Oldest Tattoo Artist : ഒരു ടാറ്റൂ കഥ ; ലോകത്തെ ഏറ്റവും പ്രായമേറിയ ടാറ്റൂ ആർട്ടിസ്റ്റ്

By Web Team  |  First Published May 15, 2022, 3:34 PM IST

ലോകത്തെ ഏറ്റവും പ്രായമേറിയ 'മംബാബത്തോക്ക്' അഥവാ കൈപ്പണികളാൽ പച്ചകുത്തുന്ന കലാകാരിയാണ് ഫിലിപ്പീൻസിലെ ബുസ്കലാനിൽ ജീവിച്ചിരിക്കുന്ന, കലിംഗ ഗോത്രവർഗക്കാരിയായ 105 വയസ് പ്രായമുള്ള മരിയ ഓഗേ ( Maria Oggay).


ഇതൊരു കഥയാണ്. ഒരു ചൈനീസ് നാടോടിക്കഥയെ അനുസ്മരിപ്പിക്കുന്നൊരു ജീവിതകഥ. ഫിലിപ്പീൻസിലെ ലൂസോൺ പ്രവിശ്യയിലെ മലനിരകളിൽ ജീവിക്കുന്ന മരിയ ഓഗേ (Maria Oggay) എന്ന് വിളിപ്പേരുള്ള വാങ് ഓഡ് ഓഗേ (Whang od Oggay) എന്ന മുത്തശ്ശിയുടെയും അവരുടെ പുരാതന ഗോത്രസംസ്കാരത്തിന്റെയും കഥ.

ലോകത്തെ ഏറ്റവും പ്രായമേറിയ 'മംബാബത്തോക്ക്' അഥവാ കൈപ്പണികളാൽ പച്ചകുത്തുന്ന കലാകാരിയാണ് ഫിലിപ്പീൻസിലെ ബുസ്കലാനിൽ ജീവിച്ചിരിക്കുന്ന, കലിംഗ ഗോത്രവർഗക്കാരിയായ 105 വയസ് പ്രായമുള്ള മരിയ ഓഗേ. അവർക്ക് പച്ചകുത്തൽ പാരമ്പര്യമായി കൈമാറി കിട്ടിയതാണ്. ജപ്പാനുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട ഗോത്ര യോദ്ധാക്കൾക്ക് ആദരസൂചകമായാണ് മരിയ ഓഗേയുടെ പിതാമഹന്മാരുടെ കാലത്ത് പച്ചകുത്തി തുടങ്ങിയത്. അങ്ങനെ തുടങ്ങിയ പച്ചകുത്തൽ പിന്നീട് അവരുടെ ഗോത്രസംസ്കാരത്തിന്റെ ഭാഗമായി മാറുകയായിരുന്നു.

Latest Videos

പതിനഞ്ചാം വയസിലാണ് മരിയ ഓഗേ കൈത്തൊഴിൽ തുടങ്ങുന്നത്. അവരുടെ കരവിരുതിൽ തെളിഞ്ഞ രൂപങ്ങളുടെ ഖ്യാതി ഫിലിപ്പീൻസ് എന്ന ചെറുരാജ്യവും കടന്ന ലോകമെമ്പാടും വ്യാപിച്ചു. അതുകൊണ്ടാണ് കാലങ്ങൾക്കിപ്പുറവും ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ടാറ്റൂ പ്രേമികൾ ഈ ടാറ്റൂ മുത്തശ്ശിയെ അന്വേഷിച്ച് അവരുടെ ഉൾനാടൻ ഗ്രാമത്തിലെത്തുന്നതും. ഈ പുരാതന കലാകാരിയുടെ സാന്നിധ്യം കലിംഗ എന്ന ഗ്രാമത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പരിവർത്തനം ചെയ്തു. ഇന്ന് ഈ നാടിന്റെ ഏറ്റവും വലിയ വരുമാന മാർഗം ടൂറിസത്തിൽ നിന്ന് ലഭിക്കുന്ന ലാഭം തന്നെ. 

ഒരു നാടിന്റെ നട്ടെല്ലായി മാറിയ വാങ് ഓഡ് ഓഗേയെ നാഷണൽ കൾച്ചറൽ ആന്റ് ആർട്സ് കമ്മീഷന്റെ പരമോന്നത പുരസ്കാരം നൽകിയാണ് ഫിലിപ്പീൻസ് സർക്കാർ ആദരിച്ചത്.നാഷണൽ ലിവിംഗ് ട്രഷർ അവാർഡിനായി ശുപാർശ ചെയ്യുകയും ചെയ്തു.

 

 

105 വയസായി ടാറ്റു മുത്തശ്ശിക്ക്. കണ്ണുകൾക്ക് കാഴ്ച ശക്തി കുറഞ്ഞിരിക്കുന്നു, ഇനിയങ്ങോട്ട് ഈ തൊഴിൽ തുടരാൻ കഴിയുമെന്ന വിശ്വാസമില്ല. ഇരുപത്തഞ്ചാം വയസിൽ വിധവയായ അപ്പോവാങിന് കുട്ടികളില്ല. അതു കൊണ്ട് തന്നെ പുരാതനമായ ഗോത്രപൈതൃകത്തിന് ഇവരുടെ മരണത്തോടെ അവസാനം കുറിക്കുമെന്നിരിക്കെയാണ്, കുടുംബ പരമ്പരയിലെ ഇളമുറക്കാരിക്ക് മുത്തശ്ശി നൂറ്റാണ്ടുകളുടെ ചരിത്രമുൾക്കൊള്ളുന്ന ഈ കരവിരുത് പകർന്ന് കൊടുക്കുന്നത്.

മരിയ ഓഗേ എന്ന മുത്തശ്ശി ഗ്രേസ് എന്ന കൊച്ചുമകളെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വം ഒരു വലിയ പൈതൃകത്തിന്റെ സൂക്ഷിപ്പുകാരിയാവുക എന്നതാണ്. ഗ്രേസ് പറയുന്നു, ഒരിക്കൽ പച്ചകുത്തിയാൽ അത് മരണം വരെ ഒപ്പമുണ്ടാകും. മരണാനന്തരം ശരീരത്തിലെ മുഴുവൻ ആടയാഭരണങ്ങളും നീക്കം ചെയ്താലും, മഷി രൂപങ്ങൾ ശേഷിക്കും. ഇത് തനിക്ക് മഹത്തായൊരു ബഹുമതിയാണ്. കാരണം ഇത് ഞങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. സംസ്കാരം, കലിംഗയിലെ ജനങ്ങൾക്ക് ജീവനോളം പ്രാധാന്യമേറിയതും.

click me!