Breast Cancer : 'ഭക്ഷണത്തിലെ അശ്രദ്ധ സ്തനാര്‍ബുദത്തിലേക്ക് നയിക്കാം'

By Web Team  |  First Published Jul 23, 2022, 1:40 PM IST

അനാരോഗ്യകരമായ ഭക്ഷണം ദീര്‍ഘനാളത്തേക്ക് കഴിക്കുന്നത് സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന് കാരണമാക്കിയേക്കാമെന്നാണ് ഇവരുടെ റിപ്പോര്‍ട്ട്. ഇരുപത് വര്‍ഷത്തോളം 65,000ത്തിലധികം സ്ത്രീകളെ പഠിച്ച ശേഷമാണ് ഗവേഷകര്‍ തങ്ങളുടെ നിഗമനങ്ങളിലെത്തിയത്. 


നമ്മള്‍ കഴിക്കുന്ന ഭക്ഷണം എന്താണോ, അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മെ നിര്‍ണയിക്കുന്നത് ( Healthy Diet ). പല അസുഖങ്ങള്‍ക്കും ആരോഗ്യാവസ്ഥകള്‍ക്കുമെല്ലാം നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ കാരണമാകാറുണ്ട്. അതുപോലെ തന്നെ ചില ആരോഗ്യപരമായ വിഷമതകള്‍ പരിഹരിക്കാനും അസുഖങ്ങള്‍ക്ക് ആശ്വാസം പകരാനും സഹായിക്കുന്ന ഭക്ഷണങ്ങളുമുണ്ട്.

ഇത്തരത്തില്‍ ഡയറ്റ് നമ്മുടെ ആരോഗ്യത്തില്‍ വലിയ പങ്ക് തന്നെ വഹിക്കുന്നുവെന്ന് പറയാം. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 'അമേരിക്കൻ സൊസൈറ്റി ഫോര്‍ ന്യൂട്രീഷ്യൻ' നടത്തിയ 'ന്യൂട്രീഷ്യൻ 2022 ലൈവ് ഓണ്‍ലൈൻ' പ്രോഗ്രാമിലാണ് ഫ്രാൻസില്‍ നിന്നുള്ള വിദഗ്ധരുടെ ഈ പഠനറിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടത്. 

Latest Videos

അനാരോഗ്യകരമായ ഭക്ഷണം ദീര്‍ഘനാളത്തേക്ക് കഴിക്കുന്നത് സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന് ( Breast Cancer ) കാരണമാക്കിയേക്കാമെന്നാണ് ഇവരുടെ റിപ്പോര്‍ട്ട്. ഇരുപത് വര്‍ഷത്തോളം 65,000ത്തിലധികം സ്ത്രീകളെ പഠിച്ച ശേഷമാണ് ഗവേഷകര്‍ തങ്ങളുടെ നിഗമനങ്ങളിലെത്തിയത്. 

ആരോഗ്യകരമായ ഭക്ഷണം ( Healthy Diet ) കഴിക്കുന്ന സ്ത്രീകളില്‍ 14 ശതമാനത്തോളം സ്തനാര്‍ബുദ സാധ്യത കുറയുമെന്നും അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരിലാണെങ്കില്‍ ഇരുപത് ശതമാനത്തോളം സ്തനാര്‍ബുദ സാധ്യത കൂടുതലായിരിക്കുമെന്നുമാണ് ഇവരുടെ കണ്ടെത്തല്‍. 

ഇനി, എന്താണ് അനാരോഗ്യകരമായ ഡയറ്റ് എന്ന് ചോദിച്ചാല്‍ ഇതില്‍ പച്ചക്കറികള്‍ വരെ ഉള്‍പ്പെടും. അധികം ഗുണമില്ലാത്ത പച്ചക്കറികള്‍, അമിതമായ മാംസാഹാരം എന്നിവയെല്ലാം അനാരോഗ്യകരമായ ഡയറ്റായി ഇക്കാര്യത്തില്‍ പരിഗണിക്കാം. അതുപോലെ തന്നെ ചില കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളും കുറയ്ക്കണം. ഉരുളക്കിഴങ്ങ്, മധുരമുള്ള പാനീയങ്ങള്‍, പഴച്ചാറുകള്‍ എല്ലാം ഇതിലുള്‍പ്പെടും. 

കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കണമെന്ന് പറയുമ്പോള്‍ ചില തെറ്റിദ്ധാരണകള്‍ വരാം. ശരീരത്തിന് അവശ്യം വേണ്ടുന്നൊരു ഘടകമെന്ന നിലയില്‍ കാര്‍ബ് തീര്‍ത്തും ഒഴിവാക്കരുത്. ഷുഗര്‍, അന്നജം, ഫൈബര്‍ എന്നിങ്ങനെ മൂന്ന് തരം കാര്‍ബുകളാണുള്ളത്. ഇതില്‍ ഷുഗറാണ് പരമാവധി കുറയ്ക്കേണ്ടത്. അന്നജം നിയന്ത്രിതമായ രീതിയില്‍ കഴിക്കാം. ഫൈബര്‍ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന കാര്‍ബാണ്. 

ഡയറ്റിലെ കരുതലിന് പുറമെ ജീവിതരീതികളിലെ ചില ഘടകങ്ങള്‍ കൂടി സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നുണ്ട്. ദീര്‍ഘകാലത്തെ മുലയൂട്ടല്‍, പതിവായ വ്യായാമം, ശരീരഭാരം നിയന്ത്രിക്കുക, മദ്യപാനം നിയന്ത്രിക്കുക, പുകവലി ഒഴിവാക്കുക, ഹോര്‍മോണുകള്‍ ദീര്‍ഘകാലത്തേക്ക് എടുക്കുന്നത് ഒഴിവാക്കുക, റേഡിയേഷൻ കുറയ്ക്കുക എന്നിവയെല്ലാം സ്തനാര്‍ബുദത്തെ ( Breast Cancer ) ചെറുക്കുന്നു. 

സമയത്തിന് രോഗനിര്‍ണയം നടത്താനായാല്‍ സ്തനാര്‍ബുദം ഫലപ്രദമായി ചികിത്സിച്ച് ഭേദപ്പെടുത്താൻ സാധിക്കും. എന്നാല്‍ രോഗം മനസിലാക്കാൻ സമയമെടുക്കുന്നു എന്നതിനാലാണ് ലോകത്ത് തന്നെ ഏറ്റവുമധികം രോഗികളുള്ള, മരണനിരക്കുള്ള ക്യാൻസര്‍ വിഭാഗങ്ങളില്‍ മുന്നില്‍ സ്തനാര്‍ബുദം എത്തുന്നത്. ഇന്ത്യയിലും സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം കൂടിവരിക തന്നെയാണ്. രാജ്യത്ത് ഓരോ നാല് മിനുറ്റിലും ഒരു രോഗി എങ്കിലും പുതുതായി വരികയും ഓരോ എട്ട് മിനുറ്റിലും സ്തനാര്‍ബുദം ബാധിച്ച് ഒരു രോഗിയെങ്കിലും മരിക്കുകയും ചെയ്യുന്നു എന്നാണ് കണക്ക്. 

Also Read:- 'രോഗത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ കരഞ്ഞു'; അതിജീവന അനുഭവം പങ്കിട്ട് നടി മഹിമ

click me!