ശാരീരിക കാരണങ്ങള്‍ മൂലം കുഞ്ഞിനെ മുലയൂട്ടാൻ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. അങ്ങനെ വിഷാദത്തിലേക്ക് വീണുപോയ കരീസ്മ രണ്ട് തവണ കാനഡയില്‍ വച്ചുതന്നെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ സമയത്തിന് ഭര്‍ത്താവിന്‍റെ ശ്രദ്ധ ലഭിച്ചതുകൊണ്ട് അന്നെല്ലാം ജീവൻ സുരക്ഷിതമായി. തുടര്‍ന്ന് അവിടെ മനശാസ്ത്ര വിദഗ്ധരുടെ ചികിത്സയിലായിരുന്നു ഇവര്‍.
ശാരീരികാരോഗ്യം പോലെ തന്നെ ഏറെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ മിക്കവരും ഇതെക്കുറിച്ച് അത്രമാത്രം ബോധ്യത്തിലാകണമെന്നില്ല. അതേസമയം ഈ അടുത്ത കാലത്ത് മാനസികാരോഗ്യപ്രശ്നങ്ങളെ കുറിച്ചും പ്രത്യേകിച്ച് വിഷാദരോഗത്തെ കുറിച്ചും ഏറെ ചര്‍ച്ചകളുയര്‍ന്ന് വന്നിരുന്നു.
ലോകത്ത് തന്നെ ഏറ്റവുമധികം വിഷാദരോഗികളുള്ളൊരു രാജ്യമാണ് ഇന്ത്യ, എന്നുള്ളതിനാല്‍ കൂടിയാണ് ഇത് സംബന്ധിച്ച് ഒരുപാട് ചര്‍ച്ചകള്‍ ഇവിടെ ഉയര്‍ന്നുവരാൻ കാരണം. ഇക്കൂട്ടത്തില്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷൻ അഥവാ പ്രസവത്തിന് ശേഷം സ്ത്രീകളെ ബാധിക്കുന്ന വിഷാദത്തെ കുറിച്ചും ഒരുപാട് ചര്‍ച്ചകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്തര അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ഇതെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്ത സ്ത്രീകളും മനശാസ്ത്ര വിദഗ്ധരും ഏറെയാണ്.
ഇപ്പോഴിതാ ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു സംഭവമാണ് ബെഗലൂരുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കുഞ്ഞ് ജനിച്ച ശേഷം ഇതിന് മുലയൂട്ടുന്നതിന് സാധിക്കാതിരുന്നതിനെ തുടര്‍ന്ന് നിരാശയിലായ യുവതി താമസിച്ചിരുന്ന ഫ്ളാറ്റ് സമുച്ചയത്തിലെ ഇരുപതാം നിലയില്‍ നിന്ന് ചാടി മരിച്ചു എന്നതാണ് വാര്‍ത്ത.
2011ലാണത്രേ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ കരിസ്മ സിംഗ് വിവാഹിതയാകുന്നത്. സോഫ്റ്റ്‍വെയര്‍ പ്രൊഫഷണല്‍ തന്നെയാണ് ഭര്‍ത്താവ് കരണ്‍ സിംഗും. ഇരുവരും വിവാഹശേഷം കാനഡയിലേക്ക് പോയി. ദീര്‍ഘകാലം അവിടെയായിരുന്നു ഇവര്‍ ജീവിച്ചത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം 2022ലാണ് ഇവര്‍ക്കൊരു കുഞ്ഞ് പിറന്നത്.
കുഞ്ഞ് പിറന്നതിന് ശേഷം കരിസ്മയില്‍ കാര്യമായ മാറ്റങ്ങളാണത്രേ സംഭവിച്ചത്. ശാരീരിക കാരണങ്ങള്‍ മൂലം കുഞ്ഞിനെ മുലയൂട്ടാൻ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. അങ്ങനെ വിഷാദത്തിലേക്ക് വീണുപോയ കരീസ്മ രണ്ട് തവണ കാനഡയില്‍ വച്ചുതന്നെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ സമയത്തിന് ഭര്‍ത്താവിന്‍റെ ശ്രദ്ധ ലഭിച്ചതുകൊണ്ട് അന്നെല്ലാം ജീവൻ സുരക്ഷിതമായി. തുടര്‍ന്ന് അവിടെ മനശാസ്ത്ര വിദഗ്ധരുടെ ചികിത്സയിലായിരുന്നു ഇവര്‍.
എന്നാല്‍ മെച്ചപ്പെട്ട ചികിത്സയും പരിചരണവും നല്‍കാമെന്ന ആഗ്രഹത്തില്‍ കരീസ്മയുടെ അച്ഛനും അമ്മയും അവരെ നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. ചെന്നൈ സ്വദേശികളായ ഇവര്‍ കഴിഞ്ഞ 20 വര്‍ഷമായി ബെംഗലൂരുവിലാണ് താമസിക്കുന്നത്. ഇവിടെയെത്തിയ ശേഷവും കരീസ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവത്രേ. എന്നാല്‍ അപ്പോഴും മറ്റുള്ളവര്‍ കണ്ടതിനാല്‍ രക്ഷപ്പെട്ടു. ഇതോടെ ദിവസങ്ങളോളം ഇവര്‍ ആശുപത്രിയില്‍ തന്നെയായിരുന്നു. ശേഷം നവംബറിലാണ് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടത്.
ഇന്നലെ രാവിലെ 11 മണി കഴിഞ്ഞപ്പോള്‍ പത്തൊമ്പതാം നിലയിലുള്ള ഫ്ളാറ്റില്‍ നിന്ന് മുടിയുണക്കിയിട്ട് വരാമെന്ന് മാതാപിതാക്കളോട് പറഞ്ഞാണ് കരീസ്മ പുറത്തിറങ്ങിയത്. ഏറെ നേരമായിട്ടും മകളെ കാണാതായതോടെ ഇവര്‍ അന്വേഷിച്ചപ്പോഴാണ് മുകളില്‍ നിന്ന് താഴേക്ക് ചാടിയ വിവരം അറിയുന്നത്. തല്‍ക്ഷണം തന്നെ മരണം സംഭവിച്ചിരുന്നു.
മാസങ്ങളോളം വിഷാദത്തോട് പോരാടിയ ശേഷം അത് അവളുടെ ജീവനെടുക്കുന്ന സാഹചര്യത്തിലെത്തി എന്നാണ് പൊലീസിന് കരീസ്മയുടെ ബന്ധുക്കള്‍ നല്‍കിയിരിക്കുന്ന മൊഴി. സംഭവത്തില്‍ പൊലീസ് കേസ് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കില്‍ ജോലി ചെയ്യുന്ന ഒരു സഹോദരൻ കൂടിയുണ്ട് കരീസ്മയ്ക്ക്.
Also Read:- നിങ്ങള്‍ മനസുകൊണ്ട് ശക്തരാണോ? ഇക്കാര്യങ്ങള്‍ സ്വയം പരിശോധിച്ചുനോക്കൂ