Women's Day 2023: ഓര്‍മ്മകളുണ്ടായിരിക്കണം, 'അപ്പത്തിനും സമാധാന'ത്തിനും വേണ്ടി ചുരുട്ടിയ മുഷ്ടികളുടെ !

By Web Team  |  First Published Mar 8, 2023, 11:37 AM IST

തെരുവുകളില്‍ സ്ത്രീകള്‍ തങ്ങള്‍ക്കും തങ്ങളെ പോലെ അശരണരായ കുട്ടികള്‍ക്കും വേണ്ടി അവര്‍ സംസാരിച്ചു. നൂറ്റാണ്ടുകള്‍ക്കിപ്പുറം കൂടുതല്‍ സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ പല രൂപത്തിലും വ്യാപിക്കുന്ന അസ്വാതന്ത്ര്യത്തിന്‍റെ ആകാശങ്ങളിലേക്ക് ആ മുഷ്ടികള്‍ വീണ്ടുമുയരുന്നു.  



ലോക  മഹായുദ്ധങ്ങള്‍ക്കും മുമ്പ്, ലോകമാകെ പരന്ന് കിടക്കുന്ന യൂറോപ്പിന്‍റെ കോളനികളിലെ അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ 'ആസാദി' യ്ക്കായി ഒത്തുകൂടിത്തുടങ്ങിയ കാലത്ത്, ലോകമെങ്ങുമുള്ള സമ്പന്ന രാജ്യങ്ങളിലെ തൊഴിലാളി വര്‍ഗ്ഗം തങ്ങളുടെ ജീവിതത്തിന് ഒരു ക്രമമുണ്ടാക്കാനുള്ള പുറപ്പാടിലായിരുന്നു. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്കന്‍ വന്‍കരകളില്‍ ഇതികം തുടക്കം കുറിച്ചിരുന്ന സ്വാതന്ത്ര്യ പോരാട്ടങ്ങള്‍, ലോകമാകമാനം 'സ്വാതന്ത്ര്യം' എന്ന ആശയത്തിന് കൂറെ കൂടി വിശാലമായ അര്‍ത്ഥ കല്പനകള്‍ നല്‍കി. ഇതേകാലത്ത് മറ്റൊരു മുന്നേറ്റും കൂടി നടന്നു.  അമേരിക്കയില്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ഒരുക്കം കൂട്ടുകയായിരുന്നു സ്ത്രീകള്‍. 1908 മാര്‍ച്ച് എട്ടിന് മരം കോച്ചുന്ന തണുപ്പില്‍ 15,000 സ്ത്രീകള്‍ തെരുവുകളിലേക്ക് ഇറങ്ങി. 'ബ്രെഡും റോസാപൂക്കളും' (Bread and Roses) മായിരുന്നു ഉയര്‍ന്നു കേട്ട മുദ്രാവാക്യം. 1917-ൽ റഷ്യൻ സ്ത്രീകൾ "അപ്പവും സമാധാനവും" ആവശ്യപ്പെട്ട് തെരുവിലിറങ്ങി. അവര്‍ മുഷ്ടി ചുരുട്ടി പുരുഷാധിപത്യത്തിന്‍റെ ആകാശത്തേക്ക് നീട്ടി പിടിച്ചു.  റഷ്യയില്‍ താൽക്കാലിക സർക്കാർ സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുന്നതിന് ഈ സമയം കാരണമായി. സമത്വമെന്നാരാശയം തെരുവുകളില്‍ അവര്‍ മുഴക്കി.

കോളനി രാജ്യങ്ങളിലെ സ്വാതന്ത്ര്യ ബോധം മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളികളിലും സ്ത്രീകളിലും തങ്ങളുടെ അടിമത്വത്തെ കുറിച്ചുള്ള ചിന്തകള്‍ക്ക് കൂടി വെടിമരുന്ന് പകരുകയായിരുന്നു. കുറഞ്ഞ ജോലി സമയം, മെച്ചപ്പെട്ട വേതനം, വോട്ടിംഗ് അവകാശം, ബാലവേല അവസാനിപ്പിക്കുക... തെരുവുകളില്‍ സ്ത്രീകള്‍ തങ്ങള്‍ക്കും തങ്ങളെ പോലെ അശരണരായ കുട്ടികള്‍ക്കും വേണ്ടി സംസാരിച്ചു. നൂറ്റാണ്ടുകള്‍ക്കിപ്പുറം കൂടുതല്‍ സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ പല രൂപത്തിലും വ്യാപിക്കുന്ന അസ്വാതന്ത്ര്യത്തിന്‍റെ ആകാശങ്ങളിലേക്ക് മുഷ്ടികള്‍ ഉയരുന്നു. ആ മുഷ്ടികള്‍ക്ക് ശക്തി പകരാന്‍. ആര്‍ക്കും ആരെയും അടിമകളാക്കാന്‍ കഴിയില്ലെന്നും സഹജീവികളെല്ലാം സമന്മാരാണെന്നും വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്താന്‍ വീണ്ടുമൊരു ലോക വനിതാ ദിനം. 

