പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിനുള്ളില്‍ സര്‍ജിക്കല്‍ ഉപകരണം കുടുങ്ങി...

By Web Team  |  First Published Sep 5, 2023, 3:03 PM IST

പതിനെട്ട് മാസത്തിനിപ്പുറം അതിശക്തമായ വേദനയെ തുടര്‍ന്ന് യുവതി അവശനിലയിലായതോടെ വീട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു


ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും നാം കാണാറുണ്ട്. ഇവയില്‍ ചിലതെല്ലാം പക്ഷേ, നമ്മെ വല്ലാതെ ആശങ്കപ്പെടുത്തുന്നതോ വിഷമിപ്പിക്കുന്നതോ ആകാറുണ്ട്. ഇത്തരത്തില്‍ കേള്‍ക്കുമ്പോഴേ ആശങ്ക തോന്നുന്നൊരു സംഭവമാണിപ്പോള്‍ വാര്‍ത്തകളില്‍ ഏറെ ശ്രദ്ധേയമാകുന്നത്. 

ഒരു യുവതിയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിനുള്ളില്‍ സര്‍ജിക്കല്‍ ഉപകരണം കുടുങ്ങിയെന്നതാണ് വാര്‍ത്ത. ഇതില്‍ ഏറ്റവും ഭയപ്പെടുത്തുന്ന സംഗതിയെന്തെന്നാല്‍ ഇക്കാര്യം അറിഞ്ഞത് തന്നെ പതിനെട്ട് മാസത്തിന് ശേഷം മാത്രാണെന്നതാണ്. 

Latest Videos

ന്യൂസീലാൻഡിലാണ് സംഭവം. പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി തിരികെ വീട്ടിലെത്തിയത് മുതല്‍ തന്നെ വേദനയും അസ്വസ്ഥതകളുമുണ്ടായിരുന്നുവത്രേ. എന്നാല്‍ അത് ശസ്ത്രക്രിയയുടെ ബാക്കിയായിരിക്കുമെന്ന നിഗമനത്തില്‍ തുടര്‍ന്നു. 

പിന്നീടും മാസങ്ങളോളം വയറിനകത്ത് വേദനയുമായി ഇവര്‍ ജീവിച്ചുവെന്നതാണ് ഏറെ അത്ഭുതകരം. പലപ്പോഴും അസഹനീയമായ വേദനയുണ്ടായിട്ടും ഇവര്‍ ആശുപത്രിയില്‍ പോയില്ല എന്നതാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാകുന്നത്. 

പതിനെട്ട് മാസത്തിനിപ്പുറം അതിശക്തമായ വേദനയെ തുടര്‍ന്ന് യുവതി അവശനിലയിലായതോടെ വീട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സ്കാനിംഗിലാണ് വയറ്റിനുള്ളില്‍ കൊടില്‍ പോലുള്ള സര്‍ജിക്കല്‍ ഉപകരണം കുടുങ്ങിയതാണെന്ന സത്യം പുറത്താകുന്നത്. 

ഇതിന് ശേഷം അടിയന്തരമായി ശസ്ത്രക്രിയ നടത്തി ആ ഉപകരണം യുവതിയുടെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. പ്രസവ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും, സര്‍ജറിക്കുണ്ടായ സംഘത്തിലുള്ളവരുടെയും പിഴവ് തന്നെയാണ് ഇങ്ങനെയൊരു അപകടമുണ്ടാകാൻ കാരണമായത്. ഭാഗ്യവശാല്‍ യുവതിയുടെ ജീവന് ഭീഷണിയുണ്ടായില്ല.

എങ്കിലും ആശുപത്രിക്കെതിരെ പ്രതിഷേധം കനക്കുകയാണ്. ഇനിയും ഇങ്ങനെയൊരു പിഴവ് ആരോഗ്യമേഖലയില്‍ സംഭവിക്കാതിരിക്കാൻ മാതൃകാപരമാ നടപടി കുറ്റക്കാര്‍ക്കെതിരെ വേണമെന്നതാണ് ഉയരുന്ന ആവശ്യം. മാത്രമല്ല, ഇതേ ആശുപത്രിയില്‍ തന്നെ രണ്ട് വര്‍ഷം മുമ്പ് സമാനമായ മറ്റൊരു സംഭവം കൂടിയുണ്ടായിട്ടുണ്ട് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

കേരളത്തിലും അടുത്തിടെ ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കോഴിക്കോട് സ്വദേശിനിയായ ഹര്‍ഷിന എന്ന യുവതിക്കാണ് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായത്. പ്രസവശസ്ത്രക്രിയയ്ക്കിടെ ഇവരുടെ വയറ്റിനകത്ത് കത്രിക കുടുങ്ങുകയായിരുന്നു. ഇപ്പോള്‍ ഈ കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരത്തിലാണ് ഹര്‍ഷിന.

Also Read:- 'ഈ ഭക്ഷണം ഇനി കഴിക്കില്ല'; കാല് കൊണ്ട് ഉരുളക്കിഴങ്ങ് ഉടയ്ക്കുന്നതിന്‍റെ വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!