വനിത ഭരിച്ചീടും?!...

click me!