Latest Videos

1908 ലെ ഓര്‍മ്മപ്പെടുത്തലിന്‍റെ തുടര്‍ച്ചയായി ഒരു വർഷത്തിനുശേഷം, സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്ക ആദ്യത്തെ ദേശീയ വനിതാ ദിനം പ്രഖ്യാപിച്ചു. അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പ്രവർത്തകയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിച്ചിരുന്ന ക്ലാര സെറ്റ്കിനാണ് അന്താരാഷ്ട്രാ വനിതാ ദിനം എന്ന  ആശയം മുന്നോട്ട് വയ്ക്കുന്നത്. 1910-ൽ കോപ്പൻഹേഗനിൽ നടന്ന ഇന്‍റർനാഷണൽ കോൺഫറൻസ് ഓഫ് വർക്കിംഗ് വുമണിൽ ക്ലാര തന്‍റെ ആശയം ഉന്നയിച്ചു. 17 രാജ്യങ്ങളിൽ നിന്നുള്ള 100 സ്ത്രീകൾ പങ്കെടുത്ത പ്രൌഢമായ ആ ചടങ്ങില്‍ വച്ച് ക്ലാരയുടെ നിർദ്ദേശം ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടു. ലോകമെങ്ങും ഈ ഓര്‍മ്മകള്‍ വീണ്ടെടുക്കപ്പെട്ടു. 1911 ൽ ഓസ്ട്രിയ, ഡെൻമാർക്ക്, ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ആദ്യമായി വനിതാ ദിനം ആഘോഷിച്ചു. 2011 -ല്‍ അന്താരാഷ്ട്രാ വനിതാ ദിനത്തിന്‍റെ  ശതാബ്ദി ആഘോഷിക്കപ്പെട്ടു. സാങ്കേതികമായി  മാത്രം ഇന്നത്തേത് 111 -ാമത് അന്താരാഷ്ട്ര വനിതാ ദിനമാണ്. 

1975 - ൽ ഐക്യരാഷ്ട്രസഭ ഈ ദിനം ആചരിക്കാൻ തുടങ്ങിയതോടെയാണ് അന്താരാഷ്ട്രാ തലത്തില്‍  ഔദ്ധ്യോഗീക അംഗീകാരം ലഭിച്ചത്. യുഎൻ (1996 ൽ) അംഗീകരിച്ച ആദ്യത്തെ വനിതാ ദിന ആശയം "ഭൂതകാലത്തെ ആഘോഷിക്കുക, ഭാവി ആസൂത്രണം ചെയ്യുക" എന്നതായിരുന്നു. ഇന്നത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിലും ആവശ്യപ്പെടുന്നത് സമത്വമൊന്നാരാശത്തെ സ്വീകരിക്കാനാണ്.  സ്ത്രീകൾ സമൂഹത്തിലും രാഷ്ട്രീയത്തിലും സാമ്പത്തിക ശാസ്ത്രത്തിലും എത്രത്തോളം മുന്നേറിയെന്ന തെളിവെടുപ്പിനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിന്ന്. ഭരിക്കേണ്ടവര്‍ തങ്ങളും സ്ത്രീകളും കുട്ടികളും ഭരിക്കപ്പെടേണ്ടവര്‍ ആണെന്നുമുള്ള ബോധത്തില്‍ നിന്ന് പുരുഷന്‍ പിന്മാറാത്ത കാലത്തോളം സ്ത്രീകള്‍ ഈ ഓര്‍മ്മകളെ കൂടെ കൊണ്ട് നടക്കേണ്ടതുണ്ട്. രാഷ്ട്രീയമായി അസമത്വമെന്നാരാശയം അസ്തമിക്കാത്തിടത്തോളം കാലം ഈ ഓര്‍മ്മകള്‍ നിരന്തരം പുതുക്കപ്പെടേണ്ടുണ്ട്. 

