ആദ്യ ദിവസങ്ങള്‍ പിന്നിട്ട് കഴിഞ്ഞപ്പോള്‍ അമ്മയായതിന്‍റെ ശാരീരികപ്രയാസങ്ങള്‍ പതിയെ അനുഭവിച്ചുതുടങ്ങിയെന്നാണ് വിദ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
കുഞ്ഞുങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം അമ്മയാവുക എന്നത് ഏറെ സന്തോഷവും പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയും സമ്മാനിക്കുന്ന അനുഭവം തന്നെയാണ്. എന്നാല്‍ ഈ സന്തോഷങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമെല്ലാമപ്പുറത്ത് അമ്മയാവുക എന്നത് വലിയ ഉത്തരവാദിത്തവും സഹനവും ക്ഷമയുമെല്ലാമാണ്.
ഇതെക്കുറിച്ച് സ്വന്തം അനുഭവത്തിലൂടെ പങ്കുവയ്ക്കുകയാണ് നടിയും നര്‍ത്തകിയുമായ വിദ്യ ഉണ്ണി. നടി ദിവ്യ ഉണ്ണിയുടെ സഹോദരി എന്ന നിലയില്‍ കൂടി പ്രശസ്തയാണ് വിദ്യ.
2019ലാണ് ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വരനെ ദിവ്യ വിവാഹം ചെയ്യുന്നത്. ഇരുവരുടെയും ആദ്യ കുഞ്ഞാണ് ഇപ്പോള്‍ ജനിച്ചിരിക്കുന്നത്. ഗര്‍ഭകാലത്ത് ഗര്‍ഭകാല ആരോഗ്യപരിചരണത്തെ കുറിച്ചും മറ്റും വിദ്യ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ അനുഭവങ്ങളും അറിവുകളും പങ്കുവച്ചിരുന്നു.
ഇപ്പോള്‍ പ്രസവശേഷം തനിക്ക് സംഭവിച്ചിട്ടുള്ള മാറ്റങ്ങള്‍, അത് മറ്റ് സ്ത്രീകള്‍ക്ക് എത്രമാത്രം ഗുണകരമാകുന്ന അറിവുകളാണ് എന്നതെല്ലാം കണക്കാക്കിയാണ് വിദ്യ പങ്കുവയ്ക്കുന്നത്. ഓഗസ്റ്റ് ഏഴിനാണ് വിദ്യക്കും സഞ്ജയിനും ഒരു പെണ്‍കുഞ്ഞ് പിറന്നത്.
ആദ്യ ദിവസങ്ങള്‍ പിന്നിട്ട് കഴിഞ്ഞപ്പോള്‍ അമ്മയായതിന്‍റെ ശാരീരികപ്രയാസങ്ങള്‍ പതിയെ അനുഭവിച്ചുതുടങ്ങിയെന്നാണ് വിദ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
'എന്‍റെ കുഞ്ഞിനൊപ്പമുള്ള ഒരാഴ്ച. ഈ ഒരാഴ്ച ഞാൻ ശരിക്കും ഒരമ്മ എന്ന നിലയില്‍ ഒരുപാട് ആസ്വദിച്ചു. കുഞ്ഞിന്‍റെ ചിരിയും, കുഞ്ഞ് കൈകളും കാലുകളും എല്ലാം എന്‍റെ ഹൃദയത്തെ വല്ലാതെ അലിയിച്ചുകളയുന്നു. എല്ലാവരും കുഞ്ഞിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെ കുറിച്ച് ധാരാളം പറയാറുണ്ട്. എന്നാല്‍ അമ്മയായിക്കഴിഞ്ഞ ശേഷം ഒരു സ്ത്രീ കടന്നുപോകുന്ന മാറ്റങ്ങളിലേക്ക് തയ്യാറാകുന്നതിനെ കുറിച്ച് ആരും തന്നെ പറഞ്ഞുകേള്‍ക്കാറില്ല. ഇതെല്ലാം തുറന്നുപറയുന്നതിലൂടെ ഇക്കാര്യങ്ങളെല്ലാം റിയല്‍ ആണെന്ന ഓര്‍മ്മപ്പെടുത്തല്‍ നടത്താനാണ് ഞാനാഗ്രഹിക്കുന്നത്...
ഈ ഒരാഴ്ച സന്തോഷങ്ങളുടേത് തന്നെയാണ്. പക്ഷേ അപ്പോഴും പല വിഷമങ്ങളും പുതിയൊരു അമ്മ എന്ന നിലയില്‍ അനുഭവിക്കേണ്ടി വന്നു. മുലയൂട്ടുന്നത് കൊണ്ട് സ്തനങ്ങളിലെ വേദന, ഇരുന്ന് മുലയൂട്ടി നടുവേദന, ഉറക്കമില്ലാത്ത രാത്രികള്‍, കാലില്‍ നീര്, കുഞ്ഞിനെ ചൊല്ലിയുള്ള ഉത്കണ്ഠ വേറെയും. ഏതൊരു അവസ്ഥയിലും എനിക്ക് സപ്പോര്‍ട്ടായി ഭര്‍ത്താവ് കൂടെയുണ്ട്. അത് ഒരുപാട് സന്തോഷിപ്പിക്കുന്നതാണ്. ഞാനിപ്പോള്‍ എന്നോട് തന്നെ ഏറ്റവും കരുണയോടെ പെരുമാറാൻ നിരന്തരം ശ്രദ്ധിക്കുന്നുണ്ട്. അമ്മയായി എന്ന സന്തോഷം നുകരുന്നതിനൊപ്പം തന്നെ ഇക്കാര്യവും പ്രത്യേകം ചെയ്യുകയാണ്...' -വിദ്യ കുറിക്കുന്നു.
ധാരാളം പേര്‍ വിദ്യക്ക് ആശംസകള്‍ നേരുന്നുണ്ട്. സ്ത്രീകള്‍ പലരും ഇതുപോലുള്ള അനുഭവങ്ങളിലൂടെ കടന്നുപോയതിന്‍റെ ധൈര്യവും വിദ്യക്ക് പകരുന്നു.
പല സ്ത്രീകളും പ്രസവശേഷം എല്ലാവരും കുഞ്ഞിന് മാത്രം ശ്രദ്ധ നല്‍കുന്നതിന് പിന്നാലെ നിരാശയിലേക്ക് വീണുപോകാറുണ്ട്. പലരും ഇത്തരത്തിലുള്ള വേദനാജനകമായ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തുറന്നുപറയാറുണ്ട്. പ്രസവശേഷം കുഞ്ഞിനെ മാത്രമല്ല, അമ്മയെയും ഏറെ കരുതലോടെയും സ്നേഹത്തോടെയും പരിചരിക്കേണ്ടതുണ്ട്. ഇത് പലരും അറിയുകയോ ചെയ്യുകയോ ഇല്ലെന്ന് മാത്രം. വളരെ ഗൗരവമുള്ള ഈ വിഷയമാണ് വിദ്യ ഓര്‍മ്മിപ്പിക്കുന്നത്.
Also Read:- അബോര്‍ഷൻ സംഭവിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞ് നടി റാണി മുഖര്‍ജി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-