അമ്മയുടെ സമ്മതമില്ലാതെ മുലയൂട്ടുന്നതിന്റെ ചിത്രങ്ങളെടുത്താൽ 2 വർഷം തടവാണ് ശിക്ഷ. കോർട്ട് ബില്ലിന്റെ ഭാഗമായാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതെന്ന് നിയമന്ത്രാലയം വ്യക്തമാക്കി.
സ്ത്രീയുടെ സമ്മതമില്ലാതെ മുലയൂട്ടുന്നതിന്റെ ചിത്രമെടുക്കുന്നത് നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഇംഗ്ലണ്ടും (England) വെയിൽസും (Wales). അമ്മയുടെ സമ്മതമില്ലാതെ മുലയൂട്ടുന്നതിന്റെ ചിത്രങ്ങളെടുത്താൽ (Photographing breastfeeding women) 2 വർഷം തടവാണ് ശിക്ഷ. കോർട്ട് ബില്ലിന്റെ (Courts Bill) ഭാഗമായാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതെന്ന് നിയമന്ത്രാലയം (Ministry of Justice) വ്യക്തമാക്കി.
സ്ത്രീകളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നിയമം. ‘ഇത്തരം ചിത്രങ്ങളിലൂടെ സ്ത്രീകളെ ശല്യപ്പടുത്തുന്ന പ്രവണത കണ്ടുവരുന്നുണ്ട്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ അനുവദിക്കില്ല. ഒരു അമ്മയും ഇത്തരം പീഡനങ്ങൾക്ക് ഇനി ഇരയാകരുത്. ഈ നിയമ ഭേദഗതിയിലൂടെ സ്ത്രീകള്‍ക്ക് നിയമവ്യവസ്ഥയില്‍ കൂടുതൽ വിശ്വാസ്യത വരും '- നിയമ സെക്രട്ടറി ഡൊമനിക് റാബ് പറഞ്ഞു.
അതേസമയം, മാഞ്ചസ്റ്ററിലെ ഡിസൈനറായ ജൂലിയ കൂപ്പർ പരസ്യമായി മുലയൂട്ടുന്നതിനെ തുടർന്ന് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഏപ്രിലിൽ ഒരു ക്യാംപയ്ൻ ആരംഭിച്ചിരുന്നു. കുഞ്ഞിന് പരസ്യമായി മുലയൂട്ടിയതിനെ തുടർന്ന് തനിക്കും ദുരനുഭവം ഉണ്ടായെന്നും ജൂലിയ പറഞ്ഞിരുന്നു. പൊതുയിടത്തിലെ ഒരു ബഞ്ചിലിരുന്ന് തന്‍റെ മകളെ മുലയൂട്ടുന്നതിനിടെ ഒരാള്‍ വീഡിയോ എടുത്തുവെന്നും ഇത് ചോദ്യം ചെയ്തപ്പോൾ അയാല്‍ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ഞങ്ങളുടെ ചിത്രങ്ങൾ പകർത്താന്‍ തുടങ്ങിയെന്നും ജൂലിയ വെളിപ്പെടുത്തിയിരുന്നു. #BreastPestsStopped എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സ്ത്രീകൾ നേരിടുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ ജൂലിയ സോഷ്യൽ മീഡിയ ക്യാംപയ്ന്‍ ആണ് ആരംഭിച്ചത്.
Also Read: 'മുലയൂട്ടുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി'; ചിത്രം പങ്കുവച്ച് നേഹ ധൂപിയ