യോജിച്ച വരനെ കണ്ടെത്തി തന്നാല്‍ സമ്മാനമായി നാല് ലക്ഷം രൂപ!; പരസ്യവുമായി യുവതി

By hyrunneesa A  |  First Published Jul 13, 2023, 5:39 PM IST

ഇവര്‍ക്ക് തന്‍റെ ജീവിതപങ്കാളി എങ്ങനെയെരിക്കണം എന്നതിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇതനുസരിച്ച് ഒരാളെ ഏറെ കാലം തിരഞ്ഞു. എന്നാല്‍ കണ്ടെത്താനായില്ല. പിന്നീട് സുഹൃത്തുക്കളുടെ സഹായവും തേടി, ആ ശ്രമവും വിഫലമായി. ഇതോടെയാണ് സംഗതി പരസ്യമാക്കാൻ ഇവര്‍ തീരുമാനിച്ചത്. 


ജീവിതപങ്കാളിയെ കണ്ടെത്തുന്നതിന് മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ സ്വതന്ത്രമായ പല പ്ലാറ്റ്ഫോമുകളുമുണ്ട്.പ്രത്യേകിച്ച് മാട്രിമോണിയല്‍ സൈറ്റുകള്‍, ഡേറ്റിംഗ് ആപ്പുകള്‍, സോഷ്യല്‍ മീഡിയ പോലുള്ള ഇടങ്ങള്‍. നിലവില്‍ സ്ത്രീകളായാലും പുരുഷന്മാരായാലും മിക്കവരും തങ്ങളുടെ ജീവിതപങ്കാളിയെ സ്വയം തന്നെ അന്വേഷിക്കുന്ന രീതിയും കൂടിവന്നിട്ടുണ്ട്.

എന്നാല്‍ ഇത്തരത്തിലുള്ള പല സൗകര്യങ്ങളും ലഭ്യമായിട്ടും യോജിച്ച ജീവിതപങ്കാളിയെ കണ്ടെത്താൻ കഴിയാതെ പ്രയാസപ്പെടുന്നവരും ഏറെയുണ്ട്. തങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കോ ഡിമാൻഡുകള്‍ക്കോ ഒത്തുവരും വിധത്തിലുള്ള വ്യക്തികളെ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ഇത്തരത്തിലുള്ള പ്രതിസന്ധികളുണ്ടാകുന്നത്. എന്നാല്‍ പലരും അങ്ങനെ കാര്യമായ ഡിമാൻഡുകളൊന്നും സൂക്ഷിക്കാതെ പങ്കാളിക്ക് വേണ്ടി തിരച്ചില്‍ നടത്തുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകാറുമുണ്ട്.

Latest Videos

ഇപ്പോഴിതാ യുഎസില്‍ നിന്നുള്ള ഒരു സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസര്‍ ഇത്തരത്തില്‍ നല്‍കിയിരിക്കുന്നൊരു പരസ്യമാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഇവര്‍ക്ക് തന്‍റെ ജീവിതപങ്കാളി എങ്ങനെയെരിക്കണം എന്നതിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇതനുസരിച്ച് ഒരാളെ ഏറെ കാലം തിരഞ്ഞു. എന്നാല്‍ കണ്ടെത്താനായില്ല. പിന്നീട് സുഹൃത്തുക്കളുടെ സഹായവും തേടി, ആ ശ്രമവും വിഫലമായി. ഇതോടെയാണ് സംഗതി പരസ്യമാക്കാൻ ഇവര്‍ തീരുമാനിച്ചത്. 

ഈവ് ടില്ലി കോള്‍സണ്‍ എന്ന മുപ്പത്തിയഞ്ചുകാരിയാണ് പരസ്യമായി ജീവിതപങ്കാളിയെ അന്വേഷിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. ഇത് മാത്രമല്ല ഇവരുടെ പരസ്യത്തിന്‍റെ പ്രത്യേകത. ഇവര്‍ക്ക് യോജിച്ച പങ്കാളിയെ കണ്ടെത്തി കൊടുക്കാൻ ആര്‍ക്കെങ്കിലും സാധിച്ചാല്‍ അവര്‍ക്ക് പാരിതോഷികമായി നാല് ലക്ഷം രൂപ നല്‍കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സമ്മാനം പ്രഖ്യാപിച്ചതോടെയാണ് ഇവരുടെ വിവാഹപരസ്യം വലിയ രീതിയില്‍ ശ്രദ്ധേയമായത്. 

ടിക് ടോക്കില്‍ വീഡിയോ ആയിട്ടാണ് ഈവ് തന്‍റെ വിവാഹപരസ്യം നല്‍കിയിരിക്കുന്നത്. തനിക്ക് സിംഗിള്‍ ജീവിതം മടുത്തുവെന്നും, വളരെ സീരിയസായൊരു റിലേഷൻഷിപ്പാണ് അന്വേഷിക്കുന്നതെന്നും ഈവ് പറയുന്നു. ഡേറ്റിംഗ് ആപ്പുകളെയൊക്കെ ആശ്രയിക്കുന്ന പുരുഷന്മാരില്‍ അധികപേരും സീരിയസ് ബന്ധങ്ങള്‍ വേണ്ട എന്നുള്ളവരാണെന്നും കൊവിഡ് കാലത്തിന് ശേഷമാണ് ഡേറ്റിംഗ് രീതിയില്‍ ഇത്രമാത്രം മാറ്റം വന്നതെന്നും ഈവ് പറയുന്നു. 

അഞ്ചടി പത്തിഞ്ചാണ് ഈവിന്‍റെ ഉയരം. അതിനാല്‍ തന്നെ അഞ്ചടി പതിനൊന്ന് ഇഞ്ചെങ്കിലും ഉയരമുള്ള ആളെയാണ് ഇവര്‍ അന്വേഷിക്കുന്നത്. ബാക്കി കാണാൻ എങ്ങനെ ആകണമെന്നൊന്നും ഇവര്‍ പറയുന്നില്ല. നേരത്തെ ഉയരം അല്‍പം കുറഞ്ഞവരുമായി പ്രണയത്തിലായപ്പോള്‍ അവര്‍ തന്നെ ഹീല്‍സ് ധരിക്കാൻ അനുവദിക്കാത്തതും മറ്റും മനസില്‍ വച്ചാണ് ഉയരത്തിന്‍റെ കാര്യത്തില്‍ ഡിമാൻഡ് വയ്ക്കുന്നതെന്ന് ഇവര്‍ പറയുന്നു.

മതം, രാഷ്ട്രീയ പാര്‍ട്ടി, നാട് ഇതൊന്നും വിഷയമല്ല. 27- 40 വയസ് വരെ പ്രായമുള്ളവരെ പരിഗണിക്കുന്നു. നല്ല 'സെൻസ് ഓഫ് ഹ്യൂമര്‍' ഉള്ള ആളായിരിക്കണമെന്നും, സ്പോര്‍ട്സ്- മൃഗങ്ങള്‍- കുട്ടികള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ അഭിരുചി ഉണ്ടായിരിക്കണമെന്നതുമാണ് ഈവിന്‍റെ മറ്റ് ഡിമാൻഡുകള്‍. ഡിസ്റ്റൻസ് റിലേഷൻഷിപ്പിന് വരെ ഈവ് തയ്യാറാണ്. പക്ഷേ ബന്ധം സീരിയസായിരിക്കണം.

നാളെയൊരിക്കല്‍ അയാളുമായി താൻ വിവാഹമോചനം നേടാം. അതൊക്കെ അപ്പോഴത്തെ കാര്യം. പക്ഷേ ഇപ്പോള്‍ വിവാഹം വരെ എത്തിയാല്‍ തന്നെ വരനെ കണ്ടെത്തിയ ആള്‍ക്ക് നാല് ലക്ഷം പാരിതോഷികം കൈമാറുമെന്നാണ് ഈവ് അറിയിക്കുന്നത്. 

Also Read:- ബാത്ത്‍റൂമും ബെഡ്‍ റൂമും ഒന്നായാല്‍ എങ്ങനെയിരിക്കും? വിചിത്രമായ അനുഭവം പങ്കിട്ട് ഒരാള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

click me!