ആ പുതുക്കലിന്‍റെ തുടര്‍ച്ചയിലാണ് ഇറാനിലെ സ്ത്രീകള്‍ക്ക് ഇന്ന് ഒറ്റക്കണ്ണുമായി ജീവിക്കേണ്ടി വരുന്നത്. മഹ്സ അമിനി എന്ന 22 കാരി കുര്‍ദ്ദിഷ് സ്ത്രീയുടെ ശിരോവസ്ത്രം നീങ്ങി കിടന്നതിന് മതപോലീസ് അവളുടെ ജീവനെത്തു. സ്ത്രീയ്ക്കെതിരെയുള്ള മതാധികാര ചിഹ്നത്തെ ചോദ്യം ചെയ്ത് തെരുവിലിറങ്ങിയതായിരുന്നു അവരെല്ലാം. ആയത്തുള്ള ഖുമൈനിയുടെ മത പോലീസും പട്ടാളവും വര്‍ഷിച്ച റബര്‍ ബുള്ളറ്റുകളില്‍ സ്ത്രീകള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പൊരുതിയ പുരുഷന്മാര്‍ക്കും കഴ്ച നഷ്ടമായി. അപ്പോഴും പോരാട്ടം തുടരുകയാണ്. 

ലോകമെമ്പാടുമുള്ള കൊലപാതകങ്ങളുടെ കണക്കുകളെടുത്താല്‍ ഏറ്റവും കൂടുതല്‍ കൊലപ്പെടുന്നത് പുരുഷന്മാരാണ്, 81 %. സ്ത്രീകള്‍ വെറും 19 %. എന്നാല്‍ ഈ കണക്കുകളിലെ ഏറ്റവും ക്രൂരമായ വസ്തുത അടുത്ത ബന്ധുക്കളാല്‍ കൊല്ലപ്പെടുന്നതില് സ്ത്രീകള്‍ 64 % മാണെങ്കില്‍ പുരുഷന്മാര്‍ 36 ശതമാനം മാത്രമാണ്. മറ്റൊരു കണക്ക് കൂടിയെടുത്താല്‍ ഏറ്റവും അടുത്ത ബന്ധു (ഭര്‍ത്താവ്/ഭാര്യ, കാമുകന്/കാമുകി) വാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം 82 ശതമാനമാണ്. അതേ സമയം ഈ കണക്കില് പുരുഷന്മാര്‍ വെറും 18 ശതമാനമാണെന്നും കാണാം. (UNODC - GLOBAL STUDY ON HOMICIDE, Gender-related killing of women and girls 2019) ഈ കണക്കുകളില്‍ ഏഷ്യ മറ്റേതൊരു വന്‍കരയേക്കാളും ഒരു പടിമുന്നിലാണെന്നും കാണാം. 

ലോകത്ത് പ്രത്യേകിച്ചും ഏഷ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ ഏറ്റവും കടുതല്‍ അതിക്രമങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് വീടുകള്‍ക്കുള്ളിലാണെന്ന് കണക്കുകള്‍ പറയുന്നു. രാഷ്ട്രം സമൂഹത്തിലേക്കും സമൂഹം കുടുംബത്തിലേക്കും ചുരുങ്ങുമ്പോള്‍ സ്ത്രീകള്‍ സ്വന്തം വീടുകളില്‍ പീഢനങ്ങള്‍ ഏറ്റുവാങ്ങുന്നു. സമൂഹജീവിയായ മനുഷ്യന്‍ സ്വതന്ത്ര്യവും സമത്വം സ്വന്തം വീടുകളില്‍ നിന്ന് ആരംഭിക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ സമൂഹത്തില്‍ ആ അശയത്തിന് അസ്ഥിത്വം നേടാന്‍ കഴിയൂ. രാഷ്ട്രീയമായ സമത്വം എന്ന ആശയത്തിലേക്കുള്ള ദൂരം നമ്മുക്ക് കുറയ്ക്കാന്‍ കഴിയുകയൊള്ളൂ. ലിംഗവര്‍ണ്ണ ഭേദങ്ങളില്ലാതെ സമത്വമൊന്നാരാശത്തിനായി...
 

click me!