പുറപ്പെടാൻ നിമിഷങ്ങള്‍ ബാക്കി; വിമാനത്തില്‍ പ്രസവിച്ച് യുവതി- വീഡിയോ...

By Web Team  |  First Published Nov 21, 2023, 2:04 PM IST

വീഡിയോയില്‍ യുവതിക്കരികിലേക്ക് ഓടിയെത്തുന്ന മെഡിക്കല്‍ സ്റ്റാഫുകളെ കാണാം. എല്ലാവിധ തയ്യാറെടുപ്പോടും കൂടി വിമാനത്തിനകത്ത് വച്ചുതന്നെ പ്രസവം നടത്താനാണ് ഇവര്‍ ശ്രമിക്കുന്നത്.


യാത്ര പുറപ്പെടാൻ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിമാനത്തിനകത്ത് പ്രസവിച്ച് യുവതി. തുര്‍ക്കിയില്‍ നിന്ന് ഫ്രാൻസിലേക്ക് പോകാനൊരുങ്ങുന്ന ഫ്ളൈറ്റിലാണ് അപൂര്‍വമായ സംഭവമുണ്ടായത്. 

തീര്‍ത്തും അപ്രതീക്ഷിതമായി ഗര്‍ഭിണിയായ യാത്രക്കാരിക്ക് പ്രസവവേദന വരികയായിരുന്നു. ഇതോടെ വിമാനത്തിലെ ജീവനക്കാര്‍ അവരെ സീറ്റില്‍ നിന്ന് മാറ്റി വിമാനത്തിനകത്ത് തന്നെ മറ്റൊരു ഭാഗത്തേക്ക് മാറ്റി. 

Latest Videos

ടേക്കോഫിന് തയ്യാറെടുക്കുകയായിരുന്ന ഫ്ളൈറ്റിലെ നാടകീയ സംഭവങ്ങള്‍ യാത്രക്കാരെ ആകെ അത്ഭുതത്തിലും ആകാംക്ഷയിലുമാക്കി. ഇവരിലാരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ ആണിപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. 

ഈ വീഡിയോയില്‍ യുവതിക്കരികിലേക്ക് ഓടിയെത്തുന്ന മെഡിക്കല്‍ സ്റ്റാഫുകളെ കാണാം. എല്ലാവിധ തയ്യാറെടുപ്പോടും കൂടി വിമാനത്തിനകത്ത് വച്ചുതന്നെ പ്രസവം നടത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. എന്തായാലും അത് ഭംഗിയായി തന്നെ ഇവര്‍ക്ക് ചെയ്യാൻ സാധിച്ചു.

വീഡിയോയുടെ അവസാനഭാഗത്ത് മെഡിക്കല്‍ സ്റ്റാഫോ ഡോക്ടറോ ആണെന്ന് സംശയിക്കാവുന്നൊരു സ്ത്രീ നീല പുതപ്പില്‍ പൊതിഞ്ഞ് നവജാതശിശുവിനെയും കൊണ്ട് പോകുന്നത് കാണാം, ഇടയ്ക്ക് തക്ക സമയത്ത് തന്നെ ഉചിതമായി ഇടപെട്ട ഫ്ളൈറ്റ് ജീവനക്കാര്‍ക്കും മെഡിക്കല്‍ സ്റ്റാഫിനും യാത്രക്കാര്‍ കയ്യടിച്ച് ആദരം അര്‍പ്പിക്കുന്നതും വീഡിയോയിലുണ്ട്. 

യുവതി ഏത് രാജ്യക്കാരിയാണെന്നോ, എന്താണ് മറ്റ് വിശദാംശങ്ങളെന്നതോ പുറത്തുവിട്ടിട്ടില്ല. അതേസമയം അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു എന്നതാണ് ഒടുവില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വൈറലായ വീഡിയോ കണ്ടുനോക്കൂ...

 


ഗര്‍ഭിണികള്‍ക്ക്- അവസാനത്തെ മൂന്ന് മാസം വിമാനയാത്ര അനുവദിക്കാറില്ലെന്നതിനാല്‍ തന്നെ വിമാനത്തിനകത്ത് പ്രസവം എന്നത് അപൂര്‍വമാണ്. എന്നാല്‍ ഇതിന് മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. പോയ വര്‍ഷം ഇക്വഡോറില്‍ ഇതുപോലെ ഫ്ളൈറ്റിനകത്ത് വച്ച് വയറുവേദന അനുഭവപ്പെട്ട യുവതി ബാത്ത്റൂമില്‍ പോയ സമയത്ത് പ്രസവം നടന്നത് വലിയ വാര്‍ത്തയായിരുന്നു. 

Also Read:- ഇങ്ങനെയും ജ്യൂസ് അടിക്കാം? വൈറലായി വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!