ഓരോരുത്തരും സ്വയം എങ്ങനെയിരിക്കുന്നു എന്നത് തിരിച്ചറിയാനും അതിനെ ആദരിക്കാനും സ്നേഹിക്കാനും സാധിക്കേണ്ടതുണ്ടല്ലോ. ഈ 'സെല്‍ഫ് ലവി'ലേക്കാണ് വിദ്യ തമാശരൂപത്തില്‍ വിരല്‍ചൂണ്ടുന്നത്.
ബോളിവുഡില്‍ ഏറെ ആരാധകരുള്ളൊരു താരമാണ് വിദ്യ ബാലന്‍ ( Vidya Balan ) . പകുതി മലയാളിയായ വിദ്യ 'ഡെര്‍ട്ടി പിക്ചര്‍' എന്ന ഒരൊറ്റ ചിത്രത്തോടെയാണ് ബോളിവുഡില്‍ നിന്നും ഇത്രയധികം ആരാധകരെ സമ്പാദിച്ചെടുത്തത്. തെരഞ്ഞെടുത്ത് മാത്രം സിനിമകള്‍ ചെയ്യുന്നതാണ് വിദ്യയുടെ രീതി. അടുത്ത കാലങ്ങളിലായി ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് വിദ്യ സിനിമകളില്‍ പ്രതിനിധീകരിച്ചിട്ടുള്ളത്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ'ഷെര്‍ണി', 'ജല്‍സ' എന്നീ ചിത്രങ്ങളും ഈ രീതിയില്‍ ശ്രദ്ധേയമായിരുന്നു.
സിനിമകളോ സീരീസുകളോ മാത്രമല്ല, സോഷ്യല്‍ മീഡിയ എന്‍റര്‍ടെയിന്‍മെന്‍റിലും ( Funny Video ) മുമ്പിലാണ് വിദ്യ. പ്രസക്തമായ വിഷയങ്ങള്‍ എങ്ങനെ ഹാസ്യത്തിലൂടെ അവതരിപ്പിക്കാമെന്നതിന് വിദ്യ മികച്ച ഉദാഹരണമാണ്.
സോഷ്യല്‍ മീഡിയയില്‍ പല ചലഞ്ചുകളും വരാറുണ്ട്. ഇത്തരത്തില്‍ ചലഞ്ചുകള്‍ വരുമ്പോള്‍ അത് മിക്കവരും ഒന്ന് പരീക്ഷിച്ചുനോക്കും. എന്നാല്‍ എല്ലാവര്‍ക്കും ഇത് സാധിക്കില്ലെന്നും ഇതിന് ശ്രമിക്കുന്നത് തന്നെ അപകടം വിളിച്ചുവരുത്താമെന്നും തന്‍റെ സ്വതസിദ്ധമായ രീതിയില്‍ ഹാസ്യവീഡിയോയിലൂടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യ ( Vidya Balan ) പങ്കുവച്ചിരുന്നു.
ഓരോരുത്തരും സ്വയം എങ്ങനെയിരിക്കുന്നു എന്നത് തിരിച്ചറിയാനും അതിനെ ആദരിക്കാനും സ്നേഹിക്കാനും സാധിക്കേണ്ടതുണ്ടല്ലോ. ഈ 'സെല്‍ഫ് ലവി'ലേക്കാണ് വിദ്യ തമാശരൂപത്തില്‍ ( Funny Video ) വിരല്‍ചൂണ്ടുന്നത്.
നേരത്തെയും ബോഡിഷെയിമിംഗിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ സെലിബ്രിറ്റിയാണ് വിദ്യ. സാധാരണഗതിയില്‍ താരങ്ങളെല്ലാം ഫിറ്റ്നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ വിദ്യ വണ്ണം വയ്ക്കുന്നതിനെതിരെ ഒരുപാട് പരിഹാസങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇത് തന്‍റെ ശരീരത്തിന്‍റെ പ്രത്യേകതയാണെന്നും ഇത്തരത്തിലുള്ള വിഷയങ്ങളില്‍ വ്യക്തികളെ പരിഹസിക്കുന്നത് തരംതാഴ്ന്ന രീതിയാണെന്നും പറഞ്ഞുകൊണ്ട് ശക്തമായ ഭാഷയില്‍ വിദ്യ മറുപടി പറഞ്ഞു. പിന്നീട് പലപ്പോഴും ഇതേ വിഷയത്തില്‍ വിദ്യ തന്‍റെ ഉറച്ച നിലപാട് വ്യക്തമാക്കി.
ഇപ്പോഴിതാ രസകരമായ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് വിദ്യ. ഇതും പരോക്ഷമായി 'സെല്‍ഫ് ലവ്' തന്നെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. കേക്ക് കഴിക്കാനിരിക്കവേ, 'നിങ്ങളുടെ വയര്‍ ഫ്ളാറ്റ് ആണോ' എന്ന് പശ്ചാത്തലത്തില്‍ നിന്ന് ഉയരുന്ന ചോദ്യം. അതെ എന്നാല്‍ അതില്‍ 'എല്‍' സൈലന്‍റാണെന്ന് മാത്രമെന്നായിരുന്നു വിദ്യയുടെ രസകരമായ മറുപടി.
വണ്ണം കൂടുതലുള്ളവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ പൊതുവേ മറ്റുള്ളവര്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്താറുണ്ട്. അത് എത്രമാത്രം അരോചകമാണെന്നും ഓരോരുത്തരും അവര്‍ എങ്ങനെയാണോ ഉള്ളത് അതില്‍ സന്തോഷമായി മുന്നോട്ട് പോകട്ടെയെന്നുമാണ് വിദ്യ വീഡിയോ കൊണ്ട് ലക്ഷ്യമിടുന്ന സന്ദേശം. എന്തായാലും രസകരമായ വീഡിയോയ്ക്ക് നിറയെ കമന്‍റുകളും ലഭിച്ചിട്ടുണ്ട്.
വിദ്യയുടെ വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാരിയായ നടി ദിയ മിര്‍സയടക്കം നിരവധി പേരാണ് കമന്‍റുകള്‍ പങ്കുവച്ചിരിക്കുന്നത്. മിക്കവരും സ്നേഹം തന്നെയാണ് വിദ്യക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതിനാല്‍ വലിയ തോതില്‍ സ്ത്രീ ആരാധകരും വിദ്യക്ക് ഉണ്ടായിട്ടുണ്ട്. ഇതും കമന്‍റുകളില്‍ നിന്ന് തന്നെ വ്യക്തമാകും.
Also Read:- 'ഡയറ്റ് ചെയ്യുന്നുണ്ടോ?'; ആരാധകന്റെ ചോദ്യത്തിന് വിദ്യയുടെ ഉത്തരം...