വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെത്തി. ഇപ്പോള്‍ ഫാഷൻ- മോഡലിംഗ് രംഗത്ത് കേരളത്തിന് വേണ്ടി ശ്രദ്ധേയമായ നേട്ടം കൈവരിച്ച സന്തോഷത്തിലാണ് ഫരിയ ഹുസൈൻ
കേരളത്തില്‍ ദീര്‍ഘകാലം ജീവിച്ചതോടെ മലയാളികളെ പോലെ തന്നെ ഭാഷയും സംസ്കാരവും മറ്റ് ജീവിതരീതികളുമെല്ലാം മാറിയ ഇതര സംസ്ഥാനക്കാരും ഇതര രാജ്യക്കാരുമെല്ലാം ഏറെയുണ്ട്. മിക്കവാറും ജോലിയാവശ്യങ്ങള്‍ക്കായി നാടുവിട്ട് കേരളത്തിലെത്തി, പിന്നീട് കുടുംബവുമായി ഇവിടെ തന്നെ താമസമാക്കിയവര്‍ ആയിരിക്കും ഇവരെല്ലാം.
ഇത്തരത്തില്‍ പന്ത്രണ്ട് വര്‍ഷം മുമ്പ് മാതാപിതാക്കള്‍ക്കൊപ്പം കേരളത്തിലെത്തിയതാണ് അസം സ്വദേശിയായ ഫരിയ ഹുസൈൻ. ചെറുപ്പം തൊട്ട് തന്നെ മോഡലിംഗ്, അഭിനയം എന്നിവയിലെല്ലാം താല്‍പര്യം കാണിച്ച ഫരിയയ്ക്ക് എല്ലാത്തിനും പിന്തുണയായി അമ്മയായിരുന്നു ആദ്യം കൂടെ നിന്നത്. അങ്ങനെ ഭാവിയില്‍ ഏത് രംഗത്തേക്ക് പോകണമെന്ന ലക്ഷ്യബോധം ചെറുപ്പത്തിലേ ഫരിയയ്ക്ക് കിട്ടി.
കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി മോഡലിംഗ് രംഗത്ത് സജീവമാണ് ഫരിയ. എല്ലാം കേരളത്തില്‍ നിന്നുകൊണ്ട് തന്നെ. കേരളം ഫരിയയ്ക്ക് രണ്ടാം വീടാണെന്ന് പറയാം. ഇപ്പോള്‍ കേരളത്തിന് വേണ്ടിത്തന്നെ ശ്രദ്ധേയമായൊരു നേട്ടം കരസ്ഥമാക്കിയ സന്തോഷത്തിലാണ് ഫരിയയും കുടുംബവും. ഈ നേട്ടത്തിലൂടെ ഫരിയ സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയയായിട്ടുണ്ട്.
സെപ്തംബര്‍ 23ന് ജയ്പൂരില്‍ നടന്ന ഫോറെവര്‍ സ്റ്റാര്‍ ഇന്ത്യയുടെ ഫോറെവര്‍ മിസ് ടീൻ ഇന്ത്യ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച് ഫരിയ സുന്ദരിപ്പട്ടം കരസ്ഥമാക്കിയാണ് തിരിച്ച് കേരളത്തിലേക്കെത്തിയത്. ഇത്തരത്തിലൊരു ശ്രദ്ധേയമായ നേട്ടം ഏറെ കാലമായി ഫരിയയും കുടുംബവും ആഗ്രഹിക്കുന്നതാണ്. ഇതിനോടകം പല പരസ്യ ചിത്രങ്ങളിലും 'പതിമൂന്ന്' എന്ന് മലയാള ചിത്രത്തിലും ഫരിയ വേഷമിട്ടിട്ടുണ്ട്. ഫാഷൻ ഷോകളും ഏറെ ചെയ്തു. എങ്കിലും കരിയറില്‍ ഇങ്ങനെയൊരു വഴിത്തിരിവുണ്ടായത് ഇപ്പോഴാണെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. അതും കേരളത്തിന് വേണ്ടിയാകുമ്പോള്‍ ഇവര്‍ക്ക് ഇരട്ടി സന്തോഷമാണ്.
ഒരു പരിശീലനം പോലുമില്ലാതെ സ്വന്തമായി തയ്യാറെടുത്ത് വേദിയിലെത്തിയ തനിക്ക് ഇങ്ങനെ മുന്നേറാൻ സാധിച്ചതില്‍ ഏറെ ആഹ്ളാദമുണ്ടെന്നാണ് ഫരിയ പറയുന്നത്. മത്സരത്തിന് വേണ്ടി താൻ കാര്യമായ രീതിയില്‍ തന്നെ തയ്യാറെടുത്തിരുന്നുവെന്ന് ഫരിയ പറയുന്നു. സ്കിൻ, ഹെല്‍ത്ത് എല്ലാം ഏറെ ശ്രദ്ധിച്ചു.
'ശരിക്ക് എങ്ങനെ റാംപ് വാക്ക് ചെയ്യണം എന്ന് പോലും എനിക്കറിയില്ലായിരുന്നു. ഫാഷൻ ഷോകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതെല്ലാം പരിശീലകരെ വച്ച് പഠിച്ചെടുക്കുന്നവരാണ് ഈ രംഗത്ത് ഏറെയും, എന്നാല്‍ അവരില്‍ നിന്ന് വ്യത്യസ്തയായി റാംപ് വാക്കും മേക്കപ്പുമെല്ലാം സ്വയം ആണ് പഠിച്ചത്....'- ഫരിയ പറയുന്നു.
ഇനിയും സ്വപ്നങ്ങളേറെയാണ്. എല്ലാം നടക്കുമെന്ന പ്രതീക്ഷയിലാണ് ഫരിയയും അമ്മയും അച്ഛൻ ഫര്‍ഹാനും.
ഫരിയയെ കുറിച്ചുള്ള വീഡിയോ കണ്ടുനോക്കൂ...
Also Read:- ഒരാഴ്ച കൊണ്ട് ചിലവിട്ടത് 17 കോടി; 'സമ്പന്നന്‍റെ ഭാര്യയായാല്‍ ഇങ്ങനെയൊക്കെയാണ്'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-