സ്തനാര്‍ബുദമുള്ള രോഗിയുടെ സ്തനം നീക്കം ചെയ്തുകഴിഞ്ഞാല്‍ പിന്നീടൊരിക്കലും ക്യാൻസര്‍ തിരികെയെത്തില്ലെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഇത് ശരിയല്ല. ഇക്കാര്യം വിശ്വസിച്ച് റേഡിയേഷൻ ചികിത്സയെ എതിര്‍ക്കുന്നവരുണ്ട്. റേഡിയേഷൻ ചികിത്സ നല്ലതല്ലെന്ന തരത്തില്‍ വിശ്വസിക്കുന്നവരുമുണ്ട്.
നമ്മെ ബാധിക്കുന്ന വിവിധ അസുഖങ്ങളെ കുറിച്ചും ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുമെല്ലാം പല തരത്തിലുള്ള പ്രചാരണങ്ങളും ഉണ്ടാകാറുണ്ട്. ഇവയില്‍ പലതും അടിസ്ഥാനമില്ലാത്തും അശാസ്ത്രീതയമായതുമായ വിവരങ്ങളാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ വിശ്വസിച്ച് മുന്നോട്ട് പോകുന്നവരും ഏറെയാണ്.
ഇത്തരത്തില്‍ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അടിസ്ഥാനമില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
സ്തനാര്‍ബുദം കണ്ടെത്തുന്നതിന് ചെയ്യുന്ന ബയോപ്സി അര്‍ബുദമുള്ളവരില്‍ കൂടുതല് അവയവങ്ങളിലേക്ക് അര്‍ബുദം ബാധിക്കുന്നതിന് കാരണമാകുമെന്നൊരു വാദം ഉണ്ട്. ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. തികച്ചും സുരക്ഷിതമായ രീതിയിലാണ് ബയോപ്സി നടക്കുക. മൂന്ന് മുതല്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിന്‍റെ റിസള്‍ട്ട് ലഭിക്കുകയും ചെയ്യും.
രണ്ട്...
സ്തനാര്‍ബുദം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ പിന്നെ അര്‍ബുദം ശരീരം മുഴുവൻ വ്യാപിക്കുകയും രോഗി മരണത്തില്‍ നിന്ന് രക്ഷപ്പെടില്ലെന്നും പ്രചാരണമുണ്ടാകാറുണ്ട്. ഇതും 100 ശതമാനം തെറ്റായ വാദമാണ്. സമയബന്ധിതമായി അര്‍ബുദം കണ്ടെത്താനായാല്‍ തീര്‍ച്ചയായും സ്തനാര്‍ബുദത്തില്‍ നിന്ന് രക്ഷപ്പെടാൻ സാധിക്കും.
മൂന്ന്...
സ്തനാര്‍ബുദം സംശയിക്കുന്നവരില്‍ ആദ്യം ചെയ്യുന്ന പരിശോധന മാമോഗ്രാഫിയാണ്. മാമോഗ്രാഫിയില്‍ പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ പിന്നെ ക്യാൻസറില്ലെന്ന് ഉറപ്പിക്കാമെന്ന് പറയുന്നവരുണ്ട്. ഇത് തെറ്റായ ധാരണയാണ്. മാമോഗ്രാഫി റിസള്‍ട്ട് നോര്‍മലാണെങ്കിലും വിശദപരിശോധന നടക്കേണ്ടതുണ്ട്. ഇതിന് ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ തേടാവുന്നതാണ്.
നാല്...
സ്തനാര്‍ബുദമുള്ള രോഗിയുടെ സ്തനം നീക്കം ചെയ്തുകഴിഞ്ഞാല്‍ പിന്നീടൊരിക്കലും ക്യാൻസര്‍ തിരികെയെത്തില്ലെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഇത് ശരിയല്ല. ഇക്കാര്യം വിശ്വസിച്ച് റേഡിയേഷൻ ചികിത്സയെ എതിര്‍ക്കുന്നവരുണ്ട്. റേഡിയേഷൻ ചികിത്സ നല്ലതല്ലെന്ന തരത്തില്‍ വിശ്വസിക്കുന്നവരുമുണ്ട്. റേഡിയേഷൻ ചികിത്സ തീര്‍ത്തും സുരക്ഷിതം തന്നെയാണ്. അതുപോലെ സ്തനം നീക്കം ചെയ്താല്‍ പോലും, അല്ലെങ്കില്‍ ഒരു തവണ ക്യാൻസര്‍ ഭേദപ്പെടുത്തിയാലും അത് തിരികെ വരില്ലെന്ന് ഒരിക്കലും ഉറപ്പ് നല്‍കാൻ സാധിക്കില്ല. പല തവണ അര്‍ബുദം വന്നാല്‍ പോലും ഫലപ്രദമായി ചികിത്സിച്ച് വര്‍ഷങ്ങളോളം രോഗിക്ക് ജീവിക്കാൻ സാധിക്കും. എന്നാല്‍ സമയത്തിന് രോഗം കണ്ടെത്തി ചികിത്സ തേടണമെന്ന് മാത്രം.
അഞ്ച്...
പതിവായി കറുത്ത ബ്രാ ധരിക്കുന്നത് സ്ത്രീകളില്‍ സ്തനാര്‍ബുദമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇത്തരത്തിലൊരു പ്രചാരണം നിലനില്‍ക്കുന്നുണ്ട്. അടിമുടി തെറ്റായൊരു ധാരണയാണിത്. നിറമോ ബ്രായുടെ ഘടനയോ ഒന്നും ഇത്തരത്തില്‍ അര്‍ബുദത്തിലേക്ക് നയിക്കുമെന്ന് ഒരു തെളിവും ഇന്നുവരെ ലഭിച്ചിട്ടില്ല. സ്തനങ്ങളിലെ കോശകല ഇലാസ്റ്റിക് രീതിയിലുള്ളതാണ്. അതായത് വലിഞ്ഞുവരാൻ സാധ്യതയുള്ളത്. അതിനാല്‍ തന്നെ സ്തനങ്ങളെ സാമാന്യം ടൈറ്റായി വയ്ക്കുന്ന എന്നാല്‍ രക്തയോട്ടം ഉറപ്പാക്കുന്ന ബ്രാ ധരിക്കുന്നതാണ് പൊതുവെ നല്ലത്.
Also Read:- ഒരേയൊരു രക്തപരിശോധന; പലതരം ക്യാൻസറുകള്‍ കണ്ടെത്താൻ ഇത് മതിയെങ്കിലോ?