'എനിക്ക് കുടുംബശ്രീയെ കുറിച്ച് ഒന്നും അറിയുമായിരുന്നില്ല. ക്ലാസ്സിലിരുന്ന് ഞാന്‍ എല്ലാം മനസ്സിലാക്കി. പല സ്ത്രീകള്‍ക്കും അറിയില്ല എന്തൊക്കെ അവകാശങ്ങളുണ്ടെന്ന്. ക്ലാസില്‍ ഇതൊക്കെ പറഞ്ഞുതന്നിട്ടുണ്ട്'
കേരളത്തിന് പുറത്ത് ജനിച്ചു വളര്‍ന്ന യുവതി കുടുംബശ്രീയുടെ 'തിരികെ സ്കൂളില്‍' എന്ന പരിപാടിയെ കുറിച്ച് പറയുന്ന ദൃശ്യം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. കേരളത്തിലെത്തിയ ശേഷം തൃശൂർ മുള്ളൂർക്കരയിൽ കുടുംബശ്രീ പ്രവർത്തനങ്ങളിൽ സജീവമായ നസീം ഫറൂഖ് എന്ന യുവതിയുടെ അഭിപ്രായങ്ങളാണ് വീഡിയോ രൂപത്തില്‍ മന്ത്രി ഫേസ് ബുക്കില്‍ പങ്കുവെച്ചത്.
കുടുംബശ്രീ സ്ത്രീശാക്തീകരണത്തിന് വേണ്ടിയുള്ളതാണെന്ന് നസീം ഫറൂഖ് പറഞ്ഞു- "എനിക്ക് കുടുംബശ്രീയെ കുറിച്ച് ഒന്നും അറിയുമായിരുന്നില്ല. കുടുംബശ്രീ എപ്പോ തുടങ്ങി എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ക്ലാസ്സിലിരുന്ന് ഞാന്‍ എല്ലാം മനസ്സിലാക്കി. ഇത്തരം ടീച്ചര്‍മാരുണ്ടെങ്കില്‍ കുടുംബശ്രീ ഇനിയും തിളങ്ങും. പല സ്ത്രീകള്‍ക്കും അറിയില്ല എന്തൊക്കെ അവകാശങ്ങളുണ്ടെന്ന്. ആ ക്ലാസില്‍ ഇതൊക്കെ പറഞ്ഞുതന്നിട്ടുണ്ട്. കുടുംബശ്രീ എന്നാല്‍ സ്ത്രീ ശാക്തീകരണമാണ്. ഇതില്‍ രാഷ്ട്രീയമൊന്നുമില്ല. ഇത് സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളുടെ പദവി ഉയര്‍ത്താനുള്ളതാണ്."
undefined
'തിരികെ സ്കൂളില്‍' എന്ന ക്യാമ്പെയിനിലൂടെ 46 ലക്ഷം സ്ത്രീകള്‍ വീണ്ടും വിദ്യാലയ മുറ്റത്ത് എത്തുന്ന പരിപാടിക്കാണ് കുടുംബശ്രീ തുടക്കം കുറിച്ചത്. ഒക്ടോബര്‍ 1 ന് തുടങ്ങിയ ക്യാമ്പെയിന്‍ ഡിസംബര്‍ 10 നാണ് അവസാനിക്കുക. പുതിയ കാലത്തെ സാധ്യതകള്‍ അനുസരിച്ച് പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സ്ത്രീ പദവി ഉയര്‍ത്താന്‍ സഹായകരമായ കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിങ്ങനെയാണ് തിരികെ സ്കൂളിലേക്ക് എന്ന ക്യാമ്പെയിന്‍റെ ലക്ഷ്യം.
സ്കൂള്‍ വിദ്യാഭ്യാസത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അസംബ്ലി, ക്ലാസ്, ഉച്ചയ്ക്ക് ഒരുമിച്ചിരുന്നുള്ള ഭക്ഷണം, കലാപരിപാടികള്‍ എന്നിങ്ങനെ അക്ഷരാര്‍ത്ഥത്തില്‍ സ്കൂള്‍ കാലത്തേക്കുള്ള മടങ്ങിപ്പോക്ക്. ചില സ്കൂളുകളില്‍ യൂണിഫോം ധരിച്ചാണ് കുടുംബശ്രീ അംഗങ്ങള്‍ എത്തിയത്.