പ്രത്യേകിച്ച് സ്ത്രീകളാണ് ഹൃദയാഘാതത്തെ തെറ്റിദ്ധരിക്കുകയെന്ന് റിപ്പോര്‍ട്ടുകളെല്ലാം ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ പൊതുവില്‍ തന്നെ തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെ വളരെ വൈകി മാത്രം ശ്രദ്ധിക്കുന്നവരാണ്
ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം പലപ്പോഴും ആളുകള്‍ തെറ്റിദ്ധരിക്കാൻ സാധ്യതയുള്ളൊരു ആരോഗ്യപ്രതിസന്ധിയാണ്. ജീവന് വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമായതിനാല്‍ തന്നെ ഹൃദയാഘാതം തെറ്റിദ്ധരിക്കപ്പെടുന്നത് വളരെയധികം അപകടമാണ്. പക്ഷേ നിത്യജീവിതത്തില്‍ നാം സാധാരണയായി നേരിടുന്ന ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളായോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും നിസാരമയാ ആരോഗ്യപ്രശ്നങ്ങളായോ എല്ലാം ഹൃദയാഘാതത്തെ തെറ്റിദ്ധരിച്ചിട്ടുള്ളവര്‍ ഒട്ടേറെയാണ്.
പ്രത്യേകിച്ച് സ്ത്രീകളാണ് ഹൃദയാഘാതത്തെ തെറ്റിദ്ധരിക്കുകയെന്ന് റിപ്പോര്‍ട്ടുകളെല്ലാം ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ പൊതുവില്‍ തന്നെ തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെ വളരെ വൈകി മാത്രം ശ്രദ്ധിക്കുന്നവരാണ്. അതുപോലെ തന്നെ രോഗലക്ഷണങ്ങളെ മറ്റെന്തെങ്കിലും നിസാരമായ ആരോഗ്യപ്രശ്നമായും സ്ത്രീകള്‍ പെട്ടെന്ന് മനസിലാക്കും. സ്ത്രീകള്‍ക്ക് ഇടയ്ക്കിടെ ആരോഗ്യപ്രശ്നങ്ങള്‍ വരുന്നു എന്നതിനാലാണിത്.
സമാനമായ രീതിയില്‍ ഹൃദയാഘാതത്തെ തെറ്റിദ്ധരിച്ച് മരണത്തിന്‍റെ വക്കോളം വരെ പോയി തിരികെ ജീവിതത്തിലേക്ക് മടങ്ങിയൊരു സ്ത്രീ ഇപ്പോഴിതാ തന്‍റെ അനുഭവം ഒരു ബോധവത്കരണം പോലെ ഏവരുമായി പങ്കിടുകയാണ്. യുഎസ് സ്വദേശിയായ ജെന്ന ടാന്നര്‍ എന്ന നാല്‍പത്തിയെട്ടുകാരിയാണ് 'ഗുഡ് മോണിംഗ് അമേരിക്ക'യിലൂടെ തന്‍റെ അനുഭവം പങ്കിട്ടിരിക്കുന്നത്.
ദിവസങ്ങളോളം ഹൃദയാഘാതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇവര്‍ നേരിട്ടുവത്രേ. എന്നാലതെല്ലാം പനിയും ശ്വാസകോശ അണുബാധയോ ജലദോഷമോ ആണെന്ന നിഗമനത്തില്‍ ഇവര്‍ തുടരുകയായിരുന്നുവത്രേ. കൊവിഡും പകര്‍ച്ചപ്പനിയുമെല്ലാം പല തവണ ഇവരെയും വീട്ടുകാരെയും ഇതിനോടകം ബാധിച്ചിരുന്നു. അതിനാല്‍ തന്നെ ആരോഗ്യാവസ്ഥ വളരെ മോശമായിരുന്നു.
ഇതിനിടെ നെഞ്ചില്‍ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയതോടെ അത് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളായിരിക്കും, ജലദോഷവും പനിയുമെല്ലാം ഉള്ളതുകൊണ്ട് സംഭവിക്കുന്നതായിരിക്കും എന്ന ചിന്തയില്‍ തുടര്‍ന്നു. പക്ഷേ അധികം പിടിച്ചുനില്‍ക്കാനായില്ല.
നെഞ്ചില്‍ അതിഭയങ്കരമായ കനം അനുഭവപ്പെട്ട് അനങ്ങാൻ പോലുമാകാതെ ആയപ്പോള്‍ ആശുപത്രിയിലെ എമര്‍ജൻസി സര്‍വീസില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട് വൈകാതെ തന്നെ ഇവര്‍ മൂന്ന് സര്‍ജറികള്‍ക്ക് വിധേയയായി. അപ്പോഴെങ്കിലും ആശുപത്രിയിലെത്തിയില്ലായിരുന്നുവെങ്കില്‍ മരണം ഉറപ്പായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതത്രേ.
ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും വ്യാപകമായിട്ടുള്ള ഈ കാലത്ത് ഇത്തരത്തില്‍ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതകളേറെയുണ്ട് എന്നതിനാലും, സ്ത്രീകള്‍ പൊതുവെ തന്നെ ഇക്കാര്യത്തില്‍ പിന്നിലായതിനാലും ഒരു ബോധവത്കരണം എന്ന നിലയിലാണ് ആരോഗ്യം സാധാരണനിലയിലേക്ക് മടങ്ങി വന്നതിന് ശേഷം ജെന്ന ഇതെല്ലാം പങ്കുവച്ചിരിക്കുന്നത്. വലിയ രീതിയിലാണ് ജെന്നയുടെ അനുഭവകഥയ്ക്ക് ശ്രദ്ധ ലഭിച്ചിരിക്കുന്നത്. ഇതൊരു ശക്തമായ ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.
Also Read:- നിങ്ങളൊരു റോഡപകടം കണ്ടാല്‍ എന്ത് ചെയ്യും? ; കിഷോര്‍ കുമാറും മകനും ഒരു 'റിമൈൻഡര്‍' ആണ്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-