മീശ ആണുങ്ങളുടെ കുത്തകയാണെന്നാണ് വെപ്പ്. എന്നാൽ ഇത് കേൾക്കുമ്പോൾ കണ്ണൂർ കണ്ണവം സ്വദേശി ഷൈജ പുച്ഛിച്ച് തള്ളും
കണ്ണൂർ: മീശ ആണുങ്ങളുടെ കുത്തകയാണെന്നാണ് വെപ്പ്. എന്നാൽ ഇത് കേൾക്കുമ്പോൾ കണ്ണൂർ കണ്ണവം സ്വദേശി ഷൈജ പുച്ഛിച്ച് തള്ളും. സ്വന്തം മീശ പിരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഷൈജയുടെ ജീവിതകഥ മുൻപേ തന്നെ സോഷ്യൽ മീഡിയകളിൽ വൈറലാണ്. കഴിഞ്ഞ ദിവസം ബിബിസി ന്യൂസിൽ വാർത്തയും വന്നതോടെ സന്തോഷത്തിൻ്റെ ലെവൽ തന്നെ മാറി.
കണ്ണൂർ കണ്ണവത്തെ കോളയാട് ആണ് മീശക്കാരിയായ ഷൈജയുടെ സ്വദേശം. കോളയാട് നിന്നും ബിബിസി വരെ വളർന്നിരിക്കുകയാണ് ഷൈജയുടെ മീശ. മീശ വളർത്താൻ തുടങ്ങിയതല്ല, തന്നെ വന്നതാ എന്ന് പറഞ്ഞാണ് ഷൈജ സംസാരിച്ചു തുടങ്ങുന്നത്. പഠിക്കുന്ന സമയത്തൊക്കെ പൊടിമീശ ഉണ്ടായിരുന്നു. അഞ്ചാറു വർഷമായി നല്ല കട്ടി മീശ വന്നു തുടങ്ങിയിട്ട്. ഇപ്പോ നല്ല കട്ടി കൂടി. എനിക്കെന്റെ മീശ അലങ്കാരമല്ല, അഹങ്കാരമാണ്. നാട്ടുകാരും വീട്ടുകാരുമൊക്കെ ആദ്യം മീശ കട്ടി കൂടി വരുന്നു എന്ന് പറയാറുണ്ടായിരുന്നു. ഇപ്പോ ആരും ഒന്നും പറയുന്നില്ല. ഇപ്പോ എല്ലാവരും പോസിറ്റീവ് ആയിട്ടാ പറയുന്നത്. ഷൈജയുടെ വാക്കുകൾ.
കല്യാണം കഴിഞ്ഞിട്ട് 18 വർഷമായി. പുള്ളിക്കാരനിതൊന്നും വിഷയമേയല്ല. എന്നെ സ്ഥിരം കണ്ടുകൊണ്ടിരിക്കുന്നവർക്ക് ഇതൊരു പ്രശ്നമല്ല. പുറത്തിറങ്ങുമ്പോഴാണ് ആൾക്കാർ നോക്കുക. മീശ വളരാൻ ഒന്നും ചെയ്യുന്നില്ല. പിന്നെ രണ്ടറ്റം വളർന്നു വരുമ്പോൾ കുറച്ചു വെട്ടിക്കൊടുക്കും. ത്രെഡ് ചെയ്യാൻ പോകാറുണ്ടല്ലോ, പിന്നെന്താ മീശയെടുത്താൽ എന്ന് എല്ലാരും എന്നോട് ചോദിക്കാറുണ്ട്. ത്രെഡ് ചെയ്യണോ, മീശ വെക്കണോ എന്ന് തീരുമാനിക്കേണ്ടത് എന്റെ ഇഷ്ടമല്ലേ? നമുക്ക് ഒരു ലൈഫല്ലേ ഉള്ളൂ, നമുക്ക് രണ്ട് ലൈഫുണ്ടെങ്കി നമ്മുടെ ഇഷ്ടത്തിനും ജീവിക്കാം, അവരുടെ ഇഷ്ടത്തിനും ജീവിക്കാം. ആരെന്ത് പറഞ്ഞാലും ഞാനിത് വെച്ചു നടക്കും. ഷൈജ പറയുന്നു. വീഡിയോ കാണാം...