Wedding Day : പുലര്‍ച്ചെ 2 മണിക്ക് ഒരുക്കം, രാവിലെ വിവാഹം, ഉച്ചയ്ക്ക് പരീക്ഷ; അനുഭവം പങ്കിട്ട് യുവതി

By Web Team  |  First Published May 1, 2022, 11:42 PM IST

''ഞങ്ങള്‍ വിവാഹം രാവിലത്തെ മുഹൂര്‍ത്തത്തില്‍ നിന്ന് ഉച്ചയ്ക്ക് ശേഷമുള്ള മുഹൂര്‍ത്തത്തിലേക്ക് മാറ്റി. പുലര്‍ച്ചെ രണ്ട് മണിക്ക് ബ്യൂട്ടി പാര്‍ലറിലെത്തി ഒരുങ്ങി. അപ്പോഴും ഞാന്‍ പഠിക്കുകയായിരുന്നു. പാര്‍ത്ഥ് എന്റെ കൂടെ തന്നെയുണ്ടായിരുന്നു....''


വിദ്യാഭ്യാസത്തിന് വളരെയേറെ പ്രാധാന്യം ( Importance of Education ) നല്‍കുന്നരാണ് ഇന്ന് യുവതലമുറ ( New Generation ). വ്യക്തിജീവിതത്തിനൊപ്പം തന്നെ കരിയറിനും കാര്യമായ ശ്രദ്ധ നല്‍കുന്നവരാണ് ഏറിയ പങ്ക് യുവാക്കളും. 

ഇതിന് ഉദാഹരണമാവുകയാണ് ഗുജറാത്തിലെ സൂറത്ത് സ്വദേശിനിയുടെ അനുഭവക്കുറിപ്പ്. ആകസ്മികമായി വിവാഹദിവസം തന്നെ പരീക്ഷയും വന്നെത്തിയപ്പോള്‍ അത് എങ്ങനെയായിരുന്നു കൈകാര്യം ചെയ്തത് എന്നതിനെ കുറിച്ചായിരുന്നു യുവതിയുടെ കുറിപ്പ്. 

Latest Videos

undefined

'ഒഫീഷ്യല്‍ ഹ്യൂമണ്‍സ് ഓഫ് ബോംബെ' എന്ന പേജിലൂടെയാണ് യുവതി തന്റെ അപൂര്‍വാനുഭവം പങ്കുവച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ ്പങ്കുവയ്ക്കപ്പെട്ട ഈ കുറിപ്പ് സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. 

തന്റെ അമ്മയെ കുറിച്ച് പറഞ്ഞുകൊണ്ടാണ് യുവതി സ്വന്തം അനുഭവത്തിലേക്ക് എത്തുന്നത്. അമ്മ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് വിവാഹിതയാകുന്നതെന്നും പിന്നീട് ഗര്‍ഭിണിയായപ്പോള്‍ പഠനം നിര്‍ത്തിയ അമ്മ, തനിക്ക് എട്ട് വയസുള്ളപ്പോഴാണ് പഠനം തുടരുന്നതെന്നും യുവതി പറയുന്നു. 

'ഞാനും എന്റെ സഹോദരനും അമ്മയുടെ പരീക്ഷാഹാളിന് പുറത്ത് കാത്തിരിക്കും. അന്ന് മുതല്‍ തന്നെ വിദ്യാഭ്യാസം എത്ര പ്രധാനമാണെന്ന് ഞാന്‍ മനസിലാക്കി. പിന്നീട് അമ്മ എന്റെ സ്‌കൂളിലെ പ്രിന്‍സിപ്പാളായി. പഠനത്തിന് വേണ്ടി കഠിനമായി അധ്വാനിക്കാന്‍ അമ്മയാണ് എന്റെ പ്രചോദനം. എല്ലാ ക്ലാസിലും ആദ്യ മൂന്ന് റാങ്കിനുള്ളില്‍ ഞാന്‍ എത്തുമായിരുന്നു. ഡിഗ്രിക്ക് ശേഷം സ്വന്തമായി എന്‍ജിഒ തുടങ്ങുകയെന്ന ആഗ്രഹത്തില്‍ സോഷ്യല്‍ വര്‍ക്കില്‍ ഡിഗ്രി ചെയ്തു. ഇതിനും രണ്ട് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ പാര്‍ത്ഥിനെ കാണുന്നത്. അറേഞ്ച്ഡ് മാരീജ് തന്നെയായിരുന്നു ഞങ്ങളുടേത്...

...ആദ്യമായി പാര്‍ത്ഥിനെ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്, എനിക്ക് ഒരിക്കലും എന്റെ സ്വപ്നങ്ങളെ ഉപേക്ഷിക്കാനാകില്ലെന്നാണ്. അദ്ദേഹവും എന്നോട് തിരിച്ച് അതുതന്നെ പറഞ്ഞു. പിന്നീടിങ്ങോട്ട് ഞാന്‍ പാര്‍ത്ഥിനെ കൂടുതല്‍ മനസിലാക്കി. അങ്ങനെ വിവാഹത്തിന് സമ്മതം മൂളി...'- യുവതി എഴുതുന്നു. 

ആറ് മാസത്തിന് ശേഷമായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടെ പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. പക്ഷേ വിവാഹദിവസം തന്നെ പരീക്ഷയായത് വളരെ ആകസ്മികമായിരുന്നു. 

'വിവാഹദിവസം തന്നെയാണ് പരീക്ഷയെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ പാര്‍ത്ഥിനെ വിളിച്ചു. പരീക്ഷ മുടക്കാന്‍ കഴിയില്ലെന്നും പാര്‍ത്ഥും പറഞ്ഞു. അങ്ങനെ ഞങ്ങള്‍ വിവാഹം രാവിലത്തെ മുഹൂര്‍ത്തത്തില്‍ നിന്ന് ഉച്ചയ്ക്ക് ശേഷമുള്ള മുഹൂര്‍ത്തത്തിലേക്ക് മാറ്റി. പുലര്‍ച്ചെ രണ്ട് മണിക്ക് ബ്യൂട്ടി പാര്‍ലറിലെത്തി ഒരുങ്ങി. അപ്പോഴും ഞാന്‍ പഠിക്കുകയായിരുന്നു. പാര്‍ത്ഥ് എന്റെ കൂടെ തന്നെയുണ്ടായിരുന്നു....

രാവിലെ 10 30ന് എക്‌സാം ഹാളിലേക്ക് ഞാന്‍ വധുവിന്റെ വേഷത്തിലാണെത്തുന്നത്. എന്റെ കൂട്ടുകാരെല്ലാം എന്നെ കണ്ട് അമ്പരന്നു. പക്ഷേ എന്റെ അധ്യാപിക എന്നെ അഭിനന്ദിച്ചു. രണ്ട് മണിക്കൂര്‍ നേരത്തേ പരീക്ഷയ്ക്ക് ശേഷം ഞാന്‍ വിവാഹമണ്ഡപത്തിലേക്കാണ് നേരെയത്തിയത്. ഒരു മണിക്കായിരുന്നു മുഹൂര്‍ത്തം...

...അത്രയും വിഷമം പിടിച്ച ദിവസമായിരുന്നു അതെങ്കിലും ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസവും അത് തന്നെയാണ്. ചടങ്ങുകള്‍ നടക്കുന്നതിനിടെ നീ എനിക്കും പ്രചോദനമാണെന്ന് പാര്‍ത്ഥ് എന്നോടായി പറഞ്ഞു...'- യുവതി കുറിക്കുന്നു. 

ആറ് മാസം മുമ്പെയായിരുന്നു തന്റെ വിവാഹമെന്നും ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും തന്റെ കുഞ്ഞിന് മാതൃകയാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നുകൂടി യുവതി പറഞ്ഞുവയ്ക്കുന്നു. നിരവധി പേരാണ് യുവതിയെ അഭിനന്ദിച്ച് കമന്റുകള്‍ പങ്കുവച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അത്രമാത്രം മറ്റുള്ളവരിലേക്ക് എത്തിക്കുന്ന അനുഭവക്കുറിപ്പാണിതെന്നും ഏവരും അഭിപ്രായപ്പെടുന്നു.

 

Also Read:- രണ്‍ബീറിന്റെ കൈവെള്ളയിലെ അക്ഷരങ്ങള്‍; ആലിയയുടെ ചിരി നിറഞ്ഞ മുഖം

click me!