കാര്യമായും മൂത്രാശയ അണുബാധയാണ് ഇത്തരത്തില്‍ പിടിപെടുന്നതായി ഏവരും മനസിലാക്കിയിട്ടുള്ളത്. ഇത് ശരിയാണ്. ഫംഗല്‍ അണുബാധയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്ന് വരാം
പബ്ലിക് ടോയ്‍ലറ്റുകള്‍ ഉപയോഗിക്കാൻ മിക്കവരും മടി കാണിക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. അധികവും വൃത്തിഹീനമായ സാഹചര്യങ്ങളായതിനാലാണ് പബ്ലിക് ടോയ്‍ലറ്റുകള്‍ ഉപയോഗിക്കുന്നതിന് സ്ത്രീകള്‍ മടി കാണിക്കുന്നത്. ഇതിന് പുറമെ എന്തെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ പിടിപെടുമോ എന്ന ഭയവും അധികപേരെയും അലട്ടാറുണ്ട്.
കാര്യമായും മൂത്രാശയ അണുബാധയാണ് ഇത്തരത്തില്‍ പിടിപെടുന്നതായി ഏവരും മനസിലാക്കിയിട്ടുള്ളത്. ഇത് ശരിയാണ്. ഫംഗല്‍ അണുബാധയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്ന് വരാം. എന്നാല്‍ മൂത്രം ദീര്‍ഗനേരത്തേക്ക് പിടിച്ചുവയ്ക്കുന്നതും നിര്‍ജലീകരണവും (ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാത്ത അവസ്ഥ) ആണ് ഏറ്റവുമധികം മൂത്രാശയ അണുബാധയ്ക്ക് കാരണമായി വരുന്നത്.
ടോയ്‍ലറ്റ് സീറ്റ് ഉപയോഗിക്കുമ്പോള്‍ അതില്‍ നിന്നും മൂത്രാശയ അണുബാധയുണ്ടാകാം. ഇത് കാര്യമായും പബ്ലിക് ടോയ്‍ലറ്റുകള്‍ ഉപയോഗിക്കുന്നതിലൂടെ തന്നെയാണ് സംഭവിക്കുന്നത്. ടോയ്‍ലറ്റ് സീറ്റിലൂടെ മൂത്രാശയ അണുബാധ പടരുന്നത് പ്രധാനമായും മൂന്ന് രീതിയിലാണ്.
1. വൃത്തിഹീനമായ പബ്ലിക് ടോയ്‍ലറ്റ് ഉപയോഗിക്കുന്നതിലൂടെ.
2. സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കാൻ ടോയ്‍ലറ്റ് പേപ്പര്‍ ഉപയോഗിക്കുമ്പോള്‍ അത് മലദ്വാരത്തിന് സമീപത്ത് നിന്ന് മൂത്രമൊഴിക്കുന്ന ഭാഗത്തേക്ക് തുടയ്ക്കുന്നതിലൂടെ. എപ്പോഴും മൂത്രമൊഴിച്ചുകഴിഞ്ഞാല്‍ പേപ്പറുപയോഗിക്കുന്നുണ്ടെങ്കില്‍ മുന്നില്‍ നിന്ന് പിന്നിലേക്കാണ് തുടയ്ക്കേണ്ടത്. അതുപോലെ പേപ്പറിന്‍റെ അവശിഷ്ടം സ്വകാര്യഭാഗങ്ങളില്‍ തങ്ങിനില്‍ക്കുകയും അരുത്.
3. അണുബാധയുള്ളയാളുടെ മൂത്രം ശരീരത്തില്‍ ആകുന്നതിലൂടെ.
ചിലര്‍ക്ക് മൂത്രം ഇറ്റുപോകുന്ന അവസ്ഥയുണ്ടാകാം. ഇവരില്‍ നിന്ന് ടോയ്‍ലറ്റ് സീറ്റിലേക്ക് മൂത്രം അശ്രദ്ധമായി പോകാം. ഇതില്‍ മറ്റൊരാള്‍ ഇരിക്കുന്നത് അണുബാധയിലേക്ക് നയിക്കാം. അതുപോലെ വൃത്തിയില്ലാത്ത അവസ്ഥയിലുള്ള കൈകള്‍ കൊണ്ട് സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും അണുബാധയിലേക്ക് നയിക്കാം. പ്രതിരോധശേഷി കുറഞ്ഞവരാണെങ്കില്‍ ഇത്തരത്തിലുള്ള അണുബാധകള്‍ എളുപ്പത്തില്‍ പിടികൂടുകയും ചെയ്യാം.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മൂത്രാശയ അണുബാധ കൂടുതലും കാണാറുള്ളത്. അതുപോലെ വെസ്റ്റേണ്‍ ടോയ്‍ലറ്റ് ഉപയോഗിക്കുന്നവരിലും കൂടുതലായി ഇത് കാണാം. 'പയലോനെഫ്രൈറ്റിസ്', 'സിസ്റ്റൈറ്റിസ്', 'യുറീത്രൈറ്റിസ്' എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കെല്ലാം ഇത് കാരണമാകാറുണ്ട്. വളര്‍ച്ചയെത്താത്ത കുഞ്ഞിനെ പ്രസവിക്കേണ്ടി വരിക, ഗര്‍ഭസ്ഥ ശിശുവില്‍ പല ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങി പല പ്രയാസങ്ങളും ഇവയെ തുടര്‍ന്നെല്ലാം ഉണ്ടാകാം.
പബ്ലിക് ടോയ്‍ലറ്റുകളില്‍ പോകുമ്പോള്‍ ടോയ്‍ലറ്റ് സീറ്റ് വെള്ളമൊഴിച്ച് കഴുകിയ ശേഷം ഉപയോഗിക്കുന്നതും, മൂത്രം മുഴുവനായി കളയുന്നതും, വൃത്തിയുള്ള തുണി കൊണ്ട് തുടയ്ക്കുന്നതും എല്ലാം മൂത്രാശയ അണുബാധയെ ചെറുക്കാൻ സഹായിക്കും.
Also Read:- 'ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിൻഡ്രോം'; അമ്പതുകാരിക്ക് സംഭവിച്ചത് വിശദമാക്കി ഡോക്ടര്